നടി മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നതിനിടെ, താരത്തിന്റെ കഴുത്തിൽ കണ്ട ചെറിയൊരു ‘പാച്ച്’ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. 47-ാം വയസ്സിലും തിളങ്ങുന്ന ചർമ്മവും ചുറുചുറുക്കും നിലനിർത്തുന്ന മഞ്ജു പ്ലാസ്റ്റിക് സർജറിക്ക് വിധേയയായതിന്റെ അടയാളമാണിതെന്ന രീതിയിലായിരുന്നു സൈബർ ലോകത്തെ പ്രചാരണം. എന്നാൽ, ഈ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇത് യാത്രകൾക്കിടയിലുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾ തടയാനുള്ള ഔഷധമാണെന്നും വ്യക്തമായി.

നടി ഭാവനയുടെ പുതിയ ചിത്രമായ ‘അനോമി’ കാണാൻ മഞ്ജു വാര്യർ എത്തിയപ്പോഴുള്ള വീഡിയോകളാണ് സംശയങ്ങൾക്ക് കാരണമായത്. കഴുത്തിലെ ചുളിവുകൾ മാറ്റാനുള്ള കോസ്മെറ്റിക് സർജറിയുടെ ഭാഗമായി ഒട്ടിച്ച സ്റ്റിക്കറാണിതെന്ന് ചില നെറ്റിസൺസ് വാദിച്ചു. എന്നാൽ, വിദേശയാത്രകളും മറ്റും സ്ഥിരമായി നടത്തുന്നവർ ഉപയോഗിക്കുന്ന മോഷൻ സിക്ക്നസ് പാച്ച് ആണിതെന്ന് ആരോഗ്യരംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.
യാത്രയ്ക്കിടയിലുണ്ടാകുന്ന തലകറക്കം, ഛർദ്ദി, അസ്വസ്ഥത (യാത്രക്ഷീണം) എന്നിവ ഒഴിവാക്കാനാണ് സാധാരണയായി ഇത്തരം പാച്ചുകൾ ഉപയോഗിക്കുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന സ്കോപ്പോളമിൻ എന്ന മരുന്ന് ചർമ്മത്തിലൂടെ സാവധാനം ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. ആന്തരിക കർണ്ണത്തിലെ ബാലൻസിനെ നിയന്ത്രിക്കാൻ സഹായിക്കുന്നതിലൂടെ തലകറക്കം വരുന്നത് തടയുന്നു. വിമാനം, ബസ്, അല്ലെങ്കിൽ കപ്പൽ യാത്രകൾക്ക് മുൻപാണ് ഇത് സാധാരണയായി ചെവിയുടെ പിന്നിലോ കഴുത്തിലോ ഒട്ടിക്കുന്നത്.

തന്റെ ലുക്കിനെക്കുറിച്ച് ചോദിക്കുന്നവരോട് കൃത്യമായ സ്കിൻ കെയർ ദിനചര്യകൾക്കും ഡയറ്റിംഗിനും ഒപ്പം മനസ്സിന്റെ സന്തോഷത്തിനാണ് താൻ മുൻഗണന നൽകുന്നതെന്ന് മഞ്ജു വാര്യർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മഞ്ജുവിനെ ചുറ്റിപ്പറ്റിയുള്ള അനാവശ്യമായ അഭ്യൂഹങ്ങൾക്ക് ഇതോടെ വിരാമമായിരിക്കുകയാണ്.


