വരന്തരപ്പിള്ളി:പാലപ്പിള്ളി മേഖലയിൽ ഭീതിവിതച്ച്കാട്ടാനക്കൂട്ടമെത്തി. കുട്ടികൾ ഉൾപ്പടെ മുപ്പതിലേറെ ആനകളാണ് റബർ എസ്റ്റേറ്റുകളിൽ തമ്പടിച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെ ചിമ്മിനി എസ്റ്റേറ്റിൽ എത്തിയ ആനക്കൂട്ടം റോഡ് മുറിച്ച് കടക്കുന്നതിനിടെ നിരവധി യാത്രക്കാരാണ് വഴിയിൽ കുടുങ്ങിയത്. ഇത്രയേറെ ആനകൾ ഒന്നിച്ച് ജനവാസ മേഖലയിൽ എത്തുന്നത് ആദ്യമായാണെന്ന് പ്രദേശവാസികൾ പറയുന്നു. അക്കരപ്പാടി, കാരിക്കുളം എന്നിവിടങ്ങളിലാണ് ആനക്കൂട്ടം തമ്പടിക്കുന്നത്. പാലപ്പിള്ളി ചിമ്മിനി ഡാം റോഡിലും ആനകൾ ഇറങ്ങുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. തോട്ടങ്ങളിൽ ആനക്കൂട്ടം നിലയുറപ്പിച്ചതോടെ ടാപ്പിങ്ങിനെത്തിയ തൊഴിലാളികൾക്ക് പണിക്കിറങ്ങാൻ കഴിഞ്ഞില്ല. നാട്ടുകാരും വാച്ചർമാരും ചേർന്ന് പല തവണ ആനകളെ കാടുകയറ്റാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മേഖലയിൽ വേണ്ടത്ര ദ്രുത കർമസേന ഇല്ലാത്തതും പ്രതിസന്ധിയാണ്. കഴിഞ്ഞ രാത്രിയിലാണ് ആനക്കൂട്ടം പ്രദേശത്ത് എത്തിയത്. വീടുകൾക്ക് സമീപത്ത് എത്തിയ ആനക്കൂട്ടത്തെ നാട്ടുകാർ പടക്കം പൊട്ടിച്ചും പാട്ടക്കൊട്ടിയുമാണ് അകറ്റിയത്. ജനവാസ പാട്ടക്കൊട്ടിയുമാണ് അകറ്റിയത്. ജനവാസ മേഖലയിൽ നിന്ന് തോട്ടങ്ങളിലേക്ക് കടന്ന ആനക്കൂട്ടം പലതവണ റോഡിലിറങ്ങി നിലയുറപ്പിച്ചു. രാത്രികളിൽ ആനക്കൂട്ടം വീടുകൾക്ക് സമീപമെത്തി നാശനഷ്ടങ്ങൾ വരുത്തുമെന്ന ആശങ്കയിലാണ് നാട്ടുകാർ.


