മറ്റെന്തോ കിട്ടുവാൻ കാത്തുനിന്നു…അച്ഛനെയാണ് വിളിച്ചത്. ഫോണെടുത്തത് മകൻ. “അച്ഛന്റെ ഓർമ്മ മുഴുവൻ പോയി” — മകൻ പറഞ്ഞു. “ആരെന്നും എന്തെന്നും ഒന്നും അറിഞ്ഞൂടാ. സ്വന്തം പേര് പോലും മറന്നു.”
രവിമേനോൻ
വിശ്വസിക്കാനായില്ല ആദ്യം. “അപ്പോൾ പാട്ടോ? അതും മറന്നോ?” — ജിജ്ഞാസ അടക്കാനാവാതെ ചോദിച്ചപ്പോൾ മറുവശത്ത് നിമിഷനേരത്തെ മൗനം. പാട്ടിലൂടെ മറവിരോഗത്തെ മറികടക്കാൻ ശ്രമിച്ച ആളായിരുന്നല്ലോ അച്ഛൻ. പല തവണ അദ്ദേഹമത് പറഞ്ഞുകേട്ടിട്ടുണ്ട്. അക്കാര്യം മകൻ അറിയണം എന്നില്ല.
“ഇപ്പോൾ ആൾക്ക് പാട്ടുകേൾക്കുകയേ വേണ്ട.” മകൻ പറഞ്ഞു. “റേഡിയോയിൽ പാട്ട് കേട്ടാൽ പോലും അസ്വസ്ഥനാകും. മുൻപ് ഇങ്ങനെയായിരുന്നില്ല. ഊണും ഉറക്കവും റേഡിയോയുടെ ചോട്ടിൽ തന്നെയായിരുന്നു. എന്ത് പണിയെടുക്കുമ്പോഴും പാട്ട് മൂളിക്കൊണ്ടിരിക്കും….” ഒരു നിമിഷം എന്തോ ഓർത്തുനിന്ന ശേഷം മകൻ തുടർന്നു: “ഇയ്യിടെ കുളിപ്പിക്കുമ്പോൾ അച്ഛൻ ഒരു പാട്ട് മൂളിക്കേട്ടു. എന്റെ ഓർമ്മയിൽ കഴിഞ്ഞ ഒരു കൊല്ലത്തിനിടക്ക് മൂപ്പര് പാടിക്കേട്ട ഒരേയൊരു പാട്ട്.”
ഏതാ ആ പാട്ട്? — ചോദിക്കാതിരിക്കാനായില്ല.
സിനിമാപ്പാട്ടുകളോട് മാത്രമല്ല സംഗീതത്തോട് തന്നെ വലിയ പ്രതിപത്തിയൊന്നുമില്ലാത്ത മകന് വരികൾ ഓർമ്മ വന്നില്ല. “ഏതോ ഒരു പാട്ട്. ഫ്ലൂട്ട് വായിക്കുന്ന ആളെപ്പറ്റി ഉള്ളതായിരുന്നു എന്നതാണ് ഓർമ്മ. ഒരു പുഴയുടെ തീരത്ത് ഇരുന്നുകൊണ്ട്…..”
ചിരി വന്നുപോയി. അങ്ങനെയും ഒരു പാട്ടോ? ഓർമ്മയിൽ നിന്ന് ഒരു പല്ലവി മൂളിക്കൾപ്പിച്ചു മകനെ: “മധുരപ്രതീക്ഷ തൻ പൂങ്കാവിൽ വെച്ചൊരു മണിവേണു ഗായകനെ കണ്ടുമുട്ടി…ഇതാണോ?”
മകന് അത്ഭുതം. “അതേയതേ. ഈ പാട്ട് തന്നെ. മൂപ്പര് ആദ്യത്തെ ഒന്നുരണ്ടു വരികൾ കൂളായി പാടി. ചിരിച്ചും കൊണ്ടാ പാടിയത്. അപ്പോൾ ഓർമ്മക്കേടൊന്നും ഉള്ളതായി തോന്നീല. ങ്ങള് എങ്ങന്യാ അറിഞ്ഞത് ?”
ആ പാട്ടാണല്ലോ ഞങ്ങളെ പരസ്പരം കൂട്ടിയിണക്കിയത് എന്ന് പറയണം എന്നുണ്ടായിരുന്നു. പിന്നെ വേണ്ടെന്നു വെച്ചു. പാട്ടിനോടുള്ള അഭിനിവേശത്തിന് പിന്നിലെ കഥ രഹസ്യമായി പങ്കുവെച്ചതാണല്ലോ അച്ഛൻ. സഫലമാകാതെ പോയ ഒരു കൗമാര പ്രണയത്തിന്റെ കഥ. അത് മകനറിയുന്നത് അദ്ദേഹത്തിന് ഇഷ്ടമാകണമെന്നില്ല.
സംഗീത സംവിധായകൻ പുകഴേന്തിയെ കുറിച്ചെഴുതിയ സുദീർഘമായ ലേഖനം ഇഷ്ടപ്പെട്ടു എന്നറിയിക്കാനാണ് അച്ഛൻ ആദ്യം വിളിച്ചത്. എന്നിട്ട് “ഭാഗ്യമുദ്ര”യിലെ “മധുരപ്രതീക്ഷ തൻ” എന്ന പാട്ടിന്റെ പല്ലവി മനോഹരമായി പാടിക്കേൾപ്പിക്കുക കൂടി ചെയ്തു അദ്ദേഹം. “എന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ട് മൂപ്പരാണ് ഉണ്ടാക്കിയത് എന്നത് പുതിയ ഒരറിവാണ്. ബാബുരാജ് ആണെന്നായിരുന്നു ഇതുവരെയുള്ള ധാരണ. ആ മെലഡിക്ക് ഒരു ബാബുരാജ് ടച്ച് ഉള്ളപോലെ… “
ഒപ്പം ഒന്നു കൂടി ഓർമ്മപ്പെടുത്തി അദ്ദേഹം. “ആ പാട്ടിന്റെ ചരണത്തിൽ രണ്ട് രസികൻ വരികളുണ്ട്. ഭാസ്കരൻ മാഷ്‌ക്ക് മാത്രം എഴുതാൻ പറ്റുന്ന ടൈപ്പ് വരികൾ: മുത്തു കൊടുത്തിട്ടും സ്വർണ്ണം കൊടുത്തിട്ടും മറ്റെന്തോ കിട്ടുവാൻ കാത്തുനിന്നു, അവൻ മറ്റെന്തോ കിട്ടുവാൻ കാത്തുനിന്നു… ഈ മറ്റെന്തോ എന്ന് പറഞ്ഞാൽ എന്താണാവോ കവി ഉദ്ദേശിച്ചത്? ഉമ്മ ആയിരിക്കുമോ. ചുംബനം?” ഒരു നിമിഷം നിർത്തിയ ശേഷം ക്ഷമാപണ ധ്വനിയോടെ ഒരു കാര്യം കൂടി കൂട്ടിച്ചേർത്തു അദ്ദേഹം. “ഞാൻ ഫ്രീഡം എടുക്കുന്നതിൽ ഒന്നും തോന്നരുത് ട്ടോ. ഫോട്ടോയിൽ കണ്ടപ്പോൾ ന്റെ ചെറ്യേ അനിയന്റെ പ്രായേള്ളൂ ന്നാ തോന്ന്യേത്. അതോണ്ട് കൊറച്ചു വികൃതിത്തരം പറയുന്നതിൽ കൊഴപ്പംല്യാ ന്ന് തോന്നി.”
“ഏയ് ഒരു കുഴപ്പവുമില്ല. എന്തും പറഞ്ഞോളൂ. പിന്നെ ഉമ്മയുടെ കാര്യം. എന്തായാലും പകരം കിട്ടിയത് ആരോമൽപ്പെണ്ണിന്റെ ഹൃദയം എന്നാണ് മാഷ് തന്നെ പാട്ടിന്റെ അടുത്ത വരിയിൽ പറയുന്നത്. അപ്പോൾ പിന്നെ ഉമ്മയാണ് ചോദിച്ചതെന്ന് എങ്ങനെ നമുക്ക് ഉറപ്പിക്കാൻ പറ്റും?” മറുപുറത്ത് ചിരി: “വയലാർ ആണെങ്കിൽ ഉമ്മ തന്നെ എന്നുറപ്പിക്കാമായിരുന്നു, അല്ലേ? ഭാസ്കരൻ മാഷ് അങ്ങനെ വല്ലാണ്ടങ്ങട്ട് ഓപ്പൺ ആയി എഴുതില്ല. എല്ലാം നമുക്ക് സങ്കൽപ്പിക്കാൻ വിട്ടു തരും..”
സിനിമാപ്പാട്ടിലെ ശ്രുംഗാര കൽപ്പനകളെക്കുറിച്ചൊരു സ്റ്റഡി ക്ലാസ് ആയിരുന്നു പിന്നെ. “നിറഞ്ഞ മാറിലെ ആദ്യനഖക്ഷതം മറയ്ക്കുവാനേ കഴിയൂ” എന്നെഴുതി വിലപിച്ച വയലാറും “പിന്തിരിഞ്ഞു നീ നിൽക്കേ കാണുന്നു ഞാൻ മണിത്തംബുരു, ഇത് മീട്ടാൻ കൊതിച്ചു നിൽപ്പൂ കൈ തരിച്ചു നിൽപ്പൂ” എന്നെഴുതി കോരിത്തരിപ്പിച്ച ഒ എൻ വിയും “അധരം കൊണ്ടധരത്തിൽ അമൃത് നിവേദിക്കും അസുലഭ നിർവൃതി”യെ കുറിച്ചെഴുതി മോഹിപ്പിച്ച മങ്കൊമ്പും “കതിര് പോലുള്ള നിൻ താരുണ്യത്തിൻ കദളീ മുകുളങ്ങളിൽ വിരൽനഖപ്പാടുകൾ ഞാൻ തീർക്കു”മെന്ന് മുന്നറിയിപ്പ് തന്ന ഭരണിക്കാവും “കുന്നുകളിൽ ശാദ്വല ഭംഗികളിൽ രതിരസമെന്നുമൊഴുകും ഏകമൂർച്ഛയിൽ” എന്നെഴുതി ബേജാറാക്കിയ എം ഡി രാജേന്ദ്രനും “മഞ്ഞിൽ കുതിർന്നാടും പൊന്നിനാട ഒന്നൊന്നായഴിഞ്ഞും നിന്റെ നെഞ്ചിൻ ചെണ്ടുമല്ലിപ്പൂവിൻ നേർത്ത ചെല്ലക്കൂമ്പുലഞ്ഞും” എന്ന് പാടിയ ഗിരീഷ് പുത്തഞ്ചേരിയും “തിരണ്ടു നിൽക്കുന്നൊരു താരുണ്യത്തിന്റെ തിരുവുടൽ ഭംഗി” ആസ്വദിപ്പിച്ച ആർ കെ ദാമോദരനും “നെഞ്ചിലൊന്നു നോക്കിപ്പോയാൽ കണ്ണിന്ന് തേരോട്ടം” എന്നെഴുതിവിട്ട സാക്ഷാൽ തിക്കുറിശ്ശിയും ഒക്കെ വന്നു നിറയും ആ സംഭാഷണത്തിൽ.
രസം തോന്നി. എന്റെ തന്നെ കാഴ്ചപ്പാടുകളും സങ്കല്പങ്ങളുമൊക്കെയാണല്ലോ ഈ മനുഷ്യനും പങ്കുവെക്കുന്നത് എന്ന് മനസ്സിലോർത്തു. “മധുരപ്രതീക്ഷ തൻ എന്ന പാട്ടിനോട് എനിക്കിത്ര ഇഷ്ടം ഉണ്ടാവാൻ കാരണം എന്താന്നറിയാണോ മേൻന്ന്?” — ആളുടെ ചോദ്യം. “ചെറുപ്പത്തിൽ ഒരു ചെറ്യേ ലവ് അഫയർ ഉണ്ടായിരുന്നു. അച്ഛന്റെ അനിയന്റെ മോളോട്. അതിൽ ഒരു അരുതായ്കയുണ്ട് എന്നൊന്നും അറിയില്യ. മ്മടെ സ്വന്തം കസിൻ അല്ലേ, പെങ്ങളെപ്പോലെ കാണണം ന്നാണ്. അതൊന്നും മനസ്സിലാകുന്ന പ്രായം അല്ലല്ലോ. കുട്ടിക്കാലം മുതൽ ഒന്നിച്ചു കളിച്ചു നടന്നതുകൊണ്ട് വല്ലാത്ത ഒരിഷ്ടം. അത്രതന്നെ. നന്നായി പാടുന്ന കുട്ടിയാണ്. ഈ പാട്ട് അവൾ പാടിയാണ് ഞാൻ ആദ്യം കേട്ടത്. പിന്നെ എപ്പഴും ഞാൻ അവളെക്കൊണ്ട് അത് പാടിച്ചു കേൾക്കും. ഈ വരികളൊക്കെ എന്നെ മനസ്സിൽക്കണ്ടു പാടുന്നപോലെയാണ് തോന്നുക. ശരിക്കും അതങ്ങനെ ആയിരുന്നു എന്ന് വർഷങ്ങൾ കഴിഞ്ഞു അവൾ തന്നെ പറഞ്ഞറിഞ്ഞപ്പോഴാണ് ഞാൻ അത്ഭുതപ്പെട്ടത്. കണ്ണ് നെറഞ്ഞുപോയി മാഷേ..”
കസിൻസ് തമ്മിലുള്ള സ്നേഹം അതിരു കടക്കുന്നു എന്ന സംശയം തോന്നിയപ്പോൾ മാതാപിതാക്കൾ ഇടപെട്ടു ബുദ്ധിപൂർവം ഇരുവരേയും അകറ്റി. പെൺകുട്ടിയുടെ അച്ഛൻ ട്രാൻസ്ഫറായി ഉത്തരേന്ത്യയിലേക്ക് പോയതോടെ അവശേഷിച്ച ബന്ധവും മുറിഞ്ഞു. ഫോൺ പോലും ആർഭാടമായ കാലമല്ലേ? എഴുതിയയയച്ച ഒന്നുരണ്ടു കത്തുകൾ ചെന്നെത്തിയത് കുട്ടിയുടെ അച്ഛന്റെ കൈയിലും. അതും വലിയ പ്രശ്നമായി. “പതുക്കെ പതുക്കെ ഞങ്ങൾ അകന്നു. വീട്ടുകാർ തമ്മിൽ ചെറിയൊരു സ്വത്ത് തർക്കം കൂടി ഉണ്ടായതോടെ അവധിക്കാലത്തെ വരവും കൂടിക്കാഴ്ചകളും ഇല്ലാതായി. കത്തെഴുത്തും നിന്നു. കാലം എല്ലാ വേദനകളും മായ്ക്കുമല്ലോ. മുപ്പതാം വയസ്സിൽ എന്റെ കല്യാണം കഴിഞ്ഞു. അവളും ഒരു പോലീസുകാരനെ കെട്ടി എന്നറിഞ്ഞത് കുറേക്കാലം കഴിഞ്ഞിട്ടാണ്. പരസ്പരം ഒരു ബന്ധവുമില്ലല്ലോ.”
പിന്നീടൊരിക്കലേ ഇരുവരും കണ്ടുമുട്ടിയുള്ളൂ; വളരെ വളരെ വർഷങ്ങൾക്ക് ശേഷം തികച്ചും യാദൃച്ഛികമായി ഒരു അകന്ന ബന്ധുവിന്റെ വിവാഹച്ചടങ്ങിനിടെ ഗുരുവായൂർ വെച്ച്. “അമ്പലത്തിൽ തൊഴാൻ ചെന്നപ്പോൾ അവളാണ് അടുത്തുവന്ന് പരിചയം പുതുക്ക്യേത്. എനിക്ക് പെട്ടെന്ന് മനസ്സിലായില്യ. രണ്ടാൾക്കും ഷഷ്ടിപൂർത്തി കഴിഞ്ഞില്ലേ? കാഴ്ചടെ പ്രശ്നവും ഉണ്ട് എനിക്ക്. ഭാഗ്യത്തിന് രണ്ടുപേരും ഒറ്റയ്ക്കായിരുന്നു. ഒപ്പം ഉള്ളോരൊക്കെ ഉള്ളിൽ തൊഴാൻ പോയിരിക്കുന്നു. ഒരു അഞ്ചുപത്ത് മിനിറ്റ് മനസ്സറിഞ്ഞു സംസാരിച്ചു. ആ കുട്ടി വല്ലാതെ ക്ഷീണിച്ചിരുന്നു. മുടി നരച്ചിട്ടും ഉണ്ട്. ന്റെ സ്ഥിതീം അതെന്നെ…
“യാത്ര പറയും മുൻപ് മധുരപ്രതീക്ഷ ഒന്ന് പാടിത്തര്വോ ന്ന് ചോദിച്ചു ഞാൻ. പഴേ ഓർമ്മയിൽ ചോദിച്ചതാണ്. അപ്പൊ ആ കുട്ടീടെ മൊഖത്ത് കണ്ട ഒരു ഭാവം ണ്ട്. ന്റെ മേൻനേ, കണ്ടാൽ നിങ്ങക്കും കൂടി നാണം വരും. ശരിക്കും ആ പഴേ സ്കൂൾ കുട്ടിയുടെ ഭാവം. ഞാനും ആകെ ഇമോഷണൽ ആയി. ചുറ്റമ്പലത്തിൽ പടിഞ്ഞാറേ നടയുടെ വാതിലിന്റെ അടുത്ത് നിന്ന് ആ പാട്ട് ഞാൻ ഒരിക്കൽ കൂടി അവള് പാടിക്കേട്ടു അന്ന്. അന്നത്തെ ആ അനുഭൂതി പറഞ്ഞറിയിക്കാൻ വയ്യ. പാട്ട് ഭഗവാനും കേട്ടിട്ടുണ്ടാകും ന്ന് ഒറപ്പാ. മൂപ്പരും പ്രേമത്തിന്റെ ആളാണല്ലോ.” അന്ന് യാത്ര പറഞ്ഞു പിരിഞ്ഞതാണ് ആ കുട്ടി. പിന്നെ കണ്ടിട്ടില്ല; സ്വപ്നത്തിലല്ലാതെ.
പഴയ കാമുകന്റെ സംസാരത്തിൽ നേർത്തൊരു വിങ്ങൽ പോലെ. പ്രണയത്തിനെന്ത് പ്രായം എന്ന് തോന്നി അപ്പോൾ. എല്ലാ കീഴ്‌വഴക്കങ്ങളും ലംഘിച്ചുകളയും അത്. എല്ലാ നിയമങ്ങളും കാറ്റിൽ പറത്തും.
കുടുംബജീവിതത്തെ കുറിച്ച് അധികമൊന്നും സംസാരിച്ചു കേട്ടിട്ടില്ല അദ്ദേഹം. ഭാര്യ തലേ വർഷം മരിച്ചു. ഹൃദയസംബന്ധമായ അസുഖമായിരുന്നു. രണ്ടു മക്കളിൽ പെൺകുട്ടി വിദേശത്താണ്. ആൺകുട്ടി ഒപ്പമുണ്ട്. സർക്കാരുദ്യോഗമാണ്. കല്യാണം കഴിച്ചിട്ടില്ല.
പിന്നേയും ഇടക്കൊക്കെ വിളിച്ചു അദ്ദേഹം. കൊല്ലത്തിൽ രണ്ടോ മൂന്നോ തവണയാണ് വിളിക്കുക. ഒന്നുകിൽ വായിച്ച ലേഖനങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ. അല്ലെങ്കിൽ ഇഷ്ടഗാനങ്ങൾ പങ്കുവെക്കാൻ. അതുമല്ലെങ്കിൽ പുതിയ പാട്ടുകളുടെ മൂല്യച്യുതിയെ കുറിച്ച് പറഞ്ഞു പരിതപിക്കാൻ. ഭാസ്കരൻ മാഷിന്റെയും യൂസഫലി കേച്ചേരിയുടെയും രചനകളോടാണ് ഇഷ്ടക്കൂടുതൽ. വരികൾ പലതും മനഃപാഠം.
ഒരു നാൾ വിളിച്ചപ്പോൾ ചെറിയൊരു ആശങ്കയുടെ ധ്വനിയുണ്ട് ശബ്ദത്തിൽ. ഇയ്യിടെയായി ഓർമ്മ കുറഞ്ഞുവരുന്ന പോലെ. സ്മൃതിനാശം ബാധിച്ചു തുടങ്ങിയോ എന്നാണ് സംശയം. ആളുകളുടെ പേരുകൾ ഓർമ്മയിൽ നിൽക്കുന്നില്ല. സ്ഥലപ്പേരുകളും. അച്ഛനും അമ്മയും വാർധക്യത്തിൽ മറവിരോഗത്തിന്റെ അടിമകളായിരുന്നു. അതുകൊണ്ട് തനിക്കും ആ അസുഖം വരുമോ എന്നൊരു ഭയം. “മേൻനേ, മറവിയെ ഞാൻ നിലക്ക് നിർത്തുന്നത് എങ്ങനെ എന്നറിയാമോ? എപ്പോഴും പാട്ടുകൾ മൂളിക്കൊണ്ടിരിക്കും. മനസ്സിലെങ്കിലും. പത്തഞ്ഞൂറു പാട്ടുകളെങ്കിലും എനിക്ക് കാണാപ്പാഠമാണ്. ഇടക്ക് പാട്ടിൻെറ ഏതെങ്കിലും ഒരു വരി, അല്ലെങ്കിൽ വാക്കാണ് മനസ്സിൽ തടയുക. പിന്നെ അതിന്റെ തുടക്കം കണ്ടെത്താനുള്ള യജ്ഞമായി. പാട്ടുപുസ്തകവും കമ്പ്യൂട്ടറും ഒന്നും നോക്കില്ല. മനസ്സു കൊണ്ട് ഓർത്തെടുക്കാൻ ശ്രമിക്കും. ചിലപ്പോൾ ഒരാഴ്ചയൊക്കെ പാട്ടിന്റെ തുടക്കം തേടി അലഞ്ഞിട്ടുണ്ട്. എന്നാലും വിട്ടുകൊടുക്കില്ല. മറവിയോട് അങ്ങനെ സുല്ലിടാൻ പാടില്യല്ലോ നമ്മൾ.”
പാട്ടുകൾ മനഃപാഠമാക്കിയതെങ്ങനെ എന്നും വിശദീകരിച്ചു അദ്ദേഹം. “കുട്ടിക്കാലത്ത് വീട്ടിൽ റേഡിയോ ഒന്നും ഉണ്ടായിരുന്നില്ല. അന്ന് അതൊക്കെ പൈസക്കാരുടെ കുടുംബങ്ങളിലേ കാണൂ. വീട്ടിനടുത്ത് ഒരു സിനിമാക്കൊട്ടകയുണ്ട്. അവിടെ ഓരോ ഷോയ്ക്ക് മുൻപും ഗ്രാമഫോൺ റെക്കോർഡ് വെക്കും. മിക്ക പാട്ടുകളും അവിടെ നിന്നാണ് കേട്ടിട്ടുള്ളത്. വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ വരികൾ കേട്ട് എഴുതിയെടുക്കും. പാടിപ്പാടി മനഃപാഠമാക്കും. അങ്ങനെ കൂടെ കൊണ്ടുനടന്നു തുടങ്ങിയതാണ് പാട്ടുകളെ. ഓർമ്മകളെ അങ്ങനെയൊന്നും ഒഴിഞ്ഞുപോവില്ല അവ…”
ജീവിത സായാഹ്നത്തിന്റെ ഏതോ ഒരു ഘട്ടത്തിൽ ആ “ഒഴിഞ്ഞുപോക്ക്” തുടങ്ങിയപ്പോൾ അതുകൊണ്ടുതന്നെ ആദ്യമാദ്യം അതുൾക്കൊള്ളാൻ മടിച്ചു അദ്ദേഹത്തിന്റെ മനസ്സ്. കുറച്ചു കഴിഞ്ഞപ്പോൾ അനിവാര്യമായ ആ വിധിയുമായി സമരസപ്പെട്ടിരിക്കണം അദ്ദേഹം. പിന്നീട് ഒരു തവണ കൂടിയേ വിളി വന്നുള്ളൂ. സംസാരത്തിൽ പഴയ ഉന്മേഷവും നർമ്മബോധവുമില്ല. ഓർമ്മയുടെ കണ്ണികൾ ഇടയ്ക്കിടെ മുറിഞ്ഞുപോകുന്ന പോലെ. “പട്ടുറുമാലിനെ കുറിച്ചൊരു പാട്ടുണ്ടല്ലോ. നല്ലൊരു പാട്ട്. യേശുദാസ് പാടിയതാണെന്ന് തോന്നുന്നു. തുടക്കം എത്ര ആലോചിച്ചിട്ടും കിട്ടിണില്യ…” ഇടയ്ക്ക് അദ്ദേഹം പറഞ്ഞു. ഭാർഗ്ഗവീനിലയത്തിലെ വിഖ്യാതമായ “താമസമെന്തേ വരുവാൻ” എന്ന പാട്ട് പോലും ആ ഓർമ്മകളിൽ നിന്ന് മാഞ്ഞുതുടങ്ങിയിരുന്നു എന്ന സത്യം ഞെട്ടലോടെ തിരിച്ചറിഞ്ഞത് ആ നിമിഷമാണ്.
ഫോൺ വെക്കുമ്പോൾ അദ്ദേഹം പറഞ്ഞു: “ഇനി വിളിക്കാൻ പറ്റുമോ എന്നറിയില്ല. സംസാരത്തിൽ എന്തൊക്കെയോ പന്തികേട് തോന്നണുണ്ട്. ക്ഷമിക്കണം.”
പിന്നീടൊരിക്കലും വിളിച്ചില്ല അദ്ദേഹം. മാസങ്ങൾ കഴിഞ്ഞ് അങ്ങോട്ട് ഫോൺ ചെയ്തപ്പോഴാണ് ഓർമ്മകൾ അച്ഛന്റെ ചൊൽപ്പടിക്ക് നിൽക്കാതായ കഥ മകൻ പറഞ്ഞറിഞ്ഞത്. “വേണെങ്കിൽ അച്ഛന് ഫോൺ കൊടുക്കാം.”– മകൻ പറഞ്ഞു. “പക്ഷെ തിരിച്ചറിയാൻ സാധ്യതയില്ല. മൂപ്പര് എന്തെങ്കിലുമൊക്കെ പറയും. നിങ്ങൾക്കും സങ്കടാവും.” ശരിയാണ്. വേണ്ട. സംസാരിക്കാതിരിക്കുന്നതാണ് ഭംഗി. ആ പഴയ ശബ്ദത്തിലെ കുസൃതിയും പ്രായത്തിനതീതമായ പ്രണയഭാവവും ഇപ്പോഴും ഓർമ്മയിലുണ്ടല്ലോ. അതു മതി.
രണ്ടു വർഷം കൂടി കഴിഞ്ഞൊരു രാത്രി “മധുരപ്രതീക്ഷ തൻ” എന്ന പാട്ട് റേഡിയോയിൽ അപ്രതീക്ഷിതമായി കേട്ടപ്പോഴാണ് വീണ്ടും അദ്ദേഹത്തെ ഓർത്തത്. പിറ്റേന്ന് കാലത്ത് നമ്പർ തപ്പിയെടുത്തു വിളിച്ചപ്പോൾ ഫോണെടുത്തത് മകൻ തന്നെ.
“അയ്യോ, ചേട്ടനെ അറിയിക്കാൻ മറന്നു. അച്ഛൻ പോയി ട്ടോ, ആറു മാസം മുൻപ്.”– മകൻ പറഞ്ഞു. “ഉറക്കത്തിലായിരുന്നു മരണം. പീസ്‌ഫുൾ ഡെത്ത്. മൂപ്പര് ആഗ്രഹിച്ച പോലെ തന്നെ. ഒരു തരത്തിൽ പറഞ്ഞാൽ വല്യൊരു മോക്ഷം പോലെ ആണ്. വല്ലാത്ത ദുരിതത്തിലായിരുന്നു കുറേക്കാലം…” അച്ഛൻ വാങ്ങി ശേഖരിച്ചു വെച്ചിരുന്ന നൂറു കണക്കിന് കാസറ്റുകളും സി ഡി കളും പാട്ടുപുസ്തകങ്ങളുമൊക്കെ എങ്ങനെ വീട്ടിൽ നിന്ന് ഒഴിവാക്കും എന്ന ആശങ്കയിലായിരുന്നു മകൻ.
ഫോൺ വെക്കുമ്പോൾ കാതുകളിൽ, മനസ്സിൽ ആ ശബ്ദം വീണ്ടും മുഴങ്ങി. പാട്ടിൽ സർവവേദനകളും അലിയിക്കാൻ ശ്രമിച്ച ഒരു മനുഷ്യന്റെ വികാരദീപ്തമായ ശബ്ദം. “പാട്ട് ന്ന് പറഞ്ഞാൽ പ്രാന്താണ് എനിക്ക്. മരിച്ചാലും മാറില്ല്യ ഈ പ്രാന്ത്. മേനോൻ സൂക്ഷിച്ചോളൂട്ടോ. ഉറക്കത്തിൽ പ്രേതമായിട്ട് വന്ന് നിങ്ങടെ കാതിൽ പാടും ഞാൻ. അപ്പൊ ആട്ടി ഓടിക്കാതിരുന്നാൽ മതി.” നിലയ്ക്കാത്ത ഒരു പൊട്ടിച്ചിരി പിന്നാലെ.
ഒരിക്കലുമില്ല. പ്രണയഗാനം പാടുന്ന പ്രേതങ്ങളെ ആർക്കാണ് ഭയം?
— രവിമേനോൻ