2024-ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങ്ങിന്. ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യ ജീവിതത്തിന്‌റെ ദുര്‍ബലത തുറന്നുകാട്ടുകയും ചെയ്യുന്ന കാവ്യാത്മകമായ ശൈലിയും പരീക്ഷണങ്ങളും രചനാശൈലിയുമാണ് ഹാന്‍കാങ്ങിനെ പുരസ്കാരത്തിന് അർഹമാക്കിയത്. ഇത് സമകാലിക ഗദ്യത്തിലെ പുതുമയാർന്ന ഒരു ശൈലിയാണെന്നും ജൂറി വിലയിരുത്തി.
11 മില്യണ്‍ സ്വീഡിഷ് ക്രൗണാണ് സമ്മാനത്തുക. 18 കാരറ്റ് ഗോൾഡ് മെഡലും ഡിപ്ലോമ സർട്ടിഫിക്കറ്റും നൊബേല്‍ സമ്മാന ജേതാക്കൾക്ക് ലഭിക്കും.
2016 ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം ഹാന്‍ കാങ്ങിനായിരുന്നു. ‘ദ വെജിറ്റേറിയന്‍’ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. യങ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ്, കൊറിയന്‍ ലിറ്ററേച്ചര്‍ നോവല്‍ അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ അവരെ തേടിയെത്തിയിട്ടുണ്ട്.
1901 മുതല്‍ ഇതുവരെ 116 സാഹിത്യ നൊബേല്‍ പുരസ്‌കാരങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. ഇതില്‍ നാലെണ്ണം ഒന്നിലധികം ജേതാക്കള്‍ പങ്കിട്ടു. ഇതുവരെ 17 സ്ത്രീകള്‍ക്കാണ് സാഹിത്യ നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. 2023-ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നോര്‍വീജിയന്‍ എഴുത്തുകാരന്‍ ജോൻ ഫോസെയ്ക്കായിരുന്നു. നാടകകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ വിഖ്യാതനായ എഴുത്തുകാരനാണ് ഫോസെ.