രണ്ടു ഓട്ടോറിക്ഷകളിൽ ആയി ഒരു ഓഫീസിൽ വന്നിറങ്ങിയ ഒരേയൊരാൾ നമ്മുടെ മാമുക്ക ആണ്.ആ മഞ്ഞ ജുബ്ബയും ലുങ്കിയും മലബാർ ഭാഷയും മലയാളിയുടെ ശീലം ആയി മാറി.മഹർഷിയുടെ വേഷത്തിൽ എത്തുന്ന മാമുക്കയോട് മഹർഷി ഈ ശൈലിയിൽ ആണോ സംസാരിക്കുക എന്ന ചോദ്യത്തിന് മലപ്പുറത്ത് ജനിച്ചാൽ ഏതു മഹർഷിയും ഇങ്ങനെയേ പറയു എന്ന ഒറ്റ ഡയലോഗിലൂടെ മാമുക്കോയ തന്റെ നയം വ്യക്തമാക്കി.

ഹാസ്യവും സീരിയസും സ്വഭാവനടൻ എന്നൊന്നും നോക്കാതെ മാമുക്കോയ അരങ്ങിലും സിനിമയിലും ജീവിച്ചു.ഹിസ് ഹൈനസ് അബ്ദുള്ളയിലെ വേഷം വേറെ ഒരാളെയും വെച്ച് ആലോചിച്ചെടുക്കുവാൻ നമുക്കു ആവാത്ത വിധം അദ്ദേഹം കയ്യൊപ്പിട്ടതായിരുന്നു.സാംസ്‌കാരിക കൂട്ടായ് മകളിലും ജീവിതത്തിലും

സിനിമയിലും രാഷ്ട്രീയത്തിലും തന്റേതായ നിലപാടുകളിൽ ഉറച്ചു നിന്ന തലയെടുപ്പുള്ള നടൻ ആയിരുന്നു നമുക്ക് മാമുക്കോയ.നാനൂറ്റി അൻപതോളം സിനിമകൾ അതിൽ ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങൾ ….

പൊന്മുട്ടയിടുന്ന താറാവിലെ മാമുക്കോയയുടെ ചായക്കടക്കാരൻ വിറകടുപ്പ് ഊതുമ്പോൾ മലയാളി ഒന്നാകെ ആണ് ചിരിച്ചുമറിഞ്ഞത് .അത്രക്കും സ്വാഭാവികത ഉണ്ടായിരുന്നു ആ കഥാപാത്രത്തിന് .കീലേരി അച്ചുവും ഗഫൂറും നമ്മളെ വിട്ടു എവിടെപ്പോകാൻ ….?

സത്യൻ അന്തിക്കാട് ചിത്രത്തിലെ ചായക്കടക്കാരനും ബ്രോക്കറും മീൻവില്പനക്കാരനുമായുള്ള വേഷങ്ങൾ ഇനി മാമുക്കോയയാൽ പൂരിപ്പിക്കപ്പെടാതെ കിടക്കും ….കാരണം ജീവിതത്തിൽ റീ ടേക്കുകൾ ഇല്ലല്ലോ…