വലപ്പാട് നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്കിന്റെ കീഴിൽ ആണ് പുതിയ മിൽമ പാർലർ വരുന്നത്. മില്‍മ എന്ന പേരിന് മലയാളികള്‍ക്ക് അധികം വിവരണത്തിന്റെ ആവശ്യം വരില്ല. പായ്ക്കറ്റ് പാല്‍ എന്നോ മോരെന്നോ ആലോചിക്കുമ്പോള്‍ തന്നെ മലയാളികളുടെ മനസിലേക്ക് ആദ്യം ഓടി വരുന്ന പേരാണ് മില്‍മ. ഇത് തന്നെയാണ് മില്‍മ എന്ന ബിസിനസ് ഓപ്ഷനെയും ഉയര്‍ത്തുന്നത്. പാല്‍ വിപണിയിലെ ഒരു മൂല്യവര്‍ധിത ഉത്പന്നം മാത്രമല്ല മിൽമ, അതിനും മുകളിലാണ് മലയാളികളുടെ മനസില്‍ മിൽമയുടെ സ്ഥാനം.
പാലിനും തൈരിനും വെണ്ണക്കും പുറമെ ഐസ്ക്രീം, നെയ്യ് , സിപ് അപ്, പേട, ഇഡ്ഡലി മാവ്, ചീസ്, പായസം മിക്സ്, മിൽക്ക് ഷേക്ക്, ചോക്കലേറ്റ്സ് തുടങ്ങിയ പാലിൽ നിന്നുല്പാദിപ്പിക്കുന്ന നിരവധി മൂല്യവർധിത ഉൽപ്പന്നങ്ങൾ കൂടി ഇവിടെ ലഭ്യമാകും. ഒരു ദിവസത്തിന്റെ തുടക്കം മുതൽ പാൽച്ചായ കുടിക്കുന്ന, ചോറു കഴിക്കാൻ തൈര് നിർബന്ധമുള്ള മലയാളികൾക്ക് ഈ മിൽമ പാർലർ ഉപകാരപ്രദമാകും എന്നതിൽ ബാങ്കിന്റെ സാരഥികൾക്കു സംശയമില്ല.
നാളെയാണ് ബാങ്കിന്റെ ഹെഡ് ഓഫീസ് നവീകരിച്ച കെട്ടിടത്തിന്റെയും അനുബന്ധ സ്‌ഥാപനങ്ങളുടെയും ഉദ്ഘാടനം. സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ആണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. കൊടുങ്ങല്ലൂർ - വാടാനപ്പള്ളി റൂട്ടിൽ വലപ്പാട് നാഷണൽ ഹൈവേയിൽ തല ഉയർത്തി നിൽക്കുന്ന കെട്ടിടമാണ് നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്ക്. 78 വർഷത്തെ പ്രവർത്തന ചരിത്രം ഉള്ള ബാങ്ക് 1946 ൽ ആണ് സ്‌ഥാപിതമായത്.
1700 സ്‌ക്വയർ ഫീറ്റ് വിസ്‌തീർണ്ണമുള്ള സമന്വയ സഹകരണ സൂപ്പർമാർക്കറ്റിനോടനുബന്ധിച്ചാണ് ഈ മിൽമ പാർലർ പ്രവർത്തിക്കുക. തദ്ദേശീയരായ രണ്ടു സ്ത്രീകൾക്ക് കൂടി ഇതിലൂടെ ഉപജീവനമാർഗ്ഗം കണ്ടെത്താൻ കഴിയും എന്ന് ബാങ്ക് പ്രസിഡണ്ട് ഐ.കെ വിഷ്ണുദാസ് തൃശൂർ ടൈംസിനോട് പറഞ്ഞു. നാട്ടികക്കാർക്കും വലപ്പാട് - തൃപ്രയാർ സ്വദേശികൾക്കും പുറമെ ഹൈവേ വഴി കടന്നു പോകുന്ന യാത്രക്കാർക്കും ഈ പാർലർ സൗകര്യം ഉപയോഗിക്കാൻ സാധിക്കും.
-തസ്‌നി ശരത്ത്
ന്യൂസ്ഡെസ്‌ക് / തൃശ്ശൂർടൈംസ് /
www.thrissurtimes.com
[…] […]