ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ കൊളസ്‌ട്രോള്‍ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. തെറ്റായ ഭക്ഷണശീലമാണ് കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നതിനുള്ള പ്രധാന കാരണം. എന്നാല്‍ ഭക്ഷണക്കാര്യത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനാകും. ഇഷ്ടത്തിന് അനുസരിച്ച് ഭക്ഷണം കഴിച്ചുകൊണ്ടുതന്നെ കൊളസ്ട്രോള്‍ നിയന്ത്രിക്കാനുള്ള ലളിതമായ വഴികള്‍ ഇതാ
1.ആരോഗ്യകരമായ കൊഴുപ്പുകള്‍ തെരഞ്ഞെടുക്കുക
ഭക്ഷണം പാകെ ചെയ്യാനായി ഇടയ്ക്ക് ഒലിവ് ഓയില്‍ ഉപയോഗിക്കാം. കൂടാതെ ഭക്ഷണക്രമത്തില്‍ പയര്‍ വര്‍ഗങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്താം. ഇതിലൂടെ അപൂരിത കൊഴുപ്പ് വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ഇത് കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും.
2.ഭക്ഷണ ലേബലുകള്‍ വായിക്കുക
പുറത്തുനിന്ന് വാങ്ങുന്ന പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലുകള്‍ വായിക്കുക. ഭാഗികമായി ഹൈഡ്രജന്‍ എണ്ണകള്‍ (ട്രാന്‍സ് ഫാറ്റുകളുടെ ഉറവിടം) ഉള്ള ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുക. പൂരിത കൊഴുപ്പിന്റെയും കൊളസ്‌ട്രോളിന്റെയും ഉള്ളടക്കം പരിശോധിക്കുക, പ്രത്യേകിച്ച് ലഘുഭക്ഷണങ്ങളിലും ബേക്കറി സാധനങ്ങളിലും. ട്രാന്‍സ് ഫാറ്റ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക

3.കൊഴുപ്പ് കുറഞ്ഞ മാംസാഹാരം
ബീഫ്, മട്ടന്‍, പോലെയുള്ള റെഡ് മീറ്റ് ഒഴിവാക്കി പകരം ചിക്കന്‍, ടര്‍ക്കി, താറാവ്, മല്‍സ്യം പോലെയുള്ള വൈറ്റ് മീറ്റ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
4.സസ്യാഹാരം
ബീന്‍സ്, പയര്‍, പച്ചക്കറികള്‍ ഇലക്കറികള്‍ തുടങ്ങിയ സസ്യാധിഷ്ഠിത ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുക.
5.കൂടുതല്‍ നാരുകള്‍ കഴിക്കുക
ഓട്‌സ്, ആപ്പിള്‍, ബീന്‍സ്, ഫ്‌ളാക്‌സ് സീഡുകള്‍ എന്നിവയില്‍ കാണപ്പെടുന്ന ലയിക്കുന്ന നാരുകള്‍ രക്തപ്രവാഹത്തില്‍ നിന്ന് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. അതിനാല്‍ നാരുകള്‍ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കുക.
6.പഞ്ചസാരയും ഉപ്പും നിയന്ത്രിക്കുക
പഞ്ചസാര, ഉപ്പ് എന്നിവ കൂടുതലായ അടങ്ങിയ ശീതളപാനീയങ്ങള്‍, ലഘുഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡ്, ബേക്കറി ഭക്ഷണം എന്നിവ കുറയ്ക്കുക. പഞ്ചസാര കൂടുതലുള്ള ഭക്ഷണം ട്രൈഗ്ലിസറൈഡുകള്‍ വര്‍ദ്ധിപ്പിക്കും.
7.പാചകത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
എണ്ണയില്‍ വറുത്ത് ഭക്ഷണം തയ്യാറാക്കുന്നത് കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക. പകരം ബേക്ക് ചെയ്‌തോ, ഗ്രില്‍ ചെയ്‌തോ ആവിയില്‍ വേവിച്ചോ കഴിക്കാം. ക്രീം സോസുകള്‍ ഒഴിവാക്കി പകരം മസാലകള്‍ ഉപയോഗിക്കാം.