കെപിഎസിയിൽ ഇന്റവ്യൂ ഒക്കെ കഴിഞ്ഞ് വിളി വരുന്നത് നോക്കിയിരിക്കുകയാരുന്നു ലളിത. അപ്പോഴാണ് ഒരു കാർ വന്നു നിന്നത്. നടൻ ബഹദൂറിന്റെ ട്രൂപ്പിൽ നാടകത്തിൽ അഭിനയിക്കാൻ ലളിതയെ വിളിക്കാൻ വന്നതാണ്. കൊടുങ്ങല്ലൂരാണ് റിഹേഴ്സൽ. അഞ്ച് നാടകങ്ങളിൽ അഭിനയിക്കണം. ഡാൻസും പാട്ടുമൊക്കെയുണ്ട്.
ലളിതയ്ക്കാകട്ടെ പോകണമെന്നില്ല. പണ്ടേ കമ്യൂണിസ്റ്റുകാരിയായ ലളിതയ്ക്ക് കെപിഎസിയിൽ അഭിനയിക്കണം. വേറെ അഭിനയിക്കാൻ പോയാൽ അത് നഷ്ടപ്പെടുമോന്ന് പേടി. വന്ന അവസരം കളയാനും വയ്യ. ബഹദൂറായതുകൊണ്ട് പിന്നെ സിനിമയിലൊക്കെ അഭിനയിക്കാൻ അവസരം കിട്ടുകയും ചെയ്യും. അതാണ് ബന്ധുക്കൾ പറയുന്നത്. എന്നാലും ലളിതയ്ക്ക് പോകണമെന്നില്ല. ഒടുവിൽ നിർബന്ധത്തിനു വഴങ്ങി മനസ്സില്ലാമനസ്സോടെ പോകാൻ തീരുമാനിച്ചു. അങ്ങനെ കാറിൽ കൊടുങ്ങല്ലൂരിലേക്ക്.
ഒരു നാലുകെട്ടിൽ വെച്ചാണ് റിഹേഴ്സൽ. ലളിതക്ക് സ്ഥലമൊന്നും ഇഷ്ടപ്പെട്ടില്ല. എന്തോ അങ്ങ് പിടിക്കുന്നില്ല. എന്നാലും വന്നു പോയില്ലേ.
അതിനിടയിൽ ബഹദൂറിനെ കണ്ടു സംസാരിച്ചു. ലളിതയുടെ കഥാപാത്രങ്ങളെക്കുറിച്ചൊക്കെ ബഹദൂർ പറഞ്ഞു കൊടുത്തു. അഞ്ച് നാടകങ്ങളിലെ റോളും സംഭാഷണവും വെവ്വേറെ ബുക്കുകളിലാക്കി കൊടുത്തു. നാടകങ്ങളും കൊണ്ട് ഒരു മാസത്തെ ഗൾഫ് ടൂറും പ്ലാനിലുണ്ട്.
രാത്രി കഞ്ഞിയും പയറുമായിരുന്നു ആഹാരം. ഭക്ഷണമൊക്കെ കഴിച്ചിട്ട് ലളിത ഒരേ വാശി. വീട്ടിൽ പോകണം.. ഇവിടെ പറ്റില്ല. എന്നാലും മോളേ അഭിനയത്തിന്റെ ബുക്കുകളൊക്കെ വാങ്ങിയില്ലേ ഇനിയെങ്ങനെ ചെയ്യാതിരിക്കും. എന്തുപറഞ്ഞ് ഇവിടെ നിന്നിറങ്ങും എന്ന് അച്ഛൻ. നമ്മൾ ഡ്രസൊന്നും എടുത്തില്ല , എല്ലാം എടുത്തിട്ട് വരാമെന്ന് പറഞ്ഞ് പോകാമെന്നായി ലളിത.
ബഹദൂറും കേട്ടപ്പോൾ സമ്മതിച്ചു. 250 രൂപായും കൊടുത്ത് അച്ഛനേയും മകളേയും ബസ് കയറ്റി വിട്ടു. വൈകിട്ട് ചങ്ങനാശ്ശേരി വീട്ടിൽ എത്തിയപ്പോൾ ദാ കിടക്കുന്നു കെപിഎസിയിൽ എടുത്തതായുള്ള ടെലഗ്രാം. ലളിതക്ക് ഇതിൽ പരമൊരു സന്തോഷമില്ല.
പിറ്റേന്ന് തന്നെ അഭിനയത്തിന്റെ ബുക്കുകളും 250 രൂപയും ബഹദൂറിന് അയച്ചു കൊടുത്തു. കെ.പി.എ.സിയിൽ ചേർന്നതുകൊണ്ടാണെന്ന് കത്തും അയച്ചു.
പിന്നീട് വാഴ്‌വേ മായം സിനിമയിൽ അഭിനയിക്കാൻ ലളിത മദ്രാസിലെത്തിയപ്പോൾ സെറ്റിൽ ബഹദൂറുമുണ്ട്. ബഹദൂറിന്റെ ജോഡിയായാണ് ലളിത അഭിനയിക്കേണ്ടത്.
ലളിതയെക്കണ്ട ബഹദൂർ ഒന്ന് സംശയിച്ചു നിന്നു..
ലളിത പറഞ്ഞു സംശയിക്കണ്ട.. അന്ന് മുങ്ങിയ നാടക നടി തന്നെ ഇത്..
ബഹദൂറിന്റെ മുഖമങ്ങ് മാറി. . വഞ്ചകിയാണ് നീ എന്നെ ചതിച്ചു അന്ന് എന്നെല്ലാവരും കേൾക്കെ പറയുകയും ചെയ്തു.
ആദ്യത്തെ സീൻ ഒരു കുടുംബകലഹമാണ്..
അതിൽ ലളിതയെ ഇടിക്കുന്ന സീനിൽ ബഹദൂറിന്റെ ഇടിയുടെ ശക്തി കൂടിപ്പോയി. മുതുകത്തായിരുന്നു ഇടി.. ലളിതക്ക് വേദനിച്ചു..
തറയിൽ ഇരുന്ന മൊന്ത ഒന്നെടുത്ത് ബഹദൂറിന്റെ മോന്ത നോക്കി ഒരേറ്..
അയ്യോ പൊത്തോ എന്ന് പറഞ്ഞ് എറിയും കൊണ്ട് ബഹദൂർ വീണു..
അഭിനേതാക്കൾ മനോധർമ്മമനുസരിച്ച് ചെയ്യുന്ന ഇത്തരം സീനുകൾ സിനിമയിൽ ഉൾപ്പെടുത്താറുണ്ട് അന്ന്..
നീയെന്താ അത്രയും ശക്തിയിൽ എറിഞ്ഞത്. അങ്ങനെ ചെയ്യാൻ പാടുണ്ടോ .. നന്നായി വേദനിച്ചുവെന്ന് ബഹദൂർ ഷൂട്ട് കഴിഞ്ഞപ്പോൾ ലളിതയോട്..ലളിതയുണ്ടോ വിടുന്നു. അത്രയും ശക്തിയിൽ ഇടിച്ചതെന്താ . അങ്ങനെയും ചെയ്യാൻ പാടുണ്ടോ എന്ന് തിരിച്ചൊരു ചോദ്യം ബഹദൂറിനോട്..
എന്തായാലും ആ സംഭവത്തോടെ ബഹദൂർ കുടുംബാംഗത്തെ പോലെ ആയെന്ന് ലളിത കഥ തുടരും എന്ന ആത്മകഥയിൽ എഴുതിയിട്ടുണ്ട്.
-web editor