മാധവിക്കുട്ടിയുടെ നവതിവർഷമാണ് ,അവരുടെ വരികൾ കടമെടുക്കാതെ ഒരു മലയാളിക്കും സ്നേഹത്തെക്കുറിച്ചോ പ്രണയത്തെക്കുറിച്ചോ എഴുതാനാവില്ല.
“ഞാൻ ഇതാണെന്നു പറയാൻ ഞാൻ ആരെ ഭയക്കണം” എന്ന് തലയുയർത്തി പറഞ്ഞ മാധവിക്കുട്ടിയെ മലയാളി ഉള്ളിടത്തോളം കാലം എങ്ങനെ മറക്കാൻ!
ആമിയെന്ന പേരിനോടു പോലും പ്രണയമാണ് മലയാളിക്ക്. വെളുത്ത ഖദർ കുപ്പായങ്ങളും ഉയർത്തിക്കെട്ടിവച്ച മുടിയും മാന്യതയുടെ, മിതത്വത്തിൻറെ അടയാളങ്ങളായി വാഴ്ത്തപ്പെട്ട കാലത്താണ് ഒരു സ്ത്രീ പച്ചയും ചോപ്പും പട്ടുസാരികളണിഞ്ഞ്, ചുരുൾമുടി അഴിച്ചുവിടർത്തിയിട്ട്, കണ്ണിൽ നിറയെ മഷിയെഴുതി, ചുണ്ടിൽ ചായം പൂശി, കൈനിറയെ വളകളണിഞ്ഞ്, ഉറക്കെ പൊട്ടിച്ചിരിച്ചുകൊണ്ടാണ് മലയാളിയുടെ വായനാലോകത്തേക്ക് ആമി കടന്നുവരുന്നത്. അവർ എഴുതിയ പല കൃതികളും വിദേശഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇംഗ്ലിഷിലും മലയാളത്തിലും ഒരേ കൈത്തഴക്കത്തോടെ അവരെഴുതിയ വാക്കുകളെ വായിച്ചറിഞ്ഞ ആർക്കും ഒരു മലയാള എഴുത്തുകാരി എന്ന നാമത്തിൽ മാത്രം അവരെ ചുരുക്കാനാകില്ല.
മാധവികുട്ടിയെന്ന പ്രിയ എഴുത്തുകാരിയോടുള്ള ആരാധനയെ ” തൃശ്ശൂർടൈംസ് ” എഡിറ്റർ ” എം ടി സനിത ” ഓർമിക്കുന്നു:
എനിക്ക് ചുറ്റും പ്രണയത്തിന്റെ ഗുൽമോഹറുകൾ പൂത്തു വിടരുന്നത് ഞാൻ ഇപ്പോൾ അറിയുന്നു ;പ്രിയ ആമി നിങ്ങൾ കൂടെ ഉണ്ട് .
ജേർണലിസം പഠനം കഴിഞ്ഞു ആദ്യ പോസ്റ്റ് കേരളടൈംസ് പത്രത്തിന്റെ എറണാകുളം ഡെസ്കിൽ ആയിരുന്നു. അക്കാഡമിയിൽ പഠിച്ച തിയറി ക്‌ളാസുകളും പുറത്തിറങ്ങി നമ്മൾ നേരിടുന്ന പ്രാക്ടിക്കൽ ജീവിതവും തമ്മിൽ അജഗജാന്തരം ഉണ്ടെന്നു അറിയാതെ ആണ് ആദ്യ പോസ്റ്റിങ്ങ്.
ഇന്നത്തെ പോലെ ഫേസ്ബുക്കും വാട്സപ്പും സ്മാർട്ട് ഫോണും എന്തിനു മൊബൈൽ ഫോൺ പോലും സജീവം ആയിരുന്നില്ല അന്ന്. റിപ്പോർട്ടിങ്ങിൽ പുറത്തു പോയി വാർത്ത എടുത്താൽ ബസിൽ ഇരുന്നാവും എഴുത്തു. കൊച്ചിയിലെ ട്രാഫിക് ബ്ലോക്കിൽ കുരുങ്ങി കിതച്ചു എത്തുമ്പോഴേക്കും പത്രം പ്രസിൽ പോയിട്ടുണ്ടാകും. ലീല മേനോൻ ആയിരുന്നു അന്ന് ഈ പത്രത്തിന്റെ എഡിറ്റർ. ട്രെയിനികൾ ആയ ഞങ്ങൾ പുതുസുക്കൾക്കു വണ്ടിയും ഫോട്ടോഗ്രാഫറും ഒന്നും കിട്ടിയിരുന്നില്ല ആദ്യ കാലങ്ങളിൽ.
ചെറിയ ശമ്പളവും ഓഫീസിൽ ഇരുന്നു ഫോണിലൂടെ കേട്ട് എഴുതി എടുക്കുന്ന വാർത്തകളും ആയിരുന്നു ആദ്യ കുറെ മാസങ്ങളിൽ. ഈ കളി വേഗം വേഗം മടുത്തു, കാരണം നമ്മുടെ ഉള്ളിൽ അനിത പ്രതാപ് ആവാനുള്ള ആർത്തി അന്നേ ഉണ്ട്. ഒരു ഫീച്ചർ മുന്നിൽക്കണ്ടാണ് പിന്നെ ഉള്ള പ്ലാനിങ് ഫുൾ.
അപ്പോഴാണ് മാധവികുട്ടി നീര്മാതള സുഗന്ധം പരത്തി ഓഫീസിനടുത്തുള്ള ഫ്ലാറ്റിൽ താമസം ഉണ്ടെന്നു അറിഞ്ഞത്. ഡയറക്ടറി നോക്കി നമ്പർ തപ്പി എടുത്തു എങ്കിലും രണ്ടീസം വിളിക്കാതെ കാത്തു വെച്ചു. ഓഫീസിലെ ഡെസ്കിൽ ആരും ഇല്ലാത്ത സമയം നോക്കി നോക്കി ആയിരുന്നു വിളി. എപ്പോഴും ബിസി ടോൺ കേൾക്കുന്ന നമ്പറിൽ വിളിച്ചു കാത്തു ഏതാണ്ട് മൂന്നു നാലു ദിവസം കടന്നു പോയി. അതിനിടയിൽ ചോദിയ്ക്കാനായി ഞാൻ കാത്തു വെച്ച ചോദ്യങ്ങൾ എല്ലാം വിയർത്തൊലിച്ചു എന്നിൽ നിന്നും ഇറങ്ങി പോയിരുന്നു.
അപ്രതീക്ഷിതമായി ഒരു ദിവസം വിളിച്ചപ്പോൾ അപ്പുറത്തെ ലാൻഡ്‌ഫോണിൽ നിന്നും ഒരു ഹലോ കേട്ടു. ജേർണലിസം തിയറിയിൽ നമ്മൾ ആരെയും മാഡം സാർ എന്നൊന്നും വിളിച്ചില്ലേലും സാരമില്ല താങ്കൾ എന്ന് വിളിക്കാം എന്നൊരിക്കൽ കേട്ട ഓർമ്മയിൽ വെച്ചു കാച്ചി. മാധവികുട്ടി അല്ലെ എന്തുണ്ട് വിശേഷം. പെട്ടെന്ന് ഒരു തമിഴ് മറുപടി; അമ്മായെ ഇപ്പോ കൂപ്പിടാം.
ഒന്ന് രണ്ടു കിളികൾ എന്റെ ചെവിയിൽ നിന്നും പാറി പറന്നു പോയി. ഒന്ന് കൂടി മുരടോക്കെ അനക്കി ഞാൻ ചോദ്യം ഒന്ന് കൂടി മനസ്സിൽ പറഞ്ഞു വെച്ചു. ഹലോ വേണോ നമസ്‌കാരം വേണോ; പെട്ടെന്ന് ഫോണിന്റെ അങ്ങേത്തലക്കൽ നിന്നും ആരാണ് കുട്ട്യേ എന്നൊരു മധുര ശബ്ദ്ദം.
ജീവിതത്തിൽ ആദ്യമായി പ്രിയപ്പെട്ട എഴുത്തുകാരിയുടെ ശബ്ദ്ദം ഫോണിലൂടെ എന്റെ കാതോരത്ത് കേട്ടതും എന്റെ തൊണ്ടയിൽ നിന്നും വാക്കുകൾ കൂട്ടത്തോടെ പടിയിറങ്ങിപ്പോയി.
ഹലോ ഹലോ എന്ന് ആഞ്ഞു പറയാൻ ശ്രെമിച്ചു പരാജയപ്പെട്ടു ഞാൻ വിയർത്തൊലിച്ചു നിന്നുപോയി.
പിന്നീട് കുറെ കുറെ വർഷങ്ങൾക്കപ്പുറം നീര്മാതളക്കാവും ഇലഞ്ഞിച്ചോടും അവിടത്തെ മയിലൊച്ചകളും കാണാനായി ഞാൻ കുറെ തവണ പോയിട്ടുണ്ട്. ആ ഇലത്തണുപ്പിൽ ഏറെ നേരം ഒറ്റക്കിരിക്കാറുണ്ട്. ഗുൽമോഹറുകൾ പൊഴിഞ്ഞു വീണ അന്നത്തെ പത്രത്തിന്റെ മുൻ പേജും അതിലെ ഫോട്ടോ ക്യാപ്ഷനും ഇന്നും മറന്നിട്ടില്ല;കമലദളം പൊഴിഞ്ഞു (മാതൃഭൂമി)
ഓർമ്മകൾക്ക് മരണമില്ലല്ലോ അല്ലെ ആമി.
-എം ടി സനിത