ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ ആനക്കോട്ടയിലെ പിടിയാന നന്ദിനി (64) ചരിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അന്ത്യം. പ്രായാധിക്യത്താല്‍ അവശതയിലായിരുന്നു.

1964 മെയ് 9 ന് ഗുരുവായൂരപ്പന്റെ സന്നിധിയിൽ നടയിരുത്തിയ നന്ദിനി, നാലാം വയസ്സിലാണ് നാടന്‍ ആനയായ നന്ദിനിയെ നടയ്ക്കിരുത്തിയത്. 1975 ജൂണ്‍ 25ന് പുന്നത്തൂര്‍ കോട്ടയിലേക്ക് ഗുരുവായൂര്‍ ആനത്താവളം മാറ്റുമ്പോള്‍ ഗുരുവായൂര്‍ കേശവനൊപ്പം കോട്ടയിലേക്ക് പ്രവേശിച്ച ആനകളില്‍ കുഞ്ഞു നന്ദിനിയും ഉള്‍പ്പെടും.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ പള്ളിവേട്ട, ആറാട്ട് ചടങ്ങുകളില്‍ തിടമ്പേറ്റി നന്ദിനി ശ്രദ്ധേയ സാന്നിധ്യമായി. ഇരുപത് വര്‍ഷത്തിലധികമായി ഈ’ ചടങ്ങുകളില്‍ നന്ദിനി പങ്കെടുത്തു.ക്ഷേത്രത്തില്‍ ഭക്തരുടെ തിരക്ക് കാരണം ഓടാന്‍ പോലും സ്ഥലമുണ്ടാകില്ലെങ്കിലും ആ തിരക്കിനിടയിലൂടെയും സൂക്ഷിച്ചു ഓടി ഭക്തരുടെ സ്‌നേഹവും നന്ദിനിക്ക് ലഭിച്ചിട്ടുണ്ട്.
പ്രായാധിക്യവും അനുബന്ധ ആരോഗ്യപ്രശ്‌നങ്ങളെയും തുടര്‍ന്ന് നന്ദിനി ചികിത്സയിലായതിനാല്‍ ഇത്തവണ ഗുരുവായൂര്‍ ദേവിയാണ് പള്ളിവേട്ട ചടങ്ങുകള്‍ക്ക് ഓടിയത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നു പ്രത്യേകം സജ്ജീകരിച്ച കെട്ടുംതറയില്‍ ആയിരുന്നു നന്ദിനിയുടെ വിശ്രമം.