നരസിംഹം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഇനി ഏത് സിനിമ ചെയ്യുമെന്നുള്ള വലിയ ആശങ്കയിലായിരുന്നു സംവിധായകൻ ഷാജി കൈലാസ്. അങ്ങനെ ഏറെനാളത്തെ ആലോചനകൾക്കൊടുവിൽ ഷാജി കൈലാസ് തീരുമാനിച്ചു, അടുത്ത പടം മമ്മൂട്ടിയ്‌ക്കൊപ്പം ചെയ്യാമെന്ന് . അതാണ് ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ആയി മാറിയ വല്ല്യേട്ടൻ. 2000 സെപ്റ്റംബർ 10 നായിരുന്നു വല്യേട്ടൻ റിലീസ് ചെയ്തത്. അങ്ങനെ ഒരൊറ്റ വർഷം തന്നെ മലയാളത്തിലെ രണ്ടു സൂപ്പർതാരങ്ങൾക്കൊപ്പം സൂപ്പർ ഹിറ്റുകൾ ഒരുക്കാൻ ഷാജി കൈലാസ് എന്ന സംവിധായകന് സാധിച്ചു.
മമ്മൂട്ടി അവതരിപ്പിച്ച അറയ്ക്കൽ മാധവനുണ്ണിയെന്ന മാസ്സും ക്ലാസും നിറഞ്ഞ കഥാപാത്രത്തെ പ്രേക്ഷകർ അന്ന് ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഒപ്പം മാധനുണ്ണിയുടെ നാല് സഹോദരങ്ങളെയും. വീറും വാശിയും, ഉശിരൻ സംഭാഷണങ്ങളും, കിടിലൻ കൊള്ളുന്ന ആക്ഷനുമൊക്കെയായി എത്തി വലിയ വിജയം നേടിയ വല്ല്യേട്ടനിൽ മമ്മൂട്ടിയ്‌ക്കൊപ്പം ഒരു വമ്പൻ താരനിര തന്നെ അണിനിരന്നു. സിദ്ദിഖ്, മനോജ് കെ ജയൻ, സുധീഷ് , വിജയകുമാർ , എൻ എഫ് വർഗീസ്, സായി കുമാർ, കലാഭവൻ മണി, ക്യാപ്റ്റൻ രാജു, പൂർണിമ, ശോഭന, സുകുമാരി, ഇന്നസെന്റ് തുടങ്ങി നിരവധി താരങ്ങൾ അണിനിരന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് രഞ്ജിത് ആണ്. അക്കാലത്തെ ഏറ്റവും മികച്ച ആകർഷക കൂട്ടുകെട്ടായ ഷാജി കൈലാസ് – രഞ്ജിത്ത് കൂട്ടുകെട്ടിലെ ആദ്യ മമ്മൂട്ടിച്ചിത്രം കൂടിയായിരുന്നു വല്ല്യേട്ടൻ.
അമ്പലക്കര ഫിലിംസിൻ്റെ ബാനറിൽ ബൈജു അമ്പലക്കര, അനിൽ അമ്പലക്കര എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം ഇപ്പോൾ ഇരുപത്തിയഞ്ചു വർഷങ്ങൾക്കു ശേഷം 4K ഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ നൂതനശബ്ദ ദൃശ്യവിസ്മയങ്ങളുടെ അകമ്പടിയോടെ വീണ്ടും തിയറ്ററുകളിലേക്ക് എത്തുകയാണ്. ദൃശ്യവിസ്മയങ്ങളുടെ നവ്യമായ അനുഭൂതിയോടെ തന്നെ ജനപ്രിയചിത്രം പ്രേഷകർക്ക് മുന്നിലെത്തുന്നു. അമ്പലക്കര ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രം 4k ഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ അവതരിപ്പിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്.
കാലം എത്ര കടന്നാലും മമ്മൂട്ടിയുടെ മാധവനുണ്ണിയെന്ന കഥാപാത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. ഇന്നും ടെലിവിഷനിൽ വല്ല്യേട്ടൻ ഉണ്ടെങ്കിൽ കണ്ടിരുന്നു പോകുന്നതും അതുകൊണ്ടാണ്. 2000ൽ കൈരളി ടി വി പ്രദർശനം ആരംഭിച്ചപ്പോൾ ആദ്യമായി സാറ്റ്ലൈറ്റ് അവകാശം ലഭിച്ച സിനിമയാണ് വല്ല്യേട്ടൻ. 2022ലെ കണക്കനുസരിച്ച് കഴിഞ്ഞ 22 വർഷത്തിനിടെ 1656* തവണ കൈരളി ടിവിയിൽ വല്ല്യേട്ടൻ സംപ്രേക്ഷണം ചെയ്യ്തുകഴിഞ്ഞു. ഒരു സിനിമ ഇത്രയധികം തവണ ഒരു ചാനലിൽ കൂടി സംപ്രേഷണം ചെയ്യ്തതിന്റെ റെക്കോർഡും വല്ല്യേട്ടന്റെ പേരിലാണ്.
4k ഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ ആദ്യമെത്തുന്ന മമ്മൂട്ടിച്ചിത്രം കൂടിയാണിത്. യു. എസ്സിലാണ് ചിത്രത്തിൻ്റെ 4k വിഷ്യൽ ട്രാൻഫ്ഫർ നടത്തിയിരിക്കുന്നത്. മോഹൻ സിതാരയുടെ ഗാനങ്ങൾക്ക് വരികൾ എഴുതിയത് ഗിരീഷ് പുത്തഞ്ചേരി. ചായാഗ്രഹണം – രവിവർമ്മൻ .
എഡിറ്റിംഗ്. എൽ. ഭൂമിനാഥൻ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ചിത്രം സെപ്റ്റംബറിൽ ആണ് പ്രദർശനത്തിനെത്തുന്നത്.