തൃശ്ശൂർ : ഉണങ്ങിയ പഴങ്ങളും കശുവണ്ടിയും പൊടിയായി അരിഞ്ഞ്, മുന്തിരിവൈൻ ഒഴിച്ച്
ഇളക്കി, കാരമൽ സിറപ്പിൽ നിറച്ചുവെച്ചു. പണിയൊക്കെ കഴിഞ്ഞ് അവനിൽനിന്നു പുറത്തെടുത്തപ്പോൾ അവരുടെ മുഖത്തെ സന്തോഷം മനം മയക്കുന്ന കേക്കിന്റെ മണത്തെയും മാറ്റിനിർത്തുന്നതായിരുന്നു. സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും ആഘോഷത്തിന് ഇത്തവണ രുചിയേറും. കാരണം നിപ്‌മറിലെ ഭിന്നശേഷിക്കാരാണ് കേക്ക്രുചിക്ക് പിന്നിൽ. ഇവരുടെ കേക്ക് കാണാനും വാങ്ങാനും അവസരവുമുണ്ട്.
കയ്പേറിയ ജീവിതാനുഭവങ്ങളിൽ പ്രതീക്ഷയുടെ വിളക്ക് കൊളുത്തുന്ന ക്രിസ്മസിന്റെ സന്ദേശമാണ് ഇവർ പകരുന്നത്. ‘എംപവറിങ് ത്രൂ വൊക്കേഷണലൈസേഷൻ’ പദ്ധതിയുടെ ഭാഗമായാണ് കേക്ക് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ബേക്കറി പരിശീലനം ലഭിച്ച കുട്ടികളുടെ നേതൃത്വത്തിലാണ് കേക്കുകളുടെ നിർമാണം. റിച്ച് പ്ലം, കാരറ്റ് ഡേറ്റ്സ്, വാനില- പൈനാപ്പിൾ ടീ കേക്ക്, ജാർ കേക്ക്, ചോക്ലേറ്റ് കപ്പ് കേക്ക്, കുക്കീസ് ഇങ്ങനെ നീളുന്നു കേക്കുകൾ.
വെള്ളി, ശനി ദിവസങ്ങളിൽ തൃശ്ശൂർ സിവിൽ സ്റ്റേഷൻ പരിസരത്താണ് കേക്ക് ഫെസ്റ്റ്. 9.30-ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്യും.
