യാത്രകൾക്ക് പലപ്പോഴും ട്രെയിൻ മാർഗം തിരഞ്ഞെടുക്കുന്നവരാണ് പലരും. സ്ഥിരമായി ട്രെയിനിൽ യാത്ര ചെയ്യുന്നവരുമുണ്ട്. പെട്ടന്ന് ഒരു യാത്ര പോകാൻ തോന്നിയാൽ നേരെ റെയിൽ വേ സ്റ്റേഷനിൽ ചെന്ന് ജനറൽ ടിക്കറ്റ് എടുത്തുള്ള യാത്ര പലരുടേയും പതിവാണ്. നിരവധി ആളുകളാണ് ദിവസേന ജനറൽ ടിക്കറ്റെടുത്ത് ട്രെയിൻ യാത്ര ചെയ്യുന്നത്. എന്നാൽ അത്തരക്കാർക്ക് തിരിച്ചടിയാവുകയാണ് ഇന്ത്യൻ റെയിൽ വേയുടെ പുതിയ മാറ്റങ്ങൾ. ജനറൽ ടിക്കറ്റ് മാർഗനിർദേശങ്ങളിലാണ് ഇപ്പോൾ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.
റെയിൽ വേ സ്റ്റേഷനിൽ എത്തിയ ശേഷം ജനറൽ ടിക്കറ്റുമായി ഏതെങ്കിലും ട്രെയിനിൻ്റെ ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്ന രീതി ഇനി നടക്കില്ല. കയറേണ്ട ട്രെയിനും ജനറൽ ടിക്കറ്റുകളിൽ രേഖപ്പെടുത്തി നൽകും. ആ ട്രെയിനിൽ മാത്രമേ ഇനി ജനറൽ ടിക്കറ്റുമായി യാത്ര ചെയ്യാൻ സാധിക്കുകയുള്ളൂ എന്നാണ് നിർദേശം.
കൂടാതെ ജനറൽ ടിക്കറ്റുകൾക്ക് സമയപരിധിയും ഉണ്ടായിരിക്കും. ജനറൽ ടിക്കറ്റെടുത്ത് മൂന്ന് മണിക്കൂറിനുള്ളിൽ യാത്ര ആരംഭിച്ചിരിക്കണം. ഇല്ലെങ്കിൽ ടിക്കറ്റ് അസാധുവാകുമെന്ന് നിയമത്തിൽ പറയുന്നത്. പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ, നിങ്ങൾ യാത്ര ചെയ്യേണ്ട ട്രെയിനിൽ യാത്ര ചെയ്തില്ലെങ്കിൽ ടിക്കറ്റ് അസാധുവാകും.
നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കർശനമായ പരിശോധനകളും ആരംഭിക്കും. അടുത്തിടെ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ നീക്കം. യാത്രക്കാരുടെ തിരക്ക് കുറയ്ക്കാനും മെച്ചപ്പെട്ട യാത്രാ സൗകര്യവും ലക്ഷ്യമിട്ടാണ് ജനറൽ ടിക്കറ്റ് മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നത്.