തൃശൂർ:ഒരു ഡോപ്പമിൻ ചായ കുടിച്ചാലോ, കൂടെ ഓക്സിറ്റോസിൻ കട്ലറ്റും കഴിക്കാം. തൃശൂർ പൂരം പ്രദർശനത്തിലൂടെ കടന്നുപോവുമ്പോൾ ഡോപ്പമിൻ കോർണർ കാണാം. ഇന്നത്തെ സ്പെഷലായ ഈ വിഭവങ്ങൾ തേടി അകത്തേക്ക് കയറിയാൽ കൃത്രിമ ലഹരി വസ്തുക്കൾ ഉപയോഗിക്കാതെ ജീവിത ലഹരി നേടാം. എക്സൈസ് വിമുക്തി പവലിയനിലാണ് ലഹരിക്കെതിരായ ബോധവൽക്കരണം. ചായക്കടയിലെ ഭക്ഷണ പദാർഥങ്ങളുമായി ഉപമിച്ച് എംബിബിഎസ് വിദ്യാർഥികൾ പൊതുജനങ്ങളുമായി സംവദിക്കുകയാണ്. എക്സൈസ് വിമുക്തി മിഷനുമായി സഹകരിച്ച് മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം, എൻഎസ്എസ്, കോളേജ് യൂണിയൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി. ക്ലാസ് കഴിഞ്ഞശേഷം വിദ്യാർഥികൾ പവലിയനിലെത്തും. വൈകിട്ട് നാലുമുതൽ എട്ടുവരെ ബോധവൽക്കരണം. തലച്ചോറും പ്രദർശിപ്പിച്ച് കാര്യങ്ങൾ വിശദീകരിക്കുന്നു. ഡോപ്പമിൻ കോർണർ അസി. എക്സൈസ് കമീഷണർ പി കെ സതീഷാണ് ഉദ്ഘാടനം ചെയ്തത്. തൃശൂർ ഗവ. മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം അസോസിയറ്റ് പ്രൊഫസർ ഡോ. സെബിന്ദ് കുമാർ, വിമുക്തി മിഷൻ ജില്ലാ കോ–ഓർഡിനേറ്റർ ഷഫീഖ് യൂസഫ് എന്നിവർ നേതൃത്വം നൽകുന്നു. എല്ലാവിധ ലഹരികളും തലച്ചോറിൽ പ്രവർത്തിക്കുന്നത് ഡോപ്പമിൻ വഴിയാണെന്ന് ഡോ. സെബിന്ദ് കുമാർ പറഞ്ഞു. നല്ല കൂട്ടുകെട്ട്, നല്ല പാട്ടുകൾ, നടത്തം, വ്യായാമം, വിനോദം, കായിക പരിപാടികൾ എന്നിവ വഴി എൻഡോർഫിൻ, ഓക്‌സിറ്റോസിൻ, സെറാറ്റോണിൻ എന്നിവ ഉൽപാദിപ്പിച്ച്, സ്വാഭാവിക ലഹരികൾ തരും. കൃത്രിമ ലഹരി ഉപയോഗിക്കുമ്പോൾ സ്വാഭാവിക ആനന്ദം നഷ്ടമാവും. അപകടം വരുത്തും. ഇത്തരത്തിൽ തലച്ചോറിലുണ്ടാകുന്ന മാറ്റങ്ങൾ ഇവിടെ വിശദീകരിച്ച് നൽകുന്നു.


