Sunday, September 15, 2024
HomeLifestyleഅമ്മമാരിലെ പ്രസവാനന്തര വിഷാദം അവഗണിക്കേണ്ടതല്ല
spot_img

അമ്മമാരിലെ പ്രസവാനന്തര വിഷാദം അവഗണിക്കേണ്ടതല്ല

പ്രസവം – ഒരു സ്ത്രീയുടെ ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങളിൽ ഒന്നാണ്. ഗർഭിണിയായിരിക്കുമ്പോൾ, നിങ്ങളുടെ മനസ്സ് കുഞ്ഞിന്റെ വരവിനെ കുറിച്ചുള്ള സ്വപ്നങ്ങളും ആദ്യമായി നിങ്ങളുടെ കുഞ്ഞിനെ കയ്യിലെടുക്കുമ്പോൾ അനുഭവിക്കുമെന്ന് പ്രതീക്ഷിക്കുന്ന സന്തോഷം, അഭിമാനം, ആനന്ദം എന്നിവ കൊണ്ട് നിറഞ്ഞിരിക്കും. പക്ഷേ, യാഥാർത്ഥ്യം എല്ലായ്പ്പോഴും പ്രതീക്ഷകൾക്കനുസൃതമായിരിക്കില്ല. പ്രസവം കഴിഞ്ഞതിന് ശേഷം നിങ്ങൾക്ക് അകാരണമായി സങ്കടം, നിരാശ, വിഷാദം എന്നിവ അനുഭവപ്പെടാം, കൂടാതെ ഇത്തരം വികാരങ്ങൾ ഉണ്ടാകുന്നതിൽ അസ്വസ്ഥത, ആശയക്കുഴപ്പം,ദേഷ്യം,കുറ്റബോധം എന്നിവയും അനുഭവപ്പെട്ടേക്കാം. പുതിയൊരു ജീവന്റെ പിറവി ആഘോഷിക്കുമ്പോഴും ചില അമ്മമാർ മാനസികമായി തളർച്ച അനുഭവിക്കുന്നുണ്ട്. ഇതാണ് പ്രസവാനന്തര വിഷാദം (Postpartum Depression – PPD) എന്ന അവസ്ഥ.

ഭൂരിഭാഗം സ്ത്രീകളും പ്രസവിച്ച് കുറച്ച് ദിവസങ്ങൾക്കുള്ളിൽ “ബേബി ബ്ലൂസ്” എന്ന് വിളിക്കപ്പെടുന്ന അവസ്ഥയിലൂടെ കടന്നുപോകുന്നു. കുട്ടി ഉണ്ടായ സന്തോഷം ഉള്ളപ്പോ തന്നെ ചില സമയത്ത് ഒരു കാരണവും ഇല്ലാതെ കരച്ചിൽ വരുക, വെപ്രാളവും പേടിയും തോന്നുക, എല്ലാരോടും ദേഷ്യം തോന്നുക ഇവയൊക്കെയാണ് ലക്ഷണങ്ങൾ, എന്നാൽ ഈ ലക്ഷണങ്ങൾ സാധാരണയായി രണ്ടാഴ്ചയ്ക്കുള്ളിൽ അപ്രത്യക്ഷമാകും.

പ്രസവശേഷം, സ്ത്രീയുടെ ശരീരം ഒരു വലിയ ഹോർമോൺ വ്യതിയാനത്തിന് വിധേയമാകുന്നു. ഗർഭാവസ്ഥയുടെ അവസാന മാസങ്ങളിൽ സ്ത്രീ ഹോർമോണുകളായ ഈസ്ട്രജനും പ്രൊജസ്റ്ററോണും ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തുന്നു, തുടർന്ന് പ്രസവശേഷം ഗർഭധാരണത്തിനു മുമ്പുള്ള സാധാരണ നിലയിലേക്ക് അത് മാറി വരുന്നു. ഈ ഹോർമോൺ വ്യതിയാനം അവരുടെ മാനസികാവസ്ഥയിൽ വലിയ മാറ്റങ്ങൾ വരുത്തുന്നു. പെട്ടെന്നുള്ള ഈ വികാര മാറ്റങ്ങളെയാണ് ബേബി ബ്ലൂസ് എന്ന് വിളിക്കുന്നത്.

പ്രസവാനന്തര വിഷാദം (Postpartum Depression – PPD) എന്നാൽ പ്രസവം കഴിഞ്ഞുള്ള കാലഘട്ടവുമായി ബന്ധപ്പെട്ട് വരുന്ന ഗുരുതരവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ വിഷാദമാണ്. പലപ്പോഴും കുഞ്ഞിന്റെ ജനനത്തിന് ശേഷം നാല് ആഴ്ചയ്ക്കുള്ളിൽ ആരംഭിക്കുന്ന വിഷാദമായിട്ടാണ് പ്രസവാനന്തര വിഷാദത്തെ വിശേഷിപ്പിക്കുന്നതെങ്കിലും, പ്രസവാനന്തരമുള്ള ആദ്യ വർഷത്തിനുള്ളിൽ ഏത് സമയത്തും, പ്രസവത്തിന് മുമ്പുപോലും ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. സാധാരണ വിഷാദ അവസ്ഥപോലെ, സ്ഥായിയായ വിഷമം, കുട്ടിയെ നോക്കാനോ സ്നേഹിക്കാനോ പറ്റാത്ത അവസ്ഥ, കുട്ടിയോടോത്ത് സമയം ചിലവിടുമ്പോഴും സന്തോഷം തോന്നാതെയിരിക്കുക ഇതേപോലെയുള്ള ലക്ഷങ്ങൾ കാണിച്ചു തുടങ്ങും.

പ്രസവാനന്തര വിഷാദത്തിന്റെ ലക്ഷണങ്ങൾ (Signs of Postpartum Depression)
എപ്പോഴും ഒരു കരച്ചിൽ വരുക , സന്തോഷം തോന്നാതിരിക്കൽ
മുൻപ് ഇഷ്ടപ്പെട്ട കാര്യങ്ങളോട് താത്പര്യം നഷ്ടപ്പെടൽ
കഠിനമായ ക്ഷീണം, എന്തുകാര്യം ചെയ്യാനും ഊർജമില്ലായ്മ
ഭാവിയിലുള്ള ജീവിതത്തെക്കുറിച്ചുള്ള ആശങ്കയും പ്രതീക്ഷയില്ലായ്മയും
കുഞ്ഞിനോട് അടുപ്പം തോന്നാതിരിക്കൽ, കുഞ്ഞിനെ പരിപാലിക്കാൻ ബുദ്ധിമുട്ട്
ഉറക്കക്കുറവ് അല്ലെങ്കിൽ അമിത ഉറക്കം
ഭക്ഷണത്തോടുള്ള താത്പര്യക്കുറവ് അല്ലെങ്കിൽ അമിത ഭക്ഷണം
അകാരണമായി ദേഷ്യപ്പെട്ടു ബഹളം വെക്കുക.
സ്വയം വിലകുറഞ്ഞതായി തോന്നൽ, ആത്മഹത്യാ ചിന്തകൾ
പ്രസവാനന്തര വിഷാദത്തിന് കാരണമാകുന്നത് എന്താണ്?
മറ്റ് തരത്തിലുള്ള വിഷാദരോഗം പോലെ, പ്രസവാനന്തര വിഷാദം ഒരു സങ്കീർണ്ണമായ മാനസികാവസ്ഥ ആണ് , അത് പല ഘടകങ്ങളാൽ ഉണ്ടാകാം.

ഗർഭാവസ്ഥയുടെ അവസാന മാസങ്ങളിൽ ഏറ്റവും ഉയർന്ന ഹോർമോൺ മാറ്റങ്ങൾ ഉണ്ടാവുന്നു പിന്നീട് അത് പെട്ടെന്ന് കുറയ്‌ക്കുന്നു.
കുട്ടി ഉണ്ടായ ശേഷമുള്ള ജീവിതശൈലി മാറ്റങ്ങൾ – ഉറക്കക്കുറവ്, പുതിയ ഉത്തരവാദിത്തങ്ങൾ, സമ്മർദ്ദം, ഉത്കണ്ഠ എന്നിവയെല്ലാം പ്രസവാനന്തര വിഷാദത്തിന് കാരണമാകും.


കുടുംബത്തിൽ വിഷാദം, മാനസിക രോഗങ്ങൾ ഇവ ഉളളവർ
ഗർഭിണി ആവുന്നതിന് മുൻപോ, ഗർഭ കാലഘട്ടത്തിലോ മാനസികരോഗം ഉണ്ടാകുക
ഗർഭകാലത്തെ വിഷാദം
ഗർഭിണിയാകാനുള്ള ബുദ്ധിമുട്ട്
ഇരട്ടകളോ അതിൽ കൂടുതലോ പേർക്ക് അമ്മയാകുക
കൗമാരപ്രായത്തിൽ അമ്മയാവുക
മാസം തികയാതെയുള്ള പ്രസവം
പ്രസവ സമയത്തുണ്ടായ ബുദ്ധിമുട്ടുകൾ
എന്താണ് പോസ്റ്റ്‌പാർട്ടം സൈക്കോസിസ്?
പ്രസവാനന്തര മാനസികാസ്വാസ്ഥ്യം പ്രസവത്തെ തുടർന്ന് വളരെ അപൂർവമായി കാണപ്പെടുന്ന ഗുരുതരമായ ഒരു മാനസികാവസ്ഥയാണ്. ഉറക്കക്കുറവ്, വെപ്രാളം, അകാരണമായ ഭയം, കുഞ്ഞിനെ ഉപദ്രവിക്കാനുള്ള ചിന്തകൾ, കുഞ്ഞിനെ ആരോ ഉപദ്രവിക്കാന്‍ പോകുന്നു എന്ന ചിന്ത,അകാരണമായ ഭയം,ആത്മഹത്യാ പ്രവണത എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പ്രസവം കഴിഞ്ഞ് ആദ്യ രണ്ടാഴ്ചകളിൽ ഇവ പ്രത്യക്ഷപ്പെടാറുണ്ട്, അമ്മയുടെയും കുഞ്ഞിന്റെയും ജീവന് അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണ തേടുകയും ചെയ്യുന്നത് പ്രധാനമാണ്.

പുതിയ അമ്മമാരും, അമ്മയാകാൻ പോകുന്നവരും, ഇവരുടെ കുടുംബാംഗങ്ങളും അറിഞ്ഞിരിക്കേണ്ട ചില പ്രധാന വിവരങ്ങൾ.

ഇത് ഒരാൾക്ക് മാത്രം ഉണ്ടാവുന്ന ഒരു പ്രശ്‌നമല്ല എന്നതാണ്. 10-15% വരെ അമ്മമാർക്ക് പോസ്റ്റ് പാർട്ടം ഡിപ്രഷനുണ്ടാവാനിടയുണ്ട്. 50-80% അഥവാ പകുതിയിൽ അധികം അമ്മമാർക്ക് പോസ്റ്റ് പാർട്ടം ബ്ലൂ എന്ന അവസ്ഥയുമുണ്ടാവാം.

ഗർഭാവസ്ഥയുടെ അവസാനം തൊട്ട് കുഞ്ഞുണ്ടായി കുറച്ചു മാസങ്ങൾ കഴിയുന്നത് വരെ എപ്പോൾ വേണമെങ്കിൽ ഇതേ അവസ്ഥ ഉണ്ടാവാം. ലക്ഷണങ്ങൾ കാണിക്കുമ്പോൾ കുറ്റപ്പെടുത്തലുകളും പഴിചാരലുകളും ഒഴിവാക്കുക, അമ്മയ്ക്ക് മാനസികവും ശാരീരികവുമായ പിന്തുണ നൽകേണ്ടത് പ്രധാനമാണ്. മനസ് തുറന്നു സംസാരിക്കാനുള്ള സാഹചര്യം ഒരുക്കുക.

ഈ ലക്ഷണങ്ങളിൽ ഒന്നോ അതിലധികമോ കാണിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടണം. ഒരു മാനസികാരോഗ്യ വിദഗ്ധന്റെ പിന്തുണയോടെ ഈ അവസ്ഥയെ ഫലപ്രദമായി നേരിടാനാകും. ഓർക്കുക, ചികിത്സയിലൂടെ ഈ അവസ്ഥയെ കീഴടക്കാനാകും.

കടപ്പാട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments