ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ മരണപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. മലപ്പുറം സ്വദേശി ദേവാനന്ദിൻ്റെ പോസ്റ്റുമാര്‍ട്ടം നടപടികള്‍ അരംഭിച്ചിട്ടുണ്ട്. പാലക്കാട് സ്വദേശി ശ്രീദീപ്, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി എന്നിവരുടെ പോസ്റ്റ്‌മോര്‍ട്ടം ആദ്യം നടത്തിയേക്കും. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ അവരുടെ വീടുകളിലേക്ക് എത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായി ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു. വണ്ടാനത്തെ പൊതുദര്‍ശനത്തിന് ശേഷം ആംബുലന്‍സുകളില്‍ വിദ്യാര്‍ത്ഥികളെ വീട്ടിലെത്തിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
അതേസമയം അപകടത്തില്‍ അന്വേഷണം ആരംഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുനില്‍ രാജ് മാധ്യമങ്ങളോട് പറഞ്ഞു. കാലാവസ്ഥ ആകാം അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. വാഹനത്തിന്റെ കാലപ്പഴക്കവും അധികമാളുകള്‍ സഞ്ചരിച്ചതും അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാലാ മറ്റക്കരയിലെ വീട്ടിലായിരിക്കും ദേവാനന്ദിന്റെ സംസ്‌കാരം. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്കായിരിക്കും സംസ്‌കാരം. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിമിന്റെ ഖബറടക്കം എറണാകുളം ടൗണ്‍ ജുമാ മസ്ജിദില്‍ നടക്കും. കോട്ടയം പൂഞ്ഞാര്‍ സ്വദേശി ആയുഷിന്റെ സംസ്‌കാരം കുടുംബ വീടായ ആലപ്പുഴ കാവാലത്ത് നാളെ രാവിലെ 10ന് നടത്തും
ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അപകടം. ഗുരുവായൂരില്‍ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് എതിര്‍ദിശയില്‍ നിന്നു വന്ന കാര്‍ ഇടിച്ചുകയറുകയായിരുന്നു. സംഭവത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ തത്ക്ഷണം മരിച്ചു. മറ്റുള്ളവര്‍ ചികിത്സയിലാണ്. കനത്ത മഴ നിലനിന്നിരുന്നതിനാല്‍ നിയന്ത്രണം വിട്ടതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അരമണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് വിദ്യാര്‍ത്ഥികളെ കാറില്‍ നിന്നും പുറത്തെടുക്കാനായത്.