വാണിയമ്പാറ : ദേശീയപാതയോരത്ത് വഴുക്കുംപാറ മുതൽ വാണിയമ്പാറ വരെ കാട്ടാനശല്യം രൂക്ഷം. തൃശ്ശൂരിൽനിന്ന് പാലക്കാട്ടേക്ക് പോകുന്ന ദേശീയപാതയോരത്താണ് കഴിഞ്ഞ രണ്ടുദിവസത്തിനിടെ ആനകൾ വീടുകളുടെ മതിലും ഗേറ്റും തകർക്കുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്‌തത്. കൊമ്പഴ ചെറമ്പാട്ട് വീട്ടിൽ സുനിലിൻ്റെ വീടിന്റെ ഗേറ്റ് കാട്ടാന തകർത്തു. ചിറമ്പാട്ട് തബ്ലീസ്, മുട്ടിക്കൽ സ്വാമിനാഥൻ, ഉണ്ണികൃഷ്‌ണൻ എന്നിവരുടെ പറമ്പിലെ കൃഷി വ്യാപകമായി നശിപ്പിച്ചു.
ദേശീയപാതയോരത്ത് കാട്ടാനശല്യം ആദ്യമായാണ് അനുഭവപ്പെടുന്നത്. പാലക്കാട്ടുനിന്ന് തൃശ്ശൂരിലേക്ക് വരുന്ന പാതയോരത്ത് കാട്ടാനക്കൂട്ടം എത്താറുണ്ടെങ്കിലും ദേശീയപാത മുറിച്ചുകടന്ന് ഇപ്പുറമെത്തുന്നത് ആദ്യമായാണ്. കുതിരാൻ തുരങ്കം തുറന്നശേഷം അമ്പലത്തിനു മുന്നിലൂടെയുള്ള പഴയ പാത പൂർണമായും ഒഴിവാക്കി. പഴയ ആനത്താര ആയിരുന്നു ഇവിടം. റോഡ് പൂർണമായി അടച്ചുകെട്ടിയതോടെ ആനത്താര സജീവമായതാണ് കാട്ടാനശല്യത്തിന് കാരണം. ഇതുവരെ കാട്ടാനശല്യം ഇല്ലാത്തതിനാൽ മേഖലയിൽ ഒരിടത്തും വൈദ്യുതിവേലി സ്ഥാപിക്കുകയോ മുൻകരുതലുകൾ എടുക്കുകയോ ചെയ്തിട്ടില്ല.
