തൃശൂർ:കനത്ത മഴയിലും കാറ്റിലും ജില്ലയിൽ വ്യാപക നാശം. ചൊവ്വാഴ്‌ച രാത്രി ഏഴോടെയാണ് മഴ പെയ്തത്. ശക്തമായ മിന്നലും ഉണ്ടായി. നായ്ക്കനാലിൽ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചു. വൈദ്യുതിബന്ധം താറുമാറായി. സ്വരാജ് റൗണ്ടിലും സമീപറോഡുകളിലും മരങ്ങൾ വീണതിനെത്തുടർന്ന് ഗതാഗതം സ്തംഭിച്ചു. കിഴക്കുംപാട്ടുകര സന്തോഷ് റോഡിൽ മരങ്ങൾ വീണു. ഒല്ലൂക്കര ക്ഷേത്രത്തിന് മുന്നിൽ ആൽമരം കടപുഴകി. ബിനി ടൂറിസ്റ്റ് ഹോമിനു സമീപം മരം റോഡിലേക്ക് വീണ് ഡിവൈഡറുകൾ തെറിച്ചുപോയി. ഇവിടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. മാരാർ റോഡിൽ എനാർക്ക് അപ്പാർട്ട്മെൻ്റിനു സമീപം മരം വീണതിനെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ മഴയിൽ വെള്ളക്കെട്ട് രൂക്ഷമായി. കനത്ത വെള്ളക്കെട്ടിനെത്തുടർന്ന് മനോരമ ജങ്ഷനിൽ ഗതാഗതം സ്‌തംഭിച്ചു. പലയിടങ്ങളിലും കടകളിലേക്ക് വെള്ളം കയറി. പാലസ് റോഡിൽ മോഡൽ ബോയ്‌സ് സ്‌കൂളിനു സമീപം മരക്കൊമ്പ് വാഹനങ്ങൾക്കു മുകളിലേക്ക് ഒടിഞ്ഞുവീണ് ഒരു കാറിനും ആറ് ബൈക്കുകൾക്കും കേടുപാടുകൾ പറ്റി. ഇക്കണ്ടവാര്യർ റോഡിലെ ട്രാഫിക് റൗണ്ടിനു സമീപം വലിയ മരം കടപുഴകി വൻ ഗതാഗതക്കുരുക്കുണ്ടായി. കനത്ത വെള്ളക്കെട്ടും രൂപപ്പെട്ടു. റൗണ്ടിൽ സ്വപ്ന, ബിനി സ്റ്റോപ്പ് എന്നിവിടങ്ങളിലും പാലസ് റോഡിലും നിർത്തിയിട്ടിരുന്ന ഇരുചക്ര
വാഹനങ്ങൾ കാറ്റിൽ മറിഞ്ഞുവീണു. പലർക്കും ഹെൽമറ്റുകൾ നഷ്ടപ്പെട്ടു. ശങ്കരയ്യ റോഡിൽ കൂറ്റൻ പരസ്യ ബോർഡ് നിലംപതിച്ചു. കുറുപ്പം റോഡിലെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. ചേറ്റുപുഴ ഗ്രാമീണ വായനശാലയിലെ തെങ്ങ് റോഡിനുകുറുകെ വീണ് ഗതാഗതം തടസ്സപ്പെട്ടു. മണ്ണുത്തി നടത്തറ, ഒല്ലൂക്കര, കണ്ണാറ തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപക നാശമുണ്ടായി. ഒല്ലൂക്കര ക്ഷേത്രത്തിൻ്റെ മുൻ വശത്തുണ്ടായിരുന്ന ആൽമരം വീണു. ഒരു കാറും നാലോളം ബൈക്കുകളും മരത്തിനടിയിൽപ്പെട്ടിട്ടുണ്ട്. ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനകത്തും നടപന്തലിനും മതിലിനും കേടുപാടുകൾ ഉണ്ടായി. ഒല്ലൂക്കര കണ്ടത്ത് വിജയകുമാറിൻ്റെ വീടിൻ്റെ ഒരു വശം മരം വീണ് തകർന്നു. മനവളപ്പിൽ നാരായണൻ്റെ മതിൽ ഇടിഞ്ഞു. ശ്രീലക്ഷ്‌മി നഗറിൽ പരിയാരത്ത് ലക്ഷ്മി കുട്ടിയമ്മയുടെ വീടിൻ്റെ മേച്ചിൽ ഷീറ്റും ഒരു ഭാഗവും കാറ്റിൽ മാവ് വീണ് ഇടിഞ്ഞു. വൈദ്യുതി കാലുകൾ വ്യാപകമായി വീണു. വൈദ്യുതി നിലച്ചതിനാൽ മരം മുറിച്ചു മാറ്റൽ ശ്രമകരമാണ്. കാറ്റിൽ കണ്ണാറ വെറ്റിലപ്പാറയിലും കെഎഫ്ആർഐക്ക് മുന്നിലും തെക്കേക്കുളത്തും മരം കടപുഴകി വീണു. ഇതോടെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. മരങ്ങൾ മുറിച്ചുമാറ്റി വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുള്ള ശ്രമം രാത്രിവൈകിയും
തുടരുകയാണ്. നടത്തറ പഞ്ചായത്തിലെ മൈനാർ റോഡ്, പുച്ചട്ടി, മൂർക്കനിക്കര പ്രദേശങ്ങളിൽ മരങ്ങൾ വീണു. പൂച്ചട്ടിയിൽ മരച്ചില്ലകൾ വീണ് ഗതാഗതം തടസ്സപെട്ടു. വൈദ്യുതി തുണുകൾ വീണ് വൈദ്യുതി വിതരണം നിലച്ചു. നടത്തറയിൽ ബസ്സിന് മുകളിൽ മരം വീണു. രക്ഷാ പ്രവർത്തനം തുടരുന്നു.