കന്നി മാസത്തിലെ കറുത്ത പക്ഷത്തിന് ശേഷമുള്ള വെളുത്ത പക്ഷത്തിൽ പ്രഥമ മുതൽ നവമി വരെയുള്ള ദിവസങ്ങളിലാണ് നവരാത്രി ആഘോഷം നടക്കുന്നത്. തിന്മയിൽ നിന്നുള്ള വിജയത്തിന്റെ,വിദ്യയുടെ, കലകളുടെ,വിദ്യാരംഭത്തിന്റെ ആഘോഷങ്ങൾ ആയാണ് ഓരോ നവരാത്രിയും കൊണ്ടാടപ്പെടാറ്.
മഹിഷാസുരനെ നിഗ്രഹിക്കാൻ ദേവി, പാർവതി, സരസ്വതി, ലക്ഷ്മി, എന്നീ ദേവതകൾ ചേർന്ന് ദുർഗ്ഗാദേവിയുടെ രൂപത്തിൽ ഒൻപത് ദിവസം വൃതം അനുഷ്ഠിച്ച് ആയുധപൂജ കൊണ്ടു ശക്തിയാർജ്ജിച്ചു മഹിഷാസുരനിഗ്രഹം നടത്തി എന്നതാണ് നവരാത്രിയുടെ ഐതീഹ്യം.രാമൻ രാവണനെ നിഗ്രഹിച്ചത് നവരാത്രി ഒടുവിൽ വിജയദശമി നാളിൽ ആണെന്നും ഐതീഹ്യമുണ്ട്.
ഇന്ത്യയിൽ പല സ്ഥലങ്ങളിലും പല പേരുകളിൽ ആയാണ് നവരാത്രി ഉത്സവം അറിയപ്പെടുന്നത്.ഗുജറാത്തിൽ ദന്ധിയ അവതരിപ്പിച്ചു ആഘോഷിക്കുമ്പോൾ ബംഗാളിൽ സ്പതതി മുതൽ നവമി വരെ പൂജാവിധികളോടെ ആഘോഷിക്കുന്നു. കർണാടകയിൽ ദസറയാണെങ്കിൽ കൊൽക്കത്തയിൽ ദുർഗ്ഗാപൂജയാണ്.പഞ്ചാബിൽ ഏഴ് ദിവസം വ്രതം ആചരിച്ചു എട്ടാം ദിവസം ഒൻപതു പെൺകുട്ടികൾക്ക് ഭക്ഷണവും പുതു വസ്ത്രങ്ങളും നൽകി അവരുടെ അനുഗ്രഹം തേടി കന്യാ പൂജയോടെ ആഘോഷിക്കുന്നു.മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിൽ മൂന്ന് ദിവസത്തെ ആഘോഷമാണുള്ളത്.
എങ്കിലും തമിഴ് ബ്രാഹ്മണ സമൂഹങ്ങൾക്ക് ഇടയിലുള്ള നവരാത്രി ആഘോഷങ്ങളാണ് ഏറെ പ്രത്യേകതകൾ ഉള്ളത്. പ്രത്യേകിച്ചും പാലക്കാടൻ അഗ്രഹാരങ്ങളിൽ,
നവരാത്രി കാലങ്ങളിലെ പ്രഭാതങ്ങൾക്കും സന്ധ്യകൾക്കും ചന്ദനത്തിന്റെയും മുല്ലപ്പൂവിന്റെയും കുങ്കുമത്തിന്റെയും എല്ലാം ഇടകലർന്ന ഗന്ധമാണ് അനുഭവപെടുക.
9 ദിവസം നീണ്ടുനിൽക്കുന്ന പൂജയ്ക്ക് ദേവിയുടെ 9 ഭാവങ്ങളെയാണ് ദേവി രൂപത്തിൽ പൂജിക്കപ്പെടുന്നത്. നവരാത്രികാലങ്ങളിൽ വീടുകളിൽ ബൊമ്മക്കൊലു ഒരുക്കുന്നതും പ്രത്യേകതയാണ്.
3,5,7,9എന്നിങ്ങനെയുള്ള ക്രമത്തിലാണ് കൊലു പടികൾ ഒരുക്കുക. ഏറ്റവും താഴത്തെ പടിയിൽ കലശവും രക്തചന്ദനം കൊണ്ടു നിർമിച്ച പാവകളും ശിവരൂപവും, രണ്ടാമത്തെ പടിയിൽ വിഷ്ണു അവതാരവും മൂന്നിൽ കൃഷ്ണപ്രതീകങ്ങൾ നാലിൽ ദേവി ഭാവങ്ങൾ, അഞ്ചിൽ വീടും തോട്ടവും ആറിൽ പക്ഷിക്കളും പശുക്കളും ഏഴിൽ കരകൗശലവസ്തുക്കൾ എട്ടിൽ തഞ്ചാവൂർ ചെട്ടിയാരും മറ്റും പ്രധാനസ്ഥാനം വഹിക്കുന്നു. കൂടെ പല വ്യഞ്ജനങ്ങളും നിരത്തുന്നു. ഒൻപതിൽ ശിവശക്തിമാരും ദേവി വിഗ്രഹങ്ങളും വയ്ക്കുന്നു. ഇങ്ങനെ ചിട്ടയായി ഒരുക്കുന്ന കൊലു കാണാൻ അയൽക്കാരെയും ബന്ധുമിത്രാദികളെയും എല്ലാം ക്ഷണിക്കുകയും പ്രസാദം നൽകി സ്വീകരിക്കുകയും ശേഷം പ്രാർത്ഥനകളോടെ പിരിഞ്ഞു പോകുന്നവർക്കായി അതാത് ദിവസത്തെ പൂജാപ്രസാദവും ചെറിയെ ചെറിയ സമ്മാനങ്ങളും നൽകുന്നു. സുമംഗലികളായ സ്ത്രീകൾക്കായ്സിന്ദൂരം, വെറ്റില, പുതുവസ്ത്രം, പൂവ്, നാളികേരം, മധുരം എന്നിവ നൽകുന്നു. കന്യാപൂജയും നവരാത്രി കാലത്തെ പ്രധാന പൂജയാണ്. ഓരോ ദിവസത്തിനും വിശേഷപ്പെട്ട നിറങ്ങളും ഉണ്ട്.. പത്താം നാൾ ബൊമ്മകളെ കിടത്തി പാനക പൂജയ്ക്ക് ശേഷം, കൊലുത്തട്ട് മാറ്റുന്നതോടെ ആഘോഷം സമാപിക്കുന്നു..
നന്മയുടെ വിജയമാണ് നവരാത്രി ആഘോഷങ്ങൾ കൊണ്ടു അർത്ഥമാക്കുന്നത് പുതിയ അറിവുകൾ പകർന്നു കൊടുക്കാനും കലകൾ അഭ്യസിക്കാനും പുതിയ തുടക്കങ്ങൾ കുറിക്കാനും പറ്റിയ നല്ല കാലം കൂടിയാണിത് .ഐശ്വര്യപൂർണമായ നവരാത്രി ഉത്സവങ്ങൾ ഭക്തർക്ക് മാനസിക ധൈര്യവും സന്തോഷവും പകരുന്നു.
_ഹണി സുധീർ