Sunday, September 15, 2024
HomeAnnouncementsഇലക്ട്രിക്ക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ @വലപ്പാട്
spot_img

ഇലക്ട്രിക്ക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ @വലപ്പാട്

ചാവക്കാട്-കൊടുങ്ങല്ലൂർ മേഖലയിൽ സഹകരണ രംഗത്ത് ആദ്യമായാണ് ഒരു ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ പ്രവർത്തനമാരംഭിക്കുന്നത്. നാട്ടിക ഫർക്ക റൂറൽ ബാങ്കിന്റെ കീഴിൽ ഓഗസ്റ്റ് 13 നാണ് ഉദ്ഘാടനം.

ഇലക്ട്രിക് വാഹനം വാങ്ങിയാൽ ഇടയ്ക്കു ചാർജ് ചെയ്യാൻ എന്തു ചെയ്യും? ഇലക്ട്രിക് വാഹനം വാങ്ങാൻ ആലോചിക്കുന്ന ഏതൊരാളെയും പിന്തിരിപ്പിക്കുന്ന ചോദ്യം ഇതാണ്. യാത്രയ്ക്കിടെ ഒരു മൊബൈൽ ഫോൺ ചാർജ് ചെയ്യുന്ന ലാഘവത്തോടെ വാഹനം ചാർജ് ചെയ്യാനാകുമെങ്കിൽ പ്രശ്നത്തിനു പരിഹാരമായി.
പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ കാലമാണ് ഇനി വരാൻ പോകുന്നതെന്ന തിരിച്ചറിവാണ് നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്ക് ഇലക്ട്രിക്ക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ തുടങ്ങാൻ കാരണം. പൂർണമായും സോളാർ സംവിധാനത്തിലാണ് ഈ ചാർജിങ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്.

ഈ വരുന്ന ഓഗസ്റ്റ് 13 നാണ് ബാങ്കിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം. സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ആണ് നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത്. അതോടനുബന്ധിച്ചു ഇലക്ട്രിക്ക് വെഹിക്കിൾ ചാർജിങ് സ്റ്റേഷനും പ്രവർത്തിച്ചു തുടങ്ങും. കൊടുങ്ങല്ലൂർ വാടാനപ്പള്ളി റൂട്ടിലെ വലപ്പാട് നാഷണൽ ഹൈവേയിൽ തല ഉയർത്തി നിൽക്കുന്ന ബാങ്ക് സാധാരണക്കാരുടെ ആശ്രയമാണ്.
നാട്ടികക്കാർക്കും വലപ്പാട് തൃപ്രയാർ സ്വദേശികൾക്കു പുറമെ ഇത് വഴി കടന്നുപോകുന്നവർക്കും ഈ സൗകര്യം ഉപയോഗിക്കാൻ സാധിക്കും. ഇലക്ടിക് വാഹനങ്ങളുടെ എണ്ണം കൂടുന്നതും ഇതരസംസ്ഥാനങ്ങളിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നുമുള്ള സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. അതിവേഗ ചാര്‍ജിങ് സ്റ്റേഷനാണ് ഇവിടെ പ്രവർത്തിക്കുക.
പരിസ്ഥിതി സൗഹൃദ വാഹനങ്ങളെ പിന്തുണയ്ക്കുന്നതിന്റെയും യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും മികച്ച സൗകര്യങ്ങൽ ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് ബാങ്ക് ഈ സംരഭത്തിനു തുടക്കം കുറിക്കുന്നത്. പത്തു പഞ്ചായത്തുകളിലായി 14 ബ്രാഞ്ചുകൾ ഉള്ള ഈ ബാങ്ക് 78 വർഷമായി നാട്ടികയുടെ ഹൃദയത്തുടിപ്പാണ്.
ഒരേ സമയം ഒന്നിൽകൂടുതൽ വാഹനങ്ങള്‍ ഒരുമിച്ച് ചാര്‍ജ് ചെയ്യാം. ചാര്‍ജിങ് ആപ്പ് മുഖേനയാണ് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യേണ്ടതും തുക അടയ്ക്കേണ്ടതും. ഉപഭോക്താക്കള്‍ക്ക് താല്പര്യമുള്ള പ്ലാനുകള്‍ തെരഞ്ഞെടുക്കാം. 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്റ്റേഷൻ യാത്രക്കാർക്ക് സ്വയം പ്രവർത്തിപ്പിക്കാവുന്ന നിലയിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്.
തൊട്ടു ചേർന്ന് വലപ്പാട് പോലീസ് സ്റ്റേഷൻ ഉള്ളതും 24 മണിക്കൂർ പ്രവർത്തിക്കുന്ന സി സി ടി വി ക്യാമറയും ഇലക്ട്രിക്ക് സ്റ്റേഷന്റെ പ്രവർത്തനത്തെ മികവുറ്റതാക്കും എന്നതിൽ ബാങ്കിന്റെ ഭരണസാരഥികൾക്കു യാതൊരു സംശയവും ഇല്ല.
ചാവക്കാട്-കൊടുങ്ങല്ലൂർ മേഖലയിൽ സഹകരണ രംഗത്ത് ആദ്യമായാണ് ഒരു ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ പ്രവർത്തനമാരംഭിക്കുന്നത്. നാട്ടിക ഫർക്ക റൂറൽ ബാങ്കിന്റെ കീഴിൽ ഓഗസ്റ്റ് 13 നാണ് ഉദ്ഘാടനം.

ബിബിഷ ബാബു
ന്യൂസ്ഡെസ്‌ക് / തൃശ്ശൂർടൈംസ്.കോം / www.thrissurtimes.com

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments