തൃശൂർ: കമീഷൻ ഏജന്റുമാരോ ഇടനിലക്കാരോ ഇല്ലാതെ ഈ സ്‌റ്റോറിൽ കർഷകരുടെ മൂല്യവർധന ഉൽപ്പന്നങ്ങൾ എത്തിക്കാം. കർഷക വിയർപ്പിന് മികച്ച വിലയും വിപണിയും സർക്കാർ ഉറപ്പാക്കുന്നു. ഗുണഭോക്താക്കൾക്ക് വിശ്വാസ്യതയോടെ ന്യായവിലയ്ക്ക് ഗുണമേന്മയുള്ള കേരളഗ്രോ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ സ്വന്തമാക്കാം. കേരളഗ്രോ സ്‌റ്റോറിന് ജില്ലയിലും തുടക്കം.
അതിരപ്പിള്ളി ട്രൈബൽ വാലി കർഷക ഉൽപ്പാദക കമ്പനിയുടെ നേതൃത്വത്തിൽ ചാലക്കുടിയിലാണ് ജില്ലയിലെ സ്‌റ്റോർ തുറന്നത്. നൂറുശതമാനം പ്രകൃതിദത്തവും ജൈവ, റെയിൻ ഫോറസ്‌റ്റ് സർട്ടിഫിക്കേഷനുള്ള അതിരപ്പിള്ളി ട്രൈബൽ വാലി ഉൽപ്പന്നങ്ങളും സ്‌റ്റോറിൽ ലഭിക്കും. കർഷകർ, കർഷക ഗ്രൂപ്പുകൾ, കൃഷിക്കൂട്ടങ്ങൾ, ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓർഗനൈസേഷനുകൾ, ഫാമുകൾ എന്നിവയുടെ അറുന്നൂറിൽപ്പരം ഉൽപ്പന്നങ്ങൾക്ക് ഇതിനകം കേരളഗ്രോ ബ്രാൻഡ് പദവി സംസ്ഥാന സർക്കാർ അനുവദിച്ചു.
ജൈവ ഉൽപ്പന്നങ്ങൾ കൃഷിവകുപ്പ് പരിശോധിച്ച് ആധികാരികതയോടെയുള്ള ഈ ഉൽപ്പന്നങ്ങൾ സ്‌റ്റോറുകൾ വഴി ലഭ്യമാക്കും. സർക്കാരിന്റെ കീഴിലുള്ള ഹോർട്ടികൾച്ചർ,കാംകോ തുടങ്ങിയ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളും ലഭിക്കും. രാവിലെ ഒമ്പതുമുതൽ ആറുവരെയാണ് സമയം. ഉപഭോക്താക്കളുടെ ഗ്രൂപ്പുകൾ രൂപീകരിച്ച് ഹോം ഡെലിവറിയും ഓൺലൈനായി വിപണനവും ലക്ഷ്യമിടുന്നതായി അതിരപ്പിള്ളി ട്രൈബൽ വാലി കാർഷിക പദ്ധതി നോഡൽ ഓഫീസർ എസ് എസ് സാലുമോൻ പറഞ്ഞു. ലാഭവിഹിതം കർഷക കമ്പനി വഴി കർഷകരുടെ കൈകളിലെത്തും.
മുഖ്യമന്ത്രിയുടെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി കൃഷി വകുപ്പ് സംസ്ഥാനത്താകെ ഒരേ മാതൃകയിൽ 15 കേരളഗ്രോ സ്‌റ്റോറുകളാണ് തുറക്കുന്നത്. സ്റ്റോർ തുടങ്ങാൻ 10 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. ചെറുധാന്യങ്ങളും മൂല്യവർധിത ഉൽപ്പന്നങ്ങളുമായി എല്ലാ ജില്ലകളിലും മില്ലറ്റ് കഫേകളും കൃഷി വകുപ്പ് ആരംഭിച്ചു. മില്ലെറ്റ് കഫേകൾക്ക് അഞ്ച് ലക്ഷം രൂപ സർക്കാർ സഹായം അനുവദിച്ചു. തൃശൂർ ശക്തൻ സ്‌റ്റാൻഡിനടുത്ത് മില്ലേനിയം മില്ലറ്റ് കഫേ തുറന്നിട്ടുണ്ട്.