Wednesday, April 30, 2025
HomeKeralaതൂപ്പുകാരിയിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; പത്തനാപുരത്തിന് പത്തരമാറ്റേകി ആനന്ദവല്ലി
spot_img

തൂപ്പുകാരിയിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; പത്തനാപുരത്തിന് പത്തരമാറ്റേകി ആനന്ദവല്ലി

പത്തനാപുരത്ത് ബ്ലോക്ക് പഞ്ചായത്ത് യോഗം നടക്കുമ്പോൾ അംഗങ്ങൾക്ക് ചായയുമായി കൗൺസിൽ ഹാളിൽ കയറി വന്നിരുന്ന ആനന്ദവല്ലി ഒരിക്കൽ പോലും ഓർത്തുകാണില്ല, അതേ ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റായി ആനന്ദവല്ലിയുണ്ടാകും എന്ന്. ശുചീകരണ തൊഴിലാളിയിൽ നിന്നും ബ്ലോക്ക് പഞ്ചായത്തംഗമായി, പ്രസിഡന്റ് പദവിയിലെത്തിയ അവർക്കെതിരെ പല വാക്കുകളും ഉയർന്നിരുന്നു.

“അയ്യേ അതെങ്ങനെ ശരിയാകും, ശുചീകരണത്തൊഴിലാളി ഭരണത്തിന്റെ അമരത്തോ? പത്ത് വർഷത്തോളം ചായ കൊണ്ടുവരാൻ ഓർഡറിട്ടവർക്ക് ഡോറിൽ മുട്ടി അനുവാദം വാങ്ങി ചേമ്പറിനുള്ളിൽ കയറേണ്ടി വരുന്ന പദവിയോ? ഹേയ് അത് ശരിയാകില്ല. അവരെക്കൊണ്ട് ഒരു പുല്ലും നടക്കില്ല ” എന്നിങ്ങനെ ഉയർന്ന വാദങ്ങൾ ഒന്നും അവർ ചെവികൊണ്ടില്ല. അങ്ങനെ കയറി ചെന്ന പദവിയിലിരുന്നുകൊണ്ട് വലിയ നേട്ടങ്ങൾ ആണ് അവർ കൈവരിച്ചത്.

അതിജീവനത്തിന്റെ മാതൃകയാണ് പത്തനാപുരത്തെ സിപിഎം പ്രവർത്തകയായ ആനന്ദവല്ലി. വർഷങ്ങളോളം ബ്ലോക്ക്‌ പഞ്ചായത്ത് ഓഫീസിലെ താൽക്കാലിക ശുചീകരണ തൊഴിലാളിയായിരുന്നു ഇവർ. തൂപ്പും തുടപ്പും മാത്രമല്ല, ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും ചായ ഉണ്ടാക്കുന്നത് ഉൾപ്പെടെ ജോലികൾ പലതായിരുന്നു. അതിനിടെയാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് തലവൂർ ഡിവിഷനിൽ നിന്ന് മത്സരിക്കാൻ സിപിഎം ആനന്ദവല്ലിയോട് ആവശ്യപ്പെടുന്നത്. പാർട്ടിയുടെ തീരുമാനപ്രകാരം പട്ടികജാതി ജനറൽ സീറ്റിൽ ജനവിധി തേടാൻ അവർ തയ്യാറായി. 654 വോട്ടിന്റെ ഭൂരിപക്ഷം നൽകി തലവൂർ അവരെ വിജയിപ്പിച്ചു. പിന്നാലെ പ്രസിഡന്റ് പദവിയും ലഭിച്ചു.

അപ്രതീക്ഷിതമായി ലഭിച്ച അംഗീകരത്തിന്റെ സന്തോഷത്തിൽ കടമകളൊന്നും അവർ മറന്നിരുന്നില്ല. പദ്ധതി വിഹിതം ചെലവഴിച്ചതിന് പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന് സംസ്ഥാനത്ത് ഒന്നാം സ്ഥാനമാണ്. സംസ്ഥാനത്തെ 151 ബ്ലോക്ക് പഞ്ചായത്തുകളെ പിന്നിലാക്കിയാണ് പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് അഭിമാനകരമായി ഒന്നാമതെത്തിയത്. ജനപ്രിയ പദ്ധതികൾ ഏതാണ്ട് പൂർണമായും നടപ്പിലാക്കിയും നൂതനപദ്ധതികൾക്ക് തുടക്കം കുറിച്ചുമാണ് ആ പഴയ ശുചീകരണ തൊഴിലാളിയുടെ വിപ്ലവകരമായ നേതൃത്വത്തെ ഇവിടെ അടയാളപ്പെടുത്തുന്നത്. തികഞ്ഞ ആർജ്ജവത്തോടെ പത്തനാപുരം ബ്ലോക്പഞ്ചായത്ത് സംസ്ഥാനത്തിനാകെ അഭിമാനമായി മാറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments