ഇടുക്കി തൊടുപുഴയിൽ വളർത്തു നായയോട് ഉടമയുടെ ക്രൂരത. ഉടമയുടെ ‘ആജ്ഞ അനുസരിച്ചില്ല’ എന്ന കാരണത്താൽ നായയെ വെട്ടിപ്പരുക്കേൽപ്പിച്ച് തെരുവിൽ ഉപേക്ഷിച്ചു. ദേഹമാസകലം മുറിവേറ്റ നിലയിൽ തൊടുപുഴ മുതലക്കോടത്ത് നിന്നാണ് അനിമൽ റെസ്ക്യൂ ടീം നായയെ കണ്ടെത്തുന്നത്. വഴിയാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് ടീം അംഗങ്ങളായ കീർത്തിദാസ്,മഞ്ജു എന്നിവർ സ്ഥലത്തെത്തി. തുടർന്ന് ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സ നൽകിയ ശേഷം അഭയകേന്ദ്രത്തിലേക്ക് മാറ്റി
തെരുവിൽ അലഞ്ഞ് തിരിയുന്നതും ഉടമകൾ ഉപേക്ഷിച്ചതുമായ മൃഗങ്ങൾക്ക് അഭയകേന്ദ്രമോ ചികിത്സ സൗകര്യങ്ങളോ ജില്ലയിൽ ഇല്ലെന്നും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കണമെന്നും ഇവർ പറയുന്നു. അനിമൽ റെസ്ക്യൂ ടീമിൻ്റെ പരാതിയിൽ നായയെ ഉപദ്രവിച്ചതിന് ഷൈജു തോമസ് എന്നയാളെ പ്രതി ചേർത്ത് തൊടുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്.