തൃശൂർ:പുനഃ സജ്ജീകരിച്ച ശക്തൻ തമ്പുരാൻ കൊട്ടാരം പുരാവസ്തു മ്യൂസിയം വെള്ളി വൈകിട്ട് നാലിന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനാകും. പി ബാലചന്ദ്രൻ എംഎൽഎ, മേയർ എം കെ വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് എന്നിവർ മുഖ്യാതിഥികളാകും.
കൊച്ചിൻ ആർക്കിയോളജി വകുപ്പ് നേതൃത്വത്തിൽ 1938ൽ തൃശൂർ ടൗൺഹാളിൽ സ്ഥാപിതമായ ശ്രീമൂലം ചിത്രശാലയാണ് തൃശൂർ പുരാവസ്തു മ്യൂസിയമായി വികസിച്ചത്. പിന്നീട് മ്യൂസിയം കൊല്ലങ്കോട് ഹൗസിലേക്ക് മാറ്റി. അപൂർവ പുരാവസ്തുക്കൾ കൂടി ഉൾപ്പെടുത്തി 2005ൽ ശക്തൻ തമ്പുരാൻ കൊട്ടാരത്തിൽ പുനഃസജ്ജീകരിച്ചു. നവീന മ്യൂസിയം സങ്കൽപ്പങ്ങൾക്കനുസൃതമായി, ചരിത്രാതീത കാലം മുതൽ ഐക്യകേരളത്തിന്റെ രൂപീകരണ ഘട്ടം വരെയുള്ള വസ്തുക്കൾ ഉൾപ്പെടുത്തിയാണ് നിലവിൽ പുനഃസജ്ജീകരിച്ചത്. കേന്ദ്ര -–- സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെയായിരുന്നു നവീകരണം.