രാകേന്ദു അജിത്
‘അപ്പൂപ്പൻതാടികൾ’ എന്ന പുസ്‌തകം എഴുതിയത് അഞ്ചാംക്ലാസുകാരി ഭദ്രക്കുട്ടിയാണ് .കുഞ്ഞു കവിതകളും ചിത്രങ്ങളും ചേർന്ന ഈ പുസ്‌തകം വായിച്ചു. വായിച്ചു എന്നു പറയുന്നതിനേക്കാളും ആസ്വദിച്ചു വായിച്ചു എന്നു പറയാനാണ് തോന്നുന്നത്. അപ്പൂപ്പൻതാടി പോലെ വളരെ ഭാരം കുറഞ്ഞതും എന്നാൽ നമ്മെ ആഴത്തിൽ ചിന്തിപ്പിക്കുന്നതുമായ കവിതകൾ!
പൂമ്പാറ്റയെ വരച്ച കുട്ടി പക്ഷേ അതിന് നിറം നൽകുന്നില്ല. കാരണം നിറം വച്ചാൽ അത് പറന്നെങ്ങാനും പോയാലോ എന്ന ഭയം! പറന്നകന്നു പോകുന്ന പൂമ്പാറ്റകൾ നമ്മുടെ കണ്ണിന് ആനന്ദം പകരുമെങ്കിലും ഉള്ളിൽ ഒരു ചെറു നോവും പടർത്തുമല്ലോ. ആ വികാരമാണ് കുട്ടി ഇവിടെ വർണ്ണിക്കുന്നത്.
അതു പോലെ തന്നെ ആനയെക്കുറിച്ച് വിവരിക്കുന്ന കുട്ടിയുടെ കണ്ണുകൾ, അവന്റെ കാലുകളിൽ ഉരയുന്ന ചങ്ങലപ്പൂട്ടുകളിൽ ചെന്നു നിൽക്കുന്നു. ഭൂമിയിലെ ഓരോരോ കൊച്ചു കാര്യങ്ങളിലും നന്മയെ കാണുന്ന ഭദ്രയുടെ കണ്ണുകൾ അതിനു പുറകിലെ തിന്മയെയും കാണുന്നുണ്ട്. പലപ്പോഴും വലിയവർ ശ്രദ്ധിക്കാത്ത അല്ലെങ്കിൽ ശ്രദ്ധിച്ചില്ലെന്നു നടിക്കുന്ന പലകാര്യങ്ങളും ആ കുഞ്ഞുമനസ്സ് എത്ര സൂക്ഷ്മമായാണ് തുറന്നു കാട്ടുന്നത്!
നമ്മുടെയെല്ലാം ജീവനാഡിയാണ് ‘അമ്മ’. ആ അമ്മയില്ലാത്ത ഒരു ലോകം ചിന്തിക്കാനാവുമോ? എന്നാൽ അങ്ങനെയൊരു ലോകത്തെ കുഞ്ഞിക്കണ്ണുകളിലൂടെ തുറന്നു കാട്ടുന്നു ഈ കുഞ്ഞ്. മനസ്സിലൊരു നീറ്റലാണ് ‘അമ്മയും ഞാനും ‘ എന്ന കവിത വായനക്കാർക്ക് സമ്മാനിക്കുക.
കുഞ്ഞുണ്ണിമാഷിനെക്കുറിച്ച് ഇങ്ങനെ പറയുന്നു –
“കുഞ്ഞു കുഞ്ഞു കവിതകൾ
കുഞ്ഞു കുഞ്ഞു ചൊല്ലുകൾ
വലിയ വലിയ ആശയം
വലിയ വലിയ അറിവുകൾ
കുഞ്ഞുണ്ണിയെന്നൊരു മാഷാണേ,
കുഞ്ഞുങ്ങളുടെ പ്രിയനാണേ.”
ഭദ്രക്കുട്ടിയുടെ കവിതകൾ വായിക്കുന്നവർക്കും ഇതേ തോന്നൽ തന്നെയാണ് ഉണ്ടാവുക. കുഞ്ഞു കുഞ്ഞു ചൊല്ലുകളിൽ വലിയ വലിയ ആശയങ്ങളും അറിവുകളും അവൾ നിറച്ചു വച്ചിരിക്കുന്നു. ഇപ്പോഴത്തെ പല വലിയ കവികളും ഉപയോഗിക്കാൻ മറന്നു പോകുന്ന കവിതയിലെ പ്രാസം ഈ കുട്ടിക്കവിയുടെ കവിതകളിൽ നിറഞ്ഞു തുളുമ്പുന്നുണ്ട്. വളർന്നു വലുതാകുമ്പോൾ കുഞ്ഞുണ്ണിമാഷെക്കാളും സുഗതകുമാരി ടീച്ചറേക്കാളും പേരും പ്രശസ്തിയും ലഭിക്കും ഈ അഞ്ചാം ക്ലാസ്സുകാരിക്ക് എന്നതിൽ സംശയമേ വേണ്ട. അതിനു വേണ്ടി എല്ലാ ഭാവുകങ്ങളും നേരുന്നു.
49 പേജുകൾ വരുന്ന ‘അപ്പൂപ്പൻ താടികൾ ‘ എന്ന ഈ കുഞ്ഞു പുസ്തകത്തിലെ രേഖാചിത്രങ്ങൾ മുഴുവനും വരച്ചിരിക്കുന്നത് എസ്.ഭദ്ര എന്ന ഈ കൊച്ചു മിടുക്കിതന്നെയാണ്. ബുക്കർ മീഡിയ പബ്ലിക്കേഷൻസ് ആണ് പുസ്തകം വെളിച്ചത്തു കൊണ്ടുവന്നിരിക്കുന്നത്.
ഈ കവിതാ സമാഹാരം കാവ്യലോകത്ത് ഒരു അപ്പൂപ്പൻ താടിപോലെ പറന്നു നടന്ന് പേരും പ്രശസ്തിയും നേടട്ടെ എന്ന് ആശംസിക്കുന്നു.
ഭദ്ര 5-ാം ക്ലാസിലാണ്