“വാകപ്പൂ മരം ചൂടും
വാരിളം പൂങ്കുലക്കുള്ളിൽ
വാടകയ്ക്കൊരു മുറിയെടുത്തു
വടക്കൻ തെന്നൽ
പണ്ടൊരു വടക്കൻ തെന്നൽ”
വര – Alok Skaria
‘അനുഭവം’ എന്ന ചിത്രത്തിലെ ഈ സൂപ്പർ ഹിറ്റ് ഗാനത്തിന് വരികളൊരുക്കിയത് ബിച്ചു തിരുമലയാണ്.
എ ടി ഉമ്മറിന് മികച്ച സംഗീത സംവിധായകനും, എസ് ജാനകിക്ക് മികച്ച ഗായികയ്ക്കുമുള്ള സംസ്ഥാന അവാർഡുകൾ നേടിക്കൊടുത്ത “തുഷാരബിന്ദുക്കളെ” എന്ന ഗാനം ഉൾപ്പെടുന്ന “ആലിംഗനം” എന്ന ചിത്രത്തിലൂടെയാണ് ബിച്ചു തിരുമല – എ ടി ഉമ്മർ കൂട്ടുകെട്ടിന് തുടക്കമാകുന്നത്. പിന്നീട് നിരവധി ഗാനങ്ങൾ ഈ കൂട്ടുകെട്ടിൽ പിറവിയെടുത്തു. എ ടി ഉമ്മർ ഏറ്റവും കൂടുതൽ സഹവർത്തിച്ചതും ബിച്ചു തിരുമലയുമായാണ്.
“ആയിരം മാതള പൂക്കൾ
ആതിരേ നിൻ മിഴിത്തുമ്പിൽ”
‘അനുപല്ലവി’ എന്ന ചിത്രത്തിനായി ബിച്ചു തിരുമല എഴുതി കെ ജെ ജോയ് സംഗീതം നൽകിയ ഗാനം.
“എൻ സ്വരം പൂവിടും “, “ഒരേ രാഗ പല്ലവി നമ്മൾ” എന്നീ മനോഹര ഗാനങ്ങളും ഈ ചിത്രത്തിലെയാണ്.
ബേബി സംവിധാനം ചെയ്ത “സർപ്പം”, എന്ന ചിത്രത്തിൽ ബിച്ചു തിരുമലയുടെ രചനയിൽ കെ ജെ ജോയ് സംഗീതം ഒരുക്കിയ ഖവാലി ഗണത്തിൽപ്പെടുന്ന, “സ്വർണ്ണമീനിന്റെ ചേലൊത്ത” എന്ന ഗാനം മത്സരിച്ചു ആലപിച്ചിരിക്കുന്നത്, കെ.ജെ യേശുദാസ്, എസ്.പി.ബി, പി.സുശീല, വാണി ജയറാം തുടങ്ങിയവരാണ്. അതുപോലെ ഇതേ കൂട്ടുകെട്ടിൽ എന്റെ മറ്റൊരു ഫേവറൈറ്റാണ്, “ശക്തി” എന്ന ചിത്രത്തിലെ “എവിടെയോ കളഞ്ഞുപോയ കൗമാരം” എന്ന ഗാനം.
“നനഞ്ഞു നേരിയ പട്ടുറുമാൽ.
സുവർണ്ണ നൂലിലെ അക്ഷരങ്ങൾ”
“രാഗേന്ദു കിരണങ്ങളൊളി വീശിയില്ല.. രജനീ കദംബങ്ങൾ മിഴി ചിമ്മിയില്ല..”
“ഒറ്റക്കമ്പി നാദം മാത്രം മൂളും വീണാഗാനം ഞാൻ..”
“മിഴിയോരം നനഞ്ഞൊഴുകും…”
“ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം…”
“ഒരു മയിൽപ്പീലിയായ് ഞാൻ ജനിക്കുമെങ്കിൽ നിന്റെ…”
പ്രണയം, കാമം, വിരഹം, ഏകാന്തത, നഷ്ടബോധം, ഭക്തി, ഉത്സവം, ലഹരി, തത്വജ്ഞാനം, ബാല്യകാലം, എന്നിങ്ങനെ മനുഷ്യജീവിതത്തിന്റെ എല്ലാ തലത്തെയും സ്പർശിക്കുന്ന എല്ലാ തരം ഴോണർ പാട്ടുകളും ബിച്ചു തിരുമലയുടെ പേനയിൽ നിന്ന് പിറവികൊണ്ടു.
“നീലജലാശയത്തിൽ ഹംസങ്ങൾ നീരാടും പൂങ്കുളത്തിൽ..”
“പ്രണയസരോവരതീരം പണ്ടൊരു പ്രദോഷസന്ധ്യാനേരം..”
“കണ്ണും കണ്ണും തമ്മിൽ തമ്മിൽ…”
“ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളെ..”
“ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ…”
“ഏകാന്തചന്ദ്രികേ തേടുന്നതെന്തിനോ…”
പുറത്തിറങ്ങാത്ത സിനിമകളിലെ സൂപ്പർഹിറ്റ് ഗാനങ്ങളുടെ ലിസ്റ്റെടുത്താൽ “തെരുവുഗീതം” എന്ന ചിത്രത്തിലെ “ഹൃദയം ദേവാലയം” എന്ന ഗാനത്തിന്റെ സ്ഥാനം എന്നും മുൻപന്തിയിലായിരിക്കും.
“ഹൃദയം ദേവാലയം
പോയ വസന്തം നിറമാല ചാർത്തും
ആരണ്യ ദേവാലയം..
മാനവ ഹൃദയം ദേവാലയം..”
ജയവിജയ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിനിമാ ഗാനങ്ങളിൽ ആദ്യം ഓർമ്മ വരുന്നതും ഇതേ ഗാനം തന്നെ. ഗാനരചന ശിവശങ്കരൻ എന്ന ബിച്ചു തിരുമല.
“നക്ഷത്ര ദീപങ്ങൾ തിളങ്ങി,
നവരാത്രി മണ്ഡപമൊരുങ്ങീ..”
ജയവിജയ കൂട്ടുകെട്ടിൽ പുറത്തുവന്ന “നിറകുടം” എന്ന ചിത്രത്തിലെ ഈ മനോഹര ഗാനത്തിന്റെ രചനയും ബിച്ചു തിരുമലയാണ്. യേശുദാസ് പാടി അഭിനയിച്ച ഗാനം. !! ഇതേ സിനിമയിലാണ് “ചിങ്ങവനത്താഴത്തെ കുളിരും കൊണ്ടേ” എന്ന മനോഹര ഗാനവും.
ഒരേ ഈണത്തിൽ രണ്ടു വ്യത്യസ്ത മൂഡ് തരുന്ന പാട്ടെഴുതിയും അദ്ദേഹം നമ്മെ വിസ്മയിപ്പിച്ചു. ഏതു കാലഘട്ടത്തിനും അനുയോജ്യമായ വിധത്തിൽ ഭംഗിയുള്ള വാക്കുകൾ കോർത്തിണക്കിക്കൊണ്ട് അദ്ദേഹം ഓരോ കാലത്തും ഹിറ്റ് ഗാനങ്ങളൊരുക്കി. പക്കാ ക്ലാസ്സിക്കൽ സംഗീതവും, മെലഡിയും, തട്ടുപൊളിപ്പൻ ഗാനങ്ങളും, എല്ലാം അദ്ദേഹത്തിന്റെ വിരൽത്തുമ്പിൽനിന്നും ഉതിർന്നുകൊണ്ടേയിരുന്നു.
ദേവരാജൻ മാഷ്, ദക്ഷിണാമൂർത്തി, എം എസ് ബാബുരാജ്, എം എസ് വി, ശ്യാം, കെ രാഘവൻ, എ ടി ഉമ്മർ, കെ ജെ ജോയ്, ശങ്കർ-ഗണേഷ്, ജയ-വിജയ, എസ് ബാലകൃഷ്ണൻ, രവീന്ദ്രൻ, ജോൺസൻ, ഔസേപ്പച്ചൻ, എസ് പി വെങ്കിടേഷ്, ജെറി അമൽദേവ്, ഇളയരാജ, എം ജി രാധാകൃഷ്ണൻ, എ ആർ റഹ്മാൻ എന്നിങ്ങനെ ഒട്ടുമിക്ക സംഗീത സംവിധായകരുമൊത്ത്, എല്ലാ തരം പാട്ടുകളും അദ്ദേഹം നമുക്കായി നൽകി..
മലയാളി ബാക്കിയാവുന്നിടത്തോളം കാലം എന്നല്ല, മലയാള സിനിമാഗാനങ്ങൾ ബാക്കിയാവുന്നിടത്തോളം കാലം, ബിച്ചു തിരുമലക്ക് മരണമെന്നൊന്നില്ല.
-വിപിൻ മോഹൻ