പാലിയേക്കര ടോള്‍പിരിവ് നിര്‍ത്തിവെച്ചു കൊണ്ട് ഏപ്രില്‍ 28 ന് പുറപ്പെടുവിച്ച ഉത്തരവ് റദ്ദ് ചെയ്തുകൊണ്ട് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉത്തരവിറക്കിയതിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി പ്രസാദ് പാറേരി സമരം ഉദ്ഘാടനം ചെയ്തു.
ദേശീയപാത 544 ല്‍ മണ്ണുത്തി-ഇടപ്പള്ളി മേഖലയില്‍ ബ്ലാക്ക് സ്പോട്ട് റെക്ടിഫിക്കേഷന്റെ ഭാഗമായി നിര്‍മ്മിക്കുന്ന അടിപ്പാത, മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായിരുന്നു പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍പിരിവ് നിര്‍ത്തിവച്ചുകൊണ്ട് ഉത്തരവിറക്കിയത്. എന്നാൽ രാവിലെ ഇറക്കിയ ഉത്തരവ്, ഗതാഗത കുരുക്ക് നിലനിൽക്കെ വൈകീട്ടായപ്പോഴേക്കും എങ്ങനെയാണ് പരിഹരിച്ചത് എന്ന ആശങ്ക എ.ഐ വൈ എഫ് പ്രകടിപ്പിച്ചു.
കരാർ കമ്പനി യാതൊരു മാനദണ്ഡങ്ങളുമില്ലാതെയാണ് പിരിവ് നടത്തുന്നത്. ജനങ്ങൾക്ക് അതിവേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ ഈ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ സാധിക്കുന്നില്ല. ഡ്രയ്നേജ് സൗകര്യമോ അടിസ്ഥാന പ്രവർത്തികൾ ഒന്നും തന്നെ ഇല്ലാതെ യഥേഷ്ടം ചുങ്കപിരിവ് നടത്തുകയാണ്. ഈ വിഷയത്തിൽ കളക്ടർ രാവിലെ നൽകിയ ഉത്തരവ് പിൻവലിച്ചത് കേന്ദ്ര സർക്കാറിന് കീഴിലുള്ള NHAI യുടെ സമ്മർദ്ദത്തിൻ്റെ ഭാഗമായിട്ടാണോ എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം, ജനങ്ങളെ നോക്കുകുത്തികളാക്കി നാഷണൽ ഹൈവേ അതോറിറ്റിയുടെ കീഴിൽ നടത്തുന്ന ഈ പകൽ കൊള്ളക്കെതിരെ തൃശ്ശൂരിൽ നിന്നുള്ള എം പി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്നും AlYF ജില്ലാ സെക്രട്ടറി പ്രസാദ് പറേരി അഭിപ്രായപ്പെട്ടു.
എഐവൈഎഫ് ജില്ലാ പ്രസിഡണ്ട് ബിനോയ് ഷബീർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടോക്കാരൻ, എ.ഐ.വൈ.എഫ് ജില്ലാ എക്സികുട്ടീവ് അംഗങ്ങളായ അഖിൽ. ജി.എം, അഖിൽ. പി.എസ് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. എ.ഐ.വൈഎഫ് മണ്ഡലം സെക്രട്ടറി വി.എൻ അനീഷ് സ്വാഗതവും മണ്ഡലം പ്രസിഡന്റ് വി ആർ രബീഷ് നന്ദിയും പറഞ്ഞു.


