എസ്.ജാനകിക്ക് ഇന്ന് പിറന്നാൾ
ഗൗരി കൃഷ്ണ
പാട്ടുകൾ കൊണ്ട് ഒരു പൂക്കാലം മലയാളിക്ക് നൽകിയ ഗായികയാണ് ജാനകിയമ്മ .നല്ല പാട്ടുകളുടെ വസന്തകാലം ആയിരുന്നു ആ കാലം .
തേനും വയമ്പും, മലർകൊടി പോലെ, തുമ്പീ വാ, സന്ധ്യേ, ആടി വാ കാറ്റേ, നാഥാ നീ വരും, കിളിയേ കിളിയേ, കണ്ണു കണ്ണും, മോഹം കൊണ്ടു ഞാൻ…. സംഗീതാസ്വാദകർ ഇന്നും മനസ്സിൽ ഓമനിക്കുന്ന ഗാനങ്ങൾ .
ഹൃദയം വിങ്ങുമ്പോൾ ഒരു തലോടലായും, മനസ്സിൽ പ്രണയം മൊട്ടിടുമ്പോൾ പൂന്തെന്നലായും, വിരഹവേദനകളിൽ ആശ്വാസ മന്ത്രണമായും, ആനന്ദവേളകളിൽ ഉന്മാദതാളമായും… ഏതു മാനസികാവസ്ഥകളിലും കൂട്ടായെത്തുന്ന ഒട്ടനവധി ഗാനങ്ങൾ തന്റെ ശബ്ദത്തിലൂടെ സംഗീതാസ്വാദകർക്ക് സമ്മാനിച്ച ഗായികയാണ് എസ് ജാനകി. 1957–ൽ പുറത്തിറങ്ങിയ ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിലെ ‘ഇരുൾ മൂടുകയോ എൻ വാഴ്‌വിൽ..’ എന്ന ഗാനത്തിലൂടെയാണ് ജാനകിയമ്മ മലയാളത്തിലേക്കെത്തുന്നത്. പിന്നീടിങ്ങോട്ട് മലയാളികളുടെ അന്തരംഗങ്ങളെ സ്പർശിച്ച ഒട്ടനവധി ഗാനങ്ങൾക്ക് ജാനകി സ്വരമാകുകയായിരുന്നു.

ജാനകിയമ്മയ്ക്ക് ഇന്ന് 87 വയസ്സ് പിന്നിടുകയാണ്. ഒരു പൂങ്കുയിൽ നാദം പോലെ ഇന്നും ജാനകിയമ്മയുടെ പാട്ടുകൾ സംഗീതപ്രേമികളുടെ കാതോരത്തുണ്ട്. സംഗീത ലോകത്ത് ആറ് പതിറ്റാണ്ട് പിന്നിടുമ്പോഴും ആ ശബ്‍ദത്തിന് ഇന്നും മധുരപ്പതിനേഴാണ്.
1938-ൽ ഏപ്രിൽ 23-ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് ജാനകിയമ്മയുടെ ജനനം. പത്താം വയസിൽ പൈതി സ്വാമിയുടെ കീഴിൽ ശാസ്‌ത്രീയ സംഗീത പഠനം ആരംഭിച്ചു. പിൽക്കാലത്ത് സംഗീത പഠനത്തിനായി മദ്രാസിലെത്തി. ആകാശവാണി ദേശീയ തലത്തിൽ സംഘടിപ്പിച്ച ഗാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതോടെയാണ് ജാനകി ശ്രദ്ധേയയായത്. വൈകാതെ മദ്രാസിലെ എ.വി.എം സ്റ്റുഡിയോയിൽ ജോലി ലഭിച്ചു.

1957ൽ 19ആം വയസിൽ വിധിയിൻ വിളയാട്ട് എന്ന തമിഴ് സിനിമയിൽ ടി. ചലപ്പതി റാവു ഈണം പകർന്ന ഗാനം ആലപിച്ചുകൊണ്ടാണ് ജാനകി ചലച്ചിത്രപിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തെലുങ്ക് ചിത്രമായ എം.എൽ.എൽ അവസരം ലഭിച്ചതിനുശേഷം ജാനകിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നില്ല.
എല്ലാ ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളിലും പാടിയിട്ടുള്ള ജാനകി ഹിന്ദി, സിംഹള, ബംഗാളി, ഒറിയ, ഇംഗ്ലീഷ്, സംസ്‌കൃതം, കൊങ്ങിണി, തുളു, സൗരാഷ്‌ട്ര ബഡുഗ, ജർമ്മൻ ഭാഷകളിലും സ്വരസാന്നിധ്യമറിയിച്ചിട്ടുണ്ട്. 1200 പരം മലയാള സിനിമാ ഗാനങ്ങൾക്ക് ജാനകി ശബ്ദം പകർന്നിട്ടുണ്ട്. സംഗീതസംവിധായകൻ എം.എസ്. ബാബുരാജാണ് ജാനകിയെ മലയാളത്തിലേക്കെത്തിച്ചത്.
കുട്ടികളുടെ സ്വരത്തിൽ പാടുന്നതിനുള്ള സവിശേഷമായ കഴിവും ജാനകിയമ്മയ്ക്ക് ഉണ്ട്. മലയാളത്തിൽ ഇത്തരം ചില ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. താരാട്ടു പാട്ടുകൾ പാടാൻ ജാനകിയമ്മയ്ക്കുള്ള വൈഭവം എടുത്തു പറയേണ്ടതാണ്. മലർ കൊടി പോലെ, ഉണ്ണി ആരാരിരോ, ആരാരോ ആരിരാരോ തുടങ്ങിയവ അതിൽ ചിലതു മാത്രം. 2005–ൽ പുറത്തിറങ്ങിയ ‘ചാന്തുപൊട്ട്’ എന്ന ചിത്രത്തിലെ ‘ആഴക്കടലിന്റെ അങ്ങേക്കരയിലായ് നേരം വെളുക്കുന്ന മേട്ടിൽ’ എന്ന ഗാനം കേട്ട് എത്രയോ കുരുന്നുകൾ മയങ്ങി. 10 കല്‍പനകള്‍ എന്ന സിനിമയിലെ ‘അമ്മപ്പൂവിന്’ എന്ന താരാട്ടുപാട്ടാണ് പാട്ടുലോകത്ത് നിന്ന് വിരമിക്കും മുമ്പ് ഒടുവിലായി ജാനകിയമ്മ പാടിയത്.

ഗായിക എന്ന നിലയിൽ നിറഞ്ഞു നിൽക്കുന്നതിനു പുറമെ ജാനകി ഗാന രചനയും സംഗീതസംവിധാനവും നിർവഹിച്ചിട്ടുണ്ട്. നിരവധി തമിഴ്, തെലുഗു ചിത്രങ്ങൾക്കു വേണ്ടി ഗാനങ്ങളെഴുതി പതിറ്റാണ്ടുകൾ നീണ്ട സംഗീത സപര്യയിൽ അനവധി പുരസ്കാരങ്ങളും ജാനകിയമ്മയെ തേടിയെത്തി. നാലു തവണ ദേശീയ ചലച്ചിത്ര പുരസ്കാരം, നാൽപത്തിയൊന്ന് സംസ്ഥാന പുരസ്‌കാരങ്ങൾ, മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്നു ഡോക്ടറേറ്റ്, കലൈമാമണി പുരസ്കാരം, സുർസിംഗർ ബിരുദം തുടങ്ങി ഒട്ടനവധി അംഗീകാരങ്ങൾ സ്വന്തമാക്കി.
എസ്.ജാനകിക്ക് ഏറ്റവും കൂടുതൽ സംസ്ഥാന അവാർഡുകൾ ലഭിച്ചത് മലയാളത്തിൽ നിന്നുമാണ്. പാടിത്തുടങ്ങിയ വർഷം മുതൽ ഗായിക മലയാളത്തിലുണ്ട്. പാട്ടിൽനിന്നു വിരമിച്ചതും മലയാളത്തിൽ നിന്നു തന്നെ. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം മലയാളത്തിലേക്കെത്തുന്നത് ജാനകിയിലൂടെയാണ്.

‘സിനിമാസംഗീതത്തില്‍ കഴിവിനാവുന്നതെല്ലാം ചെയ്തു എന്ന് കുറച്ച് നാളായി തോന്നുന്നു. സംഗീതസംവിധായകരുടെ ഒട്ടേറെ തലമുറകള്‍ക്കുവേണ്ടി പാടി. പ്രഗല്ഭരായ പാട്ടുകാര്‍ക്കൊപ്പം വേദി പങ്കിട്ടു. ഇപ്പോള്‍ പ്രായമായി. 80 വയസ്സാകാന്‍ പോകുന്നു. വിടവാങ്ങാന്‍ ഇതിലും നല്ലൊരു സന്ദര്‍ഭമില്ലെന്ന് മനസ്സുപറയുന്നു’ സംഗീതവേദികളോട് വിടപറയാനുള്ള തീരുമാനം എസ് ജാനകി പ്രഖ്യാപിച്ചത് ഇങ്ങനെയാണ്.