സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് റെട്രോ. സിനിമയിൽ മലയാളത്തിൽ നിന്ന് ജയറാം, ജോജു ജോർജ്, സ്വാസിക തുടങ്ങിയ താരങ്ങൾ അണിനിരക്കുന്നുണ്ട്. മെയ് ഒന്നിന് തിയേറ്ററിൽ എത്തുന്ന സിനിമയുടെ പ്രമോഷൻ പരിപാടികൾ തകൃതിയായി നടന്നുക്കൊണ്ടിരിക്കുകയാണ്. താൻ ഒരു പെണ്ണായിരുന്നെങ്കിൽ ഉറപ്പായും സൂര്യയ്ക്ക് ലവ് ലെറ്റർ കൊടുക്കുമായിരുന്നു എന്ന് പറയുകയാണ് നടന് ജോജു ജോർജ്. കാണാനുള്ള ഭംഗി മാത്രമല്ല, സൂര്യ എന്ന നടനെ രസമാക്കുന്നത് അയാളുടെ സ്വഭാവം കൂടിയാണെന്നും നടന്‍ കൂട്ടിച്ചേർത്തു. സിനിമയുടെ കേരളാ പ്രമോഷൻ ചടങ്ങിലാണ് പ്രതികരണം
‘കിടിലൻ ആണ് പുള്ളി. ഞാൻ ഒരു പെണ്ണായിരുന്നെങ്കിൽ ഉറപ്പായും ലവ് ലെറ്റർ കൊടുക്കുമായിരുന്നു. കാരണം ഒരാളെ കാണാനുള്ള ഭംഗി മാത്രമല്ല, ആ ഭംഗി രസമാകുന്നത് അയാളുടെ സ്വഭാവം കൊണ്ട് കൂടിയാണ്. ആളുകളോടുള്ള പെരുമാറ്റവും സമീപനവും എല്ലാം കാണുന്നുണ്ട് അല്ലെങ്കിൽ നമ്മുക്ക് പെട്ടെന്ന് മടുക്കും. അദ്ദേഹത്തെക്കുറിച്ച് അറിയും തോറും ഈ സ്നേഹം എല്ലാം അർഹിക്കുന്ന സൂപ്പർ സ്റ്റാർ ആണ് സൂര്യ,’ ജോജു ജോർജ് പറഞ്ഞു.
ചിത്രത്തിൽ സൂര്യയുടെ അച്ഛൻ കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നതെന്നാണ് സിനിമയുടെ ട്രെയ്ലർ നൽകിയ സൂചന. വളരെ റോ ആയ ഒരു വില്ലനെയാണ് ജോജു സിനിമയിൽ അവതരിപ്പിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച. എന്തായാലും സൂര്യക്ക് ഒത്ത ഒരു എതിരാളിയാകും ജോജുവെന്നും നടന്റെ മറ്റൊരു മികച്ച പ്രകടനം സിനിമയിലൂടെ കാണാൻ സാധിക്കുമെന്നുമാണ് പലരും കുറിക്കുന്നത്.