Sunday, May 10, 2026
HomeThrissur Newsതിരുവമ്പാടി പന്തലുകൾക്കും കാൽനാട്ടി
spot_img

തിരുവമ്പാടി പന്തലുകൾക്കും കാൽനാട്ടി

തൃശൂർ:തൃശൂർ പൂരത്തിൻ്റെ വരവറിയിച്ച് സ്വരാജ് റൗണ്ടിൽ രണ്ട് അലങ്കാര പൂരപ്പന്തലുകൾക്കുകൂടി കാൽനാട്ടി.തിരുവമ്പാടി വിഭാഗത്തിൻ്റെ നടുവിലാൽ, നായ്ക്കനാൽ പന്തലുകൾക്കാണ് ഞായറാഴ്ച കാൽനാട്ടിയത്. ഭൂമി പൂജയ്ക്കുശേഷം ദേശക്കാരാണ് ആർപ്പുവിളികളോടെ കാൽനാട്ടിയത്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, മേയർ ഡോ. നിജി ജസ്റ്റിൻ, തിരുമ്പാടി ദേവസ്വം പ്രസിഡൻ്റ് കേണൽ പി ആർ എം രവി, സെക്രട്ടറി കെ ഗിരിഷ്‌കുമാർ, പൂരം പ്രദർശനം കമ്മിറ്റി പ്രസിഡന്റ് എം ജയചന്ദ്രൻ, കവി ആലങ്കോട് ലീലാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. നടുവിലാൽ പന്തൽ സെയ്‌തലവി ആരാധന പന്തൽ വർക്‌സ് ചെറുതുരുത്തിയും നായ്ക്കനാലിൽ പള്ളത്ത് മണികണഠൻ ചേറൂരുമാണ് നിർമിക്കുന്നത്. പാറമേക്കാവ് വിഭാഗം മണികണ്ഠനാലിൽ തയ്യാറാക്കുന്ന ബഹുനിലപ്പന്തലിൻ്റെ നിർമാണം ബുധനാഴ്ച തുടങ്ങിയിരുന്നു. എടപ്പാൾ നാദം സൗണ്ട് ഇലക്ട്രിക്കൽസ് സി ബൈജുവാണ് പന്തൽ നിർമിക്കുന്നത്. മൂന്ന് പേരും പന്തൽ നിർമാണത്തിൽ അനുഭവ സമ്പന്നരാണ്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ബാരിക്കേഡ് കെട്ടൽ ആരംഭിച്ചു. തേക്കിൻകാട് മൈതാനത്തെ താൽക്കാലിക പൊലീസ് കൺട്രോൾറൂമിൻ്റെ നിർമാണവും ആരംഭിച്ചിട്ടുണ്ട്. 26നാണ് തൃശൂർ പൂരം. 20ന് പൂരം കൊടിയേറും. തിരുവമ്പാടി വിഭാഗം രാവിലെ ക്ഷേത്രത്തിലും ഉച്ചതിരിഞ്ഞ് നായ്ക്കനാലിലും നടുവിലാലിലും കൊടിയേറ്റം നടത്തും. പാറമേക്കാവ് വിഭാഗം രാവിലെ ക്ഷേത്രത്തിലും തുടർന്ന് ക്ഷേത്രത്തിനകത്തെ പാലമരത്തിലും കൊടിയേറ്റും. ഉച്ചതിരിഞ്ഞ് മണികണ്ഠനാലിലും കൊടിയേറ്റം നടത്തും. എട്ട് ഘടക ക്ഷേത്രങ്ങളായ ലാലൂർ, അയ്യന്തോൾ, കണിമംഗലം, കാരമുക്ക്, പനമുക്കുംപിള്ളി, ചെമ്പുക്കാവ്, ചൂരക്കോട്ടുകാവ്, കുറ്റൂർ നെയ്‌തലക്കാവ് എന്നിവിടങ്ങളിലും പൂരത്തിൻ്റെ വരവറിയിച്ച് കൊടിയേറ്റം നടക്കും. 24ന് വൈകിട്ടാണ് സാമ്പിൾ വെടിക്കെട്ട്. 27ന് പുലർച്ചെ മുഖ്യവെടിക്കെട്ടും പകൽപ്പൂരത്തോടെ ഉപചാരം ചൊല്ലി പിരിഞ്ഞതിന് ശേഷം പൂരം സമാപന വെടിക്കെട്ടും നടത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments