തൃശൂർ പൂരം വെടിക്കെട്ടിന് പുതിയ ഡിസൈൻ തയ്യാറാക്കിയതായി മന്ത്രി കെ രാജൻ പറഞ്ഞു. വെടിക്കെട്ട് സ്ഥലം സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. സ്വരാജ് റൗണ്ടിൽ കൂടുതൽ പ്രദേശത്ത് ജനങ്ങൾക്ക് റോഡിലിറങ്ങി വെടിക്കെട്ട് കാണാനാവും വിധമാണ് ഡിസൈൻ. കേന്ദ്രസർക്കാരിൻ്റെ വാണിജ്യ വ്യവസായ മന്ത്രാലയം ഏർപ്പെടുത്തിയ നിബന്ധനകളും പെസൊയുടെ നിയന്ത്രണങ്ങളും വെടിക്കെട്ടിന് തടസ്സമാണ്. മാഗസിനിൽ നിന്ന് 200 മീറ്റർ അകലെയാകണം ഫയർലൈൻ എന്നാണ് പുതിയ നിബന്ധന. കഴിഞ്ഞ വർഷം ഇത് 45 മീറ്ററായിരുന്നു. ഇത് മറികടക്കാൻ തിരുവമ്പാടി, പാറമേക്കാവ് വേലകൾക്ക് നടത്തിയതുപോലെ മാഗസിൻ കാലിയാക്കി വെടിക്കെട്ട് നടത്താൻ മന്ത്രിതല യോഗം തീരുമാനമായി. എജിയുടെ ഉപദേശം തേടിയതനുസരിച്ച് ഇക്കാര്യത്തിൽ ദേവസ്വങ്ങളുടെ സത്യവാങ്മൂലം നൽകാൻ നിർദേശിച്ചു. തുടർന്നാണ് വെടിക്കെട്ടിന് പുതിയ ഡിസൈൻ തയ്യാറാക്കിയത്. മാഗസിൻ കാലിയാക്കി, ഫയർലൈൻ മാറ്റി പുതിയ ഡിസൈൻ വരുന്നതോടെ റോഡിനോട് ചേർന്ന ഭാഗത്ത് നിന്ന് 15 മീറ്റർ ഉള്ളിലേക്ക് വെടിക്കെട്ട് മാറും. പാറമേക്കാവ് വെടിക്കെട്ട് കൂട്ടപ്പൊരിച്ചിൽ ബാറ്റയുടെ മുന്നിലാവും. നേരത്തെ മണികണ്ഠനാലിൻ്റെ സമീപത്തായിരുന്നു. സമാനമായി തിരുവമ്പാടി വിഭാഗത്തിന്റെ ഡിസൈനും മാറ്റം വരുത്തും. ഇതോടെ
വലിയൊരു പ്രദേശം ഒഴിവാകും. പത്തായപ്പുര മുതൽ കറന്റ് ബുക്‌സ് വരെ ജനങ്ങൾക്ക് റോഡിൽ നിന്ന് വെടിക്കെട്ട് കാണാനാവും. കലക്ടറും കമീഷണറും ഉദ്യോഗസ്ഥരും ദേവസ്വം ഭാരവാഹികളും ചേർന്ന് കർമപരിപാടിയ്ക്ക് രൂപം നൽകി. മാഗസിനിലേക്ക് സാധനങ്ങൾ എത്തിക്കുന്നതിനും കുഴികളിൽ നിറയ്ക്കുന്നതിനും മരുന്നിടുന്നതിനും മാഗസിൻ ഒഴിവാക്കുന്നതിനും മൂന്ന് തലങ്ങളിലുള്ള പ്ലാനിന് രൂപം നൽകി. ഈ പ്ലാൻ അനുസരിച്ച് പൂരം വെടിക്കെട്ട് നടത്താനാവും. പി ബാലചന്ദ്രൻ എംഎൽഎ, കലക്ടർ അർജുൻ പാണ്ഡ്യൻ, മേയർ എം കെ വർഗീസ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ രവീന്ദ്രൻ, തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്, കമീഷണർ ആർ ഇളങ്കോ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.