തൃശൂർ ശക്തൻ നഗർ ബസ് സ്റ്റാൻഡിന് സമീപം തിരുവനന്തപുരം സ്വദേശി മോഹനൻ പിള്ളയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്. ഒരുലക്ഷം രൂപ പിഴയും അടയ്ക്കണം. കൊല്ലം മൺട്രോതുരുത്ത് പടിഞ്ഞാറേ കല്ലട ഇടിയകടവ് സ്വദേശിയും ഭിക്ഷാടകനുമായ പറയത്തോട്ടിൽ ബേബി (73)യെയാണ് തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്‌ജി ടി കെ മിനിമോൾ ശിക്ഷിച്ചത്. പിഴയടയ്ക്കാത്ത പക്ഷം രണ്ട് വർഷം അധികതടവ് അനുഭവിക്കണം. 2023 ഏപ്രിൽ 14ന് രാത്രി 10.30നാണ് സംഭവം. കൊല്ലപ്പെട്ട മോഹനൻപിള്ളയും ഭിക്ഷാടകനായിരുന്നു. ബസ് സ്റ്റാൻഡിനടുത്തുള്ള നക്ഷത്ര ഹോട്ടലിനു മുന്നിൽ ഇരിക്കുകയായിരുന്ന മോഹനൻ പിള്ളയെ പ്രതി കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നഗരത്തിൽ ഭിക്ഷാടനം നടത്തിയിരുന്ന ഇരുവരും തമ്മിൽ നേരത്തേയും വഴക്കുകൾ നടന്നിരുന്നു. ദൃക്‌സാക്ഷി മൊഴിയും സമീപത്തെ കെട്ടിടത്തിലെ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളും തെളിവായി. 26 സാക്ഷികളെ വിസ്‌തരിച്ചു. തൃശൂർ ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ എസ്പെഐ ആൻ്റണി ക്രോംസൺ കുറ്റപത്രം നൽകി. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ പി അജയകുമാർ ഹാജരായി.


