ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് 5 വിദ്യാർത്ഥികൾ മരിച്ചു. 2 പേര്‍ക്ക് ഗുരുതര പരുക്ക്. ആലപ്പുഴ കളർകോടാണ് സംഭവം. കെഎസ്ആർടിസി സൂപ്പർഫാസ്റ്റിലേക്ക് കാർ വന്ന് ഇടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട കാർ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ ആശുപത്രിയിലേക്ക് എത്തിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാർത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.
വിദ്യാർത്ഥികളിലൊരാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. മരിച്ചവരിൽ ലക്ഷദ്വീപ് സ്വദേശിയുമുണ്ട്. കാറിൽ കൂടുതൽ വിദ്യാർത്ഥികൾ ഉണ്ടായിരുന്നോ എന്നും സംശയം. രണ്ട് വാഹനങ്ങളും അമിതവേഗതയിൽ അല്ലായിരുന്നുവെന്നാണ് റിപ്പോർട്ട്. കാലാവസ്ഥ മൂലം കാഴ്ച മങ്ങിയതാവാം അപകട കാരണമെന്നാണ് നിലവിലെ നിഗമനം. ഗുരുവായൂരിൽ നിന്ന് കായംകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു.
അതേസമയം, കാറിനുള്ളിൽ 11 പേരായിരുന്നു ഉണ്ടായിരുന്നത്. നാളെ രാവിലെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിക്കും. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.