ജയ ജയ ജയ ജയ ഹേ, ഗുരുവായൂർ അമ്പലനടയിൽ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് കുടശ്ശനാട് കനകം. തന്റെ മകൻ മരിച്ച സമയത്ത് ബേസിൽ പണം തന്നു സഹായിച്ചെന്നും ബേസിൽ മകനെ പോലെയാണെന്നും മനസുതുറക്കുകയാണ് കുടശ്ശനാട് കനകം. ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിൽ ബേസിലിന്റെ അമ്മയായി വേഷമിട്ട കനകം, സിനിമയിലെ തന്റെ മക്കൾ തന്നെയാണ് ജീവിതത്തിലും ഇപ്പോൾ തനിക്ക് കൂട്ടിനുള്ളതെന്നും ഫൈൻ ആർട്സ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു,
‘എന്റെ മകൻ മരിച്ചപ്പോൾ ബേസിൽ എനിക്ക് പണം തന്നു സഹായിച്ചിരുന്നു. ബേസിൽ ജോസഫ് എനിക്ക് മകനെപ്പോലെയാണ്. ഞാൻ തനിച്ചാണ് ജീവിക്കുന്നത്. നാടകത്തിൽ വർക്ക് ചെയ്തതിന്റെ പെൻഷൻ കിട്ടുന്നുണ്ട്. കയ്യിൽ ഉള്ളതെല്ലാം നുള്ളിപ്പെറുക്കി ആണ് മകൻ മരിച്ചപ്പോൾ ഉള്ള കാര്യങ്ങൾ എല്ലാം നടത്തിയത്. കയ്യിൽ ഉള്ളതെല്ലാം തീർന്നപ്പോൾ ഇനി ഞാൻ എങ്ങനെ മുന്നോട്ട് പോകും എന്ന് അന്തം വിട്ടു നിന്നു. ഉടനെ ഞാൻ ബേസിലിനെ വിളിച്ചു. ഒറ്റ വിളിക്ക് എടുത്തു. ‘മോനേ എനിക്ക് ഫെബ്രുവരിയിൽ ഒരു നാലഞ്ച് ദിവസത്തെ വർക്ക് തരണം. മോന്റെ സിനിമയിൽ ഇല്ലെങ്കിൽ പരിചയമുള്ള സംവിധായകരോട് പറഞ്ഞ് എനിക്ക് വർക്ക് വാങ്ങി തരണം’ എന്ന് പറഞ്ഞു. ‘അതിനെന്താ അമ്മേ… നമുക്ക് ചെയ്യാമല്ലോ. ഞാൻ തീർച്ചയായും ശ്രമിക്കാം’ എന്ന് പറഞ്ഞു.
മലയാള നാടക-സിനിമ രംഗത്തെ കരുത്തുറ്റ ഒരു അഭിനേത്രിയാണ് കുടശ്ശനാട് കനകം. പതിറ്റാണ്ടുകളോളം പ്രഫഷണൽ നാടകവേദികളിൽ സജീവമായിരുന്ന അവർ, നാടകത്തിലെ മികച്ച പ്രകടനത്തിന് സംസ്ഥാന സർക്കാരിന്റെ പുരസ്കാരം വരെ സ്വന്തമാക്കിയിട്ടുണ്ട്. ‘മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലർ’, ‘മരണമാസ്’ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഇന്ദ്രൻസിനെ നായകനാക്കി ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത ‘ആശാൻ’ ആണ് കനകത്തിന്റെ ഏറ്റവും പുതിയ ചിത്രം. സിനിമയിൽ വയലറ്റ് എന്ന വേറിട്ട കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.


