ചിലങ്കയിൽ മണികൾ കിലുങ്ങും പോലെ ചെറുപ്പത്തിലേ ഉള്ളിൽ മുളപൊട്ടിയ മോഹമാണ് നൃത്തം.
എന്റെ ജീവിതത്തിന്റെ താളം ചിലങ്കക്ക് ഒപ്പമാണ്, ബാക്കിയെല്ലാം അതിനോടൊപ്പം ചേർന്നു നിൽക്കുന്നു. പ്രിയ ടീച്ചർ പറഞ്ഞു തുടങ്ങി ജീവിതം നൃത്തം ജോലി കുടുംബം അങ്ങനെ എല്ലാം….
ഗുരുവായൂരിൽ നൂപുര സംഗീത നൃത്ത വിദ്യാലയം എന്ന കലാക്ഷേത്രത്തിൽ ചിലങ്കയുടെ താളം മുറുകുന്നു.
ജീവിതത്തിൽ ടെൻഷൻ കുറക്കാനും ചിട്ടകൾ വരുത്താനും നൃത്തം ഒരു ഔഷധമാണ്. ഇവിടെ നൂപുരയിൽ എല്ലാ പ്രായത്തിലുമുള്ള ശിഷ്യർ ഉണ്ട്. അംഗനവാടിക്കാരി മുതൽ സർക്കാർ ഉദ്യോഗസ്ഥ വരെ പ്രിയ ടീച്ചർക്കൊപ്പം താളം ചവിട്ടുന്നു.
സംഗീതവും നൃത്തവും അഞ്ചു വയസ്സ് മുതൽ പഠിച്ചു തുടങ്ങി. പല പല ഗുരുക്കന്മാർക്കൊപ്പം. ആദ്യഗുരു നൃത്തകിയും സിനിമാ നടിയുമായ ഊർമിള ഉണ്ണിയാണ്. പിന്നീട്
ശ്രീകല കിഷോർ, രാജലക്ഷ്‌മി സുരേന്ദ്രൻ, കലാമണ്ഡലം കവിത കൃഷ്ണകുമാർ,
കലാമണ്ഡലം നിമിഷനീരജ് എന്നിവരുടെ കീഴിയിലായിരുന്നു പഠനം.
നൃത്തം പഠിത്തം ജോലി കല്യാണം കുടുംബം ജീവിതം അങ്ങനെ മുന്നോട്ടു പോകുമ്പോൾ നമ്മൾ പഠിച്ചത് ചുറ്റിലുമുള്ള കുട്ടികൾക്ക് പറഞ്ഞു കൊടുത്താലോ എന്ന ചിന്തയാണ് നൂപുര തുടങ്ങാൻ കാരണം.
പന്ത്രണ്ട് വർഷം മുന്നേ ഒരുങ്ങിയ നൂപുരയുടെ താളം ഇന്ന് 25ശിഷ്യരുമായി മുന്നോട്ടു പോകുന്നു.
ടീച്ചർ എന്ന ജോലിക്കു പുറമെ നൃത്തം എന്റെ പാഷൻ ആണ്. പാഷൻ ന്റെ പിന്നാലെ പോവുക എളുപ്പം അല്ല. ആ എളുപ്പം ഇല്ലാത്ത പണിയാണ് ഞാൻ ഏറെ ആസ്വദിച്ചു ചെയ്യുന്നത്.ഞങ്ങളുടേത് ഒരു ടീം വർക് ആണ്.
ഞാൻ ഉൾപ്പെടെ വേറെയും ടീച്ചർ മാർ ഉണ്ട് ഇവിടെ.
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, തിരുവാതിര, നാടൻ നൃത്തം സംഗീതം എല്ലാം നൂപുരയിൽ പഠിപ്പിക്കുന്നുണ്ട്.
പ്രശസ്ത കവിതകളുടെ ദൃശ്യാ വിഷ്ക്കാരവും പുരാണ കഥാപാത്രങ്ങളെ നൃത്ത രൂപത്തിൽ അവതരിപ്പിക്കുന്നതു നൃത്തനാടകങ്ങളുമാണ് നൂപുരയുടെ അടുത്ത പ്ലാൻ.
ജോലിയും ജീവിതവും ആയി ഓടുന്ന പ്രൊഫഷണൽ സ്ത്രീകൾക്കായി ഓൺലൈൻ ക്ലാസും ഇവിടെ സജ്ജമാണ്. അതിപ്പോ ലോകത്തിന്റെ ഏതു ഭാഗത്തുള്ളവരൾക്കും ഓൺലൈൻ ആയി നൂപുരയുടെ നൃത്തക്‌ളാസുകളുടെ ഭാഗം ആകാം.ഗുരുവായൂർ കൃഷ്ണന്റെ ഐശ്യരയം കളിയാടുന്ന മണ്ണ് ആണ്. ഇവിടെ ഗുരുവായൂർ അമ്പലത്തിൽ അരങ്ങേറുന്നത് പലർക്കും നടക്കാത്ത മോഹമാണ്. ഞങ്ങളുടെ കുട്ടികൾക്ക് അങ്ങനെ അരങ്ങേറ്റം നടത്താൻ ഉള്ള എല്ലാ കാര്യങ്ങളിലും നൂപുരയും പ്രിയ ടീച്ചറും കൂടെയുണ്ടാകും.
തിരുവാതിരക്കാലം…
വ്യത്യസ്‌ത ഇടങ്ങളിൽ ജോലി ചെയ്യുന്ന വനിതകളെ സംഘടിപ്പിച്ചു ഒരു തിരുവാതിര ട്രൂപ്പും നൂപുരക്കുണ്ട്. തൃശൂർ വടക്കുംനാഥനിൽ എല്ലാ വർഷവും സങ്കടിപ്പിക്കുന്ന ആതിരോത്സവത്തിൽ വർഷങ്ങങ്ങളായി നൂപുരയിലെ കുട്ടികളുടെ പരിപാടികളും ഉണ്ടാവാറുണ്ട്. തൃശ്ശൂരിലെ പ്രധാന ക്ഷേത്രങ്ങളായ ഗുരുവായൂർ, പാറമേക്കാവ്, ശങ്കരങ്കുളങ്ങര തുടങ്ങിയിടത്തൊക്കെ നൂപുര ചുവടുവെച്ചിട്ടുണ്ട്.
തിരുവാതിര ചിട്ടവട്ടങ്ങളിൽ പ്രധാനമായും നളചരിതം, ആട്ടക്കഥ, കഥകളിപദങ്ങൾ എന്നിവയിൽ നിന്നാണ് പദങ്ങൾക്ക് വേണ്ടതായിട്ടുള്ള ഈരടികൾ എടുക്കുന്നത്. ഗണപതിസ്തുതി, സരസ്വതീസ്തുതി, പദം, കുമ്മി, കുറത്തി, വഞ്ചിപ്പാട്ട്, മംഗളം – ഈ ചിട്ടയിലാണ് നമ്മൾ പഠിപ്പിക്കാറുള്ളത്. കൂടെ ഒറ്റപ്പാട്ടുകളും ചേർക്കാറുണ്ട്.
തിരുവാതിരക്ക് മുഖ്യപദങ്ങൾ ആയിട്ട് എടുക്കാറുള്ളത് – സന്താപമരുതരുതേ, അംഗനേ ഞാൻ, വിജനേ, നന്ദനന്ദനൻ, പ്രിയമാനസാ, ഒറ്റപ്പാട്ടിൽ തന്നെയുള്ള വാഴക്കുന്നം എഴുതിയ കല്ലുവേണോ, നീലനിറമോലും, അങ്ങേലെ വീട്ടിലെ ഇട്ടിത്തുപ്പൻ എന്നിവയാണ്.
കുറ്റൂർ ഗവണ്മെന്റ് സ്കൂളിലെ ഇംഗ്ലീഷ് ടീച്ചറായ പ്രിയ ചക്രാത്തിനു നൃത്തം ജീവതാളമാണ്. തിരക്കുകൾക്കിടയിലും നൂപുരയും സംഗീതവും നൃത്തവും ചേർന്നോഴുകുന്ന മോഹപ്പുഴയാണ് പ്രിയടീച്ചർക്ക് ജീവിതം.
ഭർത്താവ് ഹരിദാസും മകൾ ഹരിപ്രിയയും നൂപുരക്ക് കൂട്ടായുണ്ട്. അനുജത്തിയും നാത്തൂന്മാരുമൊക്കെ ഇവിടെ നൂപുരയിൽ സജീവമാണ്.
പ്രിയയുടെ സ്വപ്നങ്ങൾക്ക് ആകാശത്തോളം ഉയരമുണ്ട്, ഓരോ ചുവടും പിഴക്കാതെ ടീച്ചറും കുട്ട്യോളും നൂപുരക്കൊപ്പം താളമിടുമ്പോൾ നാം കൈ പിടിച്ചു ചേർത്ത് നിർത്തണം. ഒരു പെൺകുട്ടിയുടെ സ്വപ്നം പൂവിടുമ്പോൾ ഒരുപാട് മുഖങ്ങളിൽ ആണ് പുഞ്ചിരി പൂക്കുന്നത്. അത് ഒരു പ്രദേശത്തെ പൂർണമായും പ്രകാശപൂരിതമാക്കും.
നൂപുര നൃത്തം സംഗീത വിദ്യാലയം,
ബ്രഹ്മകുളം,
ഗുരുവായൂർ
ഫോൺ: 9847336964, 8592816956