പുത്തൂർ: റോഡ് വികസനത്തിൻ്റെ ഭാഗമായി പുത്തൂരിൽ കണ്ടെത്തിയ പുറമ്പോക്കിലെ നിർമാണങ്ങൾ പൊളിച്ചു തുടങ്ങി. അടുത്തയാഴ്ച മുതൽ ജങ്ഷനിലും പൊളിക്കൽ തുടങ്ങുമെന്ന് പൊതുമരാമത്ത് വിഭാഗം അധികൃതർ പറഞ്ഞു. സുവോളജിക്കൽ പാർക്ക് സജ്ജമാകും മുൻപേ തന്നെ റോഡ് നിർമാണം പൂർത്തിയാക്കും. നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കാൻ മാത്രം 47 കോടി രൂപ കിഫ്ബി വഴി ലഭ്യമാക്കി. ഇതിൽ ഭൂരിഭാഗം പേർക്കും പണം നൽകിക്കഴിഞ്ഞു. തർക്കം മൂലം ചില ഭാഗങ്ങളിൽ അളവെടുപ്പ് നടന്നെങ്കിലും ഭൂമി ഏറ്റെടുത്തിട്ടില്ല.
ദേശീയപാതയിൽ കുട്ടനെല്ലൂർ മേൽപ്പാലം മുതൽ പുത്തൂർ പയ്യപ്പിള്ളി മൂല വരെയുള്ള ഏകദേശം നാലുകിലോമീറ്ററിലാണ് റോഡ് പതിനഞ്ച് മീറ്റർ വീതിയിൽ വികസിപ്പിക്കുന്നത്. ഇളംതുരുത്തി ഭാഗത്ത് ഭൂവുടമകൾ തന്നെ മതിലുകളും മറ്റും പൊളിച്ചു നീക്കിയിരുന്നു. റോഡിന് വേണ്ടി പുത്തൂരടക്കം അഞ്ച് വില്ലേജുകളിലെ 1.61 ഹെക്‌ടർ ഭൂമിയാണ് ഏറ്റെടുത്തത്.
പുത്തൂരിൽ നിലവിലുള്ള പാലത്തിന് സമീപം മറ്റൊരു സമാന്തരപാലവും നിർമിക്കുന്നുണ്ട്. ഇതിന് സർക്കാർ 10 കോടി രൂപ പ്രത്യേകം അനുവദിച്ചിട്ടുണ്ട്. പാലത്തിന് വേണ്ടിയുള്ള സ്ഥലമെടുപ്പും കഴിഞ്ഞു. ഭൂമി കൈമാറ്റവും നടന്നു. നിർമാണത്തിന് അനുമതി ലഭിച്ചതോടെ എസ്റ്റിമേറ്റ് നടപടികൾ തുടങ്ങി.
പുത്തൂർ റോഡിൻ്റെ നിർമാണം ഏറ്റെടുത്ത് നടത്തുന്നത് കേരള റോഡ് ഫണ്ട് ബോർഡ് ആണ്. റോഡിൻ്റെ നിർമാണത്തിന് മാത്രം 42 കോടി രൂപ അനുവദിച്ചിട്ടുണ്ട്. റോഡിൻ്റെ ഇരുഭാഗത്തെയും സ്ഥലമേറ്റെടുത്ത് കഴിഞ്ഞിട്ട് മാസങ്ങളായി. ജങ്ഷനിൽ നിർമിതികൾ പൊളിച്ചു നീക്കുന്നത് സംബന്ധിച്ച തർക്കമാണ് നടപടികൾ വൈകിപ്പിച്ചത്. ഇവിടെ അളവെടുപ്പ് നടന്നതിൽ ആരോപണവുമായി ചിലർ അധികൃതരെ സമീപിച്ചു. മഴയുടെ ശക്തി കുറയുന്നതോടെ തന്നെ റോഡിൻ്റെ നിർമാണം തുടങ്ങുമെന്നും അധികൃതർ പറഞ്ഞു.