Wednesday, April 8, 2026
HomeCity Newsപൂരലഹരിയിലേക്ക് തൃശൂർ; പാറമേക്കാവ് വിഭാഗം മണികണ്ഠനാൽ പന്തലിന് കാൽനാട്ടി
spot_img

പൂരലഹരിയിലേക്ക് തൃശൂർ; പാറമേക്കാവ് വിഭാഗം മണികണ്ഠനാൽ പന്തലിന് കാൽനാട്ടി

തൃശൂർ: വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിൻ്റെ ആവേശത്തിന് തുടക്കംകുറിച്ച് സ്വരാജ് റൗണ്ടില്‍ പാറമേക്കാവ് വിഭാഗം മണികണ്ഠനാൽ പന്തലിന് കാൽനാട്ടി. പൂരപ്രേമികളുടെയും നാട്ടുകാരുടെയും നീണ്ട കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്. പാറമേക്കാവ് മേൽശാന്തി കാരേക്കാട് രാമൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്ന ഭൂമിപൂജയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. പാറമേക്കാവ് ദേവസ്വം പ്രസിഡൻ്റ് ഡോ എം ബാലഗോപാൽ, സെക്രട്ടറി ജി രാജേഷ്, ദേവസ്വം ബോർഡ്‌ അംഗങ്ങൾ, തട്ടകക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. തൃശൂരിലെ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികളും ചടങ്ങിൽ പങ്കെടുത്തു.

പന്തൽ നിർമാണം

എടപ്പാൾ നാദംസൗണ്ട് ഇലക്ട്രിക്കൽ സി ബൈജുവാണ് പന്തൽ നിർമാണത്തിന് നേതൃത്വം നൽകുന്നത്. തുടർച്ചയായ അഞ്ചാം വർഷമാണ് ബൈജു പാറമേക്കാവിലിനായി പന്തലൊരുക്കുന്നത്. ഇത്തവണ 100 അടി ഉയരത്തിൽ നാലുനിലകളിലായി അതിമനോഹരമായ ക്ഷേത്രമാതൃകയിലാണ് പന്തൽ നിർമിക്കുന്നത്.

പന്തലിൻ്റെ മിഴിവേകുന്ന അലങ്കാരപ്പണികൾ വരുംദിവസങ്ങളിൽ പൂർത്തിയാകും. തിരുവമ്പാടി വിഭാഗം നിർമിക്കുന്ന പന്തലുകളുടെ കാല്‍നാട്ട് 28നാണ്. നടുവിലാലിലും നായ്ക്കനാലിലുമാണ് തിരുവമ്പാടി വിഭാഗം പന്തലുകള്‍ നിർമിക്കുക. തൃശൂര്‍ പൂരത്തിന് മാത്രമാണ് സ്വരാജ് റൗണ്ടില്‍ ഇത്തരത്തിൽ പന്തലുകള്‍ നിർമിക്കാറുള്ളത്. നിർമാണം പൂർത്തിയാകുന്നതോടെ സ്വരാജ് റൗണ്ട് പൂരലഹരിയിലേക്ക് കടക്കും.

പൂരാഘോഷം

ഏപ്രിൽ 21ന് രാവിലെ ആറ് മുതൽ ഏഴുവരെ നടക്കുന്ന കൊടിയേറ്റത്തോടെ പൂരാഘോഷങ്ങൾക്ക് ഔദ്യോഗികമായി തുടക്കമാകും. ഏപ്രിൽ 26, 27 തീയതികളിലാണ് ഇത്തവണത്തെ തൃശൂർ പൂരം. മേടമാസത്തിലെ പൂരം നക്ഷത്രമായ 27നാണ് പ്രധാന പൂരം. ആഘോഷങ്ങൾ ദിവസങ്ങൾക്ക് മുമ്പ് ആരംഭിക്കും.

കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രോത്സവമായ തൃശൂർ പൂരം വെറുമൊരു ദൃശ്യവിസ്‌മയം മാത്രമല്ല. അത് കേരളത്തിൻ്റെ പൈതൃകവും ആത്മീയതയും വിളിച്ചോതുന്നതാണ്. വടക്കുന്നാഥ ക്ഷേത്രത്തിന് ചുറ്റുമുള്ള 10 ക്ഷേത്രങ്ങളിൽനിന്നുള്ള ദേവതകൾ ആചാരപരമായി ശിവന് പ്രണാമം അർപ്പിക്കാൻ എത്തുന്നുവെന്നാണ് ഐതിഹ്യം. തിരുവമ്പാടി, പാറമേക്കാവ് എന്നീ പ്രധാന വിഭാഗങ്ങൾക്ക് പുറമെ മറ്റ് ഘടകപൂരങ്ങളും വടക്കുന്നാഥനിൽ സംഗമിക്കും. വടക്കുന്നാഥൻ്റെ മണ്ണിൽ അലിഞ്ഞുചേരാൻ കാത്തുനിൽക്കുന്ന പൂരപ്രേമികൾക്ക് ഇത് ആവേശത്തിൻ്റെ നാളുകളാണ്.

പൂരത്തിൻ്റെ ആകർഷണങ്ങൾ

പരമ്പരാഗത നെറ്റിപ്പട്ടമണിഞ്ഞ ആനകൾ, ഇലഞ്ഞിത്തറ മേളത്തിൻ്റെ താളവിസ്‌മയം, വർണാഭമായ കുടമാറ്റം, വിപുലമായ വെടിക്കെട്ട് എന്നിവയാണ് പൂരത്തിൻ്റെ പ്രധാന ആകർഷണങ്ങൾ. ഭക്തിയിലും അനുഷ്‌ഠാനങ്ങളിലും അധിഷ്‌ഠിതമായ ഈ മഹാമഹത്തിൽ പുരോഹിതന്മാർ, വാദ്യകലാകാരന്മാർ, കരകൗശല വിദഗ്‌ധർ തുടങ്ങി ആയിരക്കണക്കിന് ആളുകൾ പങ്കുചേരുന്നു.

പൂരത്തിൻ്റെ ആവേശം നേരിട്ടറിയാൻ ലോകത്തിൻ്റെ നാനാഭാഗങ്ങളിൽനിന്നും ലക്ഷക്കണക്കിന് ആളുകളാണ് തൃശൂരിലേക്ക് ഒഴുകിയെത്തുക. ജാതിമത ഭേദമന്യേ ഏവരും ഒത്തുചേരുന്ന പൂരം സാംസ്കാരിക കൂട്ടായ്മയുടെ മികച്ച ഉദാഹരണമാണ്. പുലർച്ചെ നടക്കുന്ന വെടിക്കെട്ടോടെയാണ് പൂരത്തിന് സമാപനമാകുക. തുടർന്ന് പകൽപ്പൂരവും ഉപചാരം ചൊല്ലിപ്പിരിയലും നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments