ലോക മാതൃദിനത്തിൽ മോഹൻലാൽ പങ്കുവെച്ച പഴയ ചിത്രം വൈറലാകുന്നു. അമ്മ ശാന്തകുമാരിക്കൊപ്പമുള്ള തന്‍റെ കുട്ടിക്കാലത്തെ ചിത്രമാണ് മോഹൻലാൽ പുറത്തുവിട്ടത്. ‘അമ്മ’ എന്ന അടിക്കുറിപ്പോടെയാണ് നടൻ ചിത്രം പങ്കുവെച്ചത്. തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലാണ് അമ്മക്കൊപ്പമുള്ള ചിത്രം താരം പങ്കുവെച്ചത്.
നിരവധി പേരാണ് മോഹൻലാലിന്‍റെ പോസ്റ്റിന് കമന്‍റുമായി എത്തിയിരിക്കുന്നത്. ‘പ്രതിഭയെ നാടിന് സമ്മാനിച്ച അമ്മ’, ‘അടുത്ത ജന്മവും ആ അമ്മയുടെ മകൻ ആയി പിറക്കട്ടെ’, ‘ഇത്രയും നല്ലൊരു നടനെ ഞങ്ങൾക്ക് തന്നതിന് അമ്മക്ക് നന്ദി’ എന്നിങ്ങനെ നിരവധി കമന്‍റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.
കഴിഞ്ഞ കുറച്ചു കാലമായി ആരോഗ്യപരമായ ചില പ്രശ്നങ്ങളാൽ ചികിത്സയിലാണ് ശാന്തകുമാരി. എല്ലാവർഷവും അമ്മയുടെ പിറന്നാൾ നടൻ ഗംഭീരമായി ആഘോഷിക്കാറുണ്ട്. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും അമ്മയുടെ പിറന്നാൾ ദിനം മോഹൻലാൽ അമ്മക്കൊപ്പം എളമക്കരയിലെ വീട്ടിലുണ്ടാകും.


