തൃശൂർ: ജില്ലയിലെ വിവിധ ജിംനേഷ്യം കേന്ദ്രങ്ങളിൽ ഡ്രഗ്‌സ് കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി. ‘ഓപറേഷൻ ശരീര സൗന്ദര്യ’ എന്ന പേരിലെ പരിശോധനയിൽ തൃശൂരിലെ പീറ്റേഴ്സ് ജിം ഉടമയും ട്രെയിനറുമായ പെരുവാൻകുളങ്ങര കാവുങ്ങൽ വീട്ടിൽ വിജിൽ പീറ്ററിന്റെ വീട്ടിൽനിന്ന് അനധികൃതമായി സൂക്ഷിച്ച അനബോളിക് സ്റ്റിറോയിഡ് ഇഞ്ചക്ഷനുകളും ഗുളികകളും പിടിച്ചു.
ശരീര സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിൽക്കാൻ സൂക്ഷിച്ചതായിരുന്നു ഇവ. ഡ്രഗ്സ് ഇൻസ്പെക്ടർ (ഇൻ്റലിജൻസ് ബ്രാഞ്ച്) ഗ്ലാഡിസ് പി. കാച്ചപ്പിള്ളി നിയമനടപടി സ്വീകരിച്ചു.
വിപണിയിൽ 1.20 ലക്ഷം രൂപക്ക് മുകളിൽ വില മതിക്കുന്നതാണ് മരുന്നുകൾ.
പിടിച്ചെടുത്തമരുന്നുകളും രേഖകളും ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി-3ൽ ഹാജരാക്കി. ജിംനേഷ്യങ്ങളിൽ ശരീരഭാരം കൂട്ടാൻ സ്റ്റിറോയ്ഡ് മരുന്നുകൾ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. സീനിയർ ഡ്രഗ്‌സ് ഇൻസ്പെക്ടർ വി.എ. വനജ, ഡ്രഗ്‌സ് ഇൻസ്പെക്ടർമാരായ വി.എസ്. ധന്യ, റെനിത റോബർട്ട്, എ.വി. ജിഷ, ഒല്ലൂർ പൊലീസ് എ.എസ്.ഐ വി.എ. കവിത, ജി.എസ് സി.പി.ഒ സി.ടി. റാഫി, സ്പെഷൽ ബ്രാഞ്ചിലെ വിജിത്ത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
