Monday, April 13, 2026
HomeBREAKING NEWSആശാ ഭോസ്‌ലെയ്ക്ക് വിട
spot_img

ആശാ ഭോസ്‌ലെയ്ക്ക് വിട

ന്യൂഡല്‍ഹി: ഇന്ത്യന്‍ സിനിമാ ലോകത്തെ പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ കാന്‍ഡി ആശുപത്രിയില്‍ കഴിഞ്ഞ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ആശയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാളെ വൈകിട്ട് നാല് മണിക്കാണ് സംസ്‌കാരം.

ദാദാസാഹേബ് ഫാല്‍ക്കേ അവാര്‍ഡ് ജേതാവാണ് ആശാ ഭോസ്‌ലെ. 1943ല്‍ ‘മജാബാല്‍’ എന്ന മറാഠി ചിത്രത്തിലെ ‘ചലാ ചലാ നവ്ബാല’ എന്ന ഗാനം പാടിക്കൊണ്ടാണ് പിന്നണി ഗാനരംഗത്ത് ആശ അരങ്ങേറുന്നത്. 1945-ല്‍ ‘ബഡി മാ’ എന്ന ചിത്രത്തിലാണ് ഹിന്ദിയില്‍ ആദ്യമായി പാടിയതെങ്കിലും 1948ല്‍ പുറത്തിറങ്ങിയ ‘ചുനാരിയ’ ആണ് ആശയുടെ ആദ്യ ഹിന്ദി ചിത്രമായി അറിയപ്പെടുന്നത്.

ഒ പി നയ്യാറിന്റെ സംഗീതസംവിധാനത്തില്‍ 1956-ല്‍ ‘സി ഐ ഡി’ എന്ന ചിത്രത്തില്‍ പാടിയത് കരിയറില്‍ വലിയൊരു വഴിത്തിരിവായി മാറി. 1966-ല്‍ ‘തീസിരി മന്‍സില്‍’ എന്ന ചിത്രത്തിലൂടെ ആരംഭിച്ച ആശാ ഭോസ്‌ലെ- ആര്‍ ഡി ബര്‍മന്‍ കൂട്ടുകെട്ട് വലിയ വിജയമായി മാറി. പിന്നീട് തന്റെ ജീവിതത്തിലും ആര്‍ ഡി ബര്‍മനെ ആശാ ഭോസ്‌ലെ കൂടെകൂട്ടുകയായിരുന്നു. 1990കളില്‍ സിനിമയില്‍ നിന്ന് പതിയെ പിന്‍വാങ്ങിയ ആശയെ 1995-ല്‍ ‘രംഗീല’ എന്ന ചിത്രത്തിലൂടെ എ ആര്‍ റഹ്‌മാനാണ് സിനിമാ പിന്നണി ഗാന രംഗത്തേക്ക് തിരിച്ചുകൊണ്ടുവന്നത്.

തുടര്‍ന്ന് താല്‍, ലഗാന്‍, ദൗഡ്, ഇരുവര്‍ തുടങ്ങിയ നിരവധി റഹ്‌മാന്‍ ചിത്രങ്ങളിലും പാടി. ഒ പി നയ്യാര്‍, ബോംബെ രവി, എസ് ഡി ബര്‍മന്‍, ആര്‍ ഡി ബര്‍മന്‍, ഇളയരാജ, റഹ്‌മാന്‍, ജയ്ദേവ്, ശങ്കര്‍ജയ്കിഷന്‍, അനുമാലിക്ക് തുടങ്ങി ഇന്ത്യയിലെ പ്രഗല്‍ഭരായ ഒട്ടുമിക്ക സംഗീതസംവിധായകര്‍ക്കൊപ്പവും ആശ പ്രവര്‍ത്തിച്ചിട്ടുണ്ട്.

പോപ്പും ഗസലും ഭജനകളും ക്ലാസിക്കല്‍ സംഗീതവും നാടന്‍ പാട്ടുകളും ഖവാലിയും മുതല്‍ കാബറെ, റോക്ക്, ഡിസ്‌കൊ വരെയുള്ള ഏത് ശൈലിയും അനായാസം കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഒരു ഗായികയാണ് ആശാ ഭോസ്‌ലെ. ലോകത്തില്‍ തന്നെ ഏറ്റവും അധികം ഗാനങ്ങള്‍ പാടി റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ള ഗായകരിലൊരാളാണ് ഇവര്‍.

20 ഭാഷകളിലായി പതിനായിരത്തിലധികം പാട്ടുകള്‍ ആശ ആലപിച്ചിട്ടുണ്ട്. ഗ്രാമി അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരി എന്ന ചരിത്ര നേട്ടവും ആശാ ഭോസ്‌ലെയ്ക്ക് സ്വന്തമാണ്. സംഗീതത്തിന് നല്‍കിയ അതുല്യമായ സംഭാവനകളെ മാനിച്ച് രാജ്യത്തെ നിരവധി പുരസ്‌കാരങ്ങള്‍ അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. 2008-ല്‍ രാജ്യം അവര്‍ക്ക് പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു.

1933 സെപ്റ്റംബര്‍ എട്ടിന് ഇന്‍ഡോറിലെ ഒരു കൊങ്കണി കുടുംബത്തിലാണ് ആശാ ഭോസ്‌ലെ ജനിച്ചത്. മറാഠി നാടകവേദിയിലെ നടനും ഗായകനുമായിരുന്ന ദീനനാഥ് മങ്കേഷ്‌കറും ശുദ്ധമതിയുമാണ് മാതാപിതാക്കള്‍. പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കര്‍, ഹൃദ്യനാഥ് മങ്കേഷ്‌കര്‍, ഉഷാ മങ്കേഷ്‌കര്‍, മീനാ മങ്കേഷ്‌കര്‍ എന്നിവരാണ് സഹോദരങ്ങള്‍.

അച്ഛന്റെ ശിക്ഷണത്തിലാണ് ആശ സംഗീതപഠനം ആരംഭിച്ചത്. ആശയ്ക്ക് ഒമ്പത് വയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. പിന്നീട് കുടുംബം പോറ്റാനായി സിനിമയില്‍ അഭിനയിക്കാനും പാടാനും തുടങ്ങിയ സഹോദരി ലതയെ പിന്തുടര്‍ന്നാണ് ആശ പിന്നണി ഗാനരംഗത്തേക്ക് വരുന്നത്. ആശ ഹിന്ദി സിനിമാ പിന്നണി ഗാനരംഗത്തേക്ക് വരുമ്പോഴേക്കും ലത ഹിന്ദിയിലെ സൂപ്പര്‍താരമായി മാറിയിരുന്നു. 1949ല്‍ തന്റെ 16-ാം വയസ്സില്‍ കുടുംബത്തിന്റെ എതിര്‍പ്പുകളെ അവഗണിച്ച് 31 വയസ്സുള്ള ഗണ്‍പത്റാവു ഭോസ്ലെയെ വിവാഹം കഴിച്ചുവെങ്കിലും ആ ബന്ധം ഒരു പരാജയമായിരുന്നു. പിന്നീടാണ് പ്രശസ്ത സംഗീതസംവിധായകന്‍ ആര്‍ ഡി ബര്‍മനെ വിവാഹം ചെയ്യുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments