ചെറുതുരുത്തി: കുണ്ടും, കുഴിയും, വെള്ളക്കെട്ടും നിറഞ്ഞ് അപകടാവസ്ഥയിലായ കൊടുങ്ങല്ലൂർ – ഷൊർണൂർ സംസ്ഥാന പാതയിലെ ഷൊർണൂർ റെയിൽവേ മേൽപ്പാലത്തിനു മുകളിൽ റോഡ് തകർന്ന് വാഹനാപകടവും ഗതാഗത കുരുക്കും പതിവാകുന്നു. നാലു വർഷമായി തകർന്ന് കിടക്കുന്ന റോഡിൽ ഇരു ചക്രവാഹനങ്ങൾ മുതൽ ടിപ്പർ ലോറികൾ ഉൾപ്പെടെയുള്ള ഒട്ടേറെ വാഹനങ്ങളാണ് അപകടത്തിൽ പെടുന്നത്. ദിവസവും പാലക്കാട് ജില്ലയിൽ നിന്നും തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിലേക്ക് രോഗികളുമായി എത്തുന്ന നൂറുകണക്കിനു ആംബുലൻസുകൾ കടന്നു പോകുന്ന പ്രധാന വഴിയാണിത്. മേൽപാലം മുതൽ എസ്എംപി ജംക്ഷൻ വരെയുള്ള റോഡാണ് പൂർണമായി തകർന്ന് അപകടാവസ്‌ഥയിൽ കിടക്കുന്നത്. റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പുറമെ ഇടയ്ക്കിടെ ഉണ്ടാകുന്ന ഗതാഗത കുരുക്കിനെ തുടർന്ന് ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിൽ സമയത്തിനു എത്താൻ പറ്റാത്തതിനാൽ ട്രെയിൻ കിട്ടാത്ത യാത്രക്കാർ ഏറെയാണ്. വർഷങ്ങളായി തകർന്ന് അപകട കെണിയായി കിടക്കുന്ന പാതയുടെ നിർമാണം നടത്താത്ത പൊതുമരാമത്ത് റോഡ്‌സ് വിഭാഗത്തിനെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്‌തമാവുകയാണ്