തൃശൂർ:പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽനിന്ന് വിജയിച്ച കെ രാധാകൃഷ്ണൻ എംപിയെ ജാതീയമായി അധിക്ഷേപിച്ച പ്രതി റിമാൻഡിൽ. മായന്നൂർ വലിയപറമ്പിൽ വിപിൻദാസിനെ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരായുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള സ്പെഷ്യൽ കോടതി ജഡ്‌ജ് കെ കമനീസാണ് റിമാൻഡ് ചെയ്തത്.

തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം മണ്ഡലത്തിലെ വോട്ടർമാർക്ക് നന്ദി അറിയിക്കുന്നതിന് കെ രാധാകൃഷ്‌ണൻ പര്യടനം നടത്തിയ വാർത്ത, ചേലക്കര റൈറ്റ് വിഷൻ എന്ന യൂട്യൂബ് ചാനൽ അപ്‌പ്ലോഡ് ചെയ്തിരുന്നു. ഈ വീഡിയോക്ക് താഴെയാണ് പ്രതി ജാതീയമായി അധിക്ഷേപിക്കുന്ന കമൻ്റ് ഇട്ടത്. 2024 ജൂൺ ഒമ്പതിനാണ് സംഭവം. ആറ്റൂർ ഭഗവതിക്കുന്ന് സ്വദേശി ബി കെ തങ്കപ്പൻ നൽകിയ പരാതിയിൽ പഴയന്നൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചത്. വിദേശത്തായിരുന്ന പ്രതിയെ നെടുമ്പാശേരി എയർപോർട്ടിൽ തടഞ്ഞുവച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കസ്‌റ്റഡിയിൽ എടുത്ത് ഡിറ്റക്ഷൻ സെൻ്ററിൽ പാർപ്പിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു. കുന്നംകുളം ഡിവൈഎസ് പി സി ആർ സന്തോഷാണ്
അന്വേഷണ ഉദ്യോഗസ്ഥൻ.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ കെ കൃഷ്‌ണൻ ഹാജരായി.