മലപ്പുറം:പൊലീസ് കുപ്പായം അഴിച്ച പ്രിയ കൂട്ടുകാരന് ആവേശകരമായ യാത്രയയപ്പ് നൽകാൻ അവർ വീണ്ടും ബൂട്ടുകെട്ടി. മിക്കവർക്കും പ്രായം അറുപത് പിന്നിട്ടിരുന്നു. പക്ഷേ, ഇപ്പോഴും പതിനെട്ടിൻ്റെ ചുറുചുറുക്ക്. കൂട്ടത്തിലെ ഇളമുറക്കാരനായ ഐ എം വിജയന്റെ യാത്രയയപ്പിൻ്റെ ഭാഗമായി കേരള പൊലീസ് ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിച്ച സൗഹൃദ മത്സരത്തിനായാണ് കേരള പൊലീസിൻ്റെ പഴയ പടക്കുതിരകൾ മലപ്പുറത്ത് ഒത്തുകൂടിയത്.
മുൻ ഇന്ത്യൻ നായകനായ ഐ എം വിജയൻ എംഎസ്‌പി അസി. കമാൻഡൻ്റ് സ്ഥാനത്തുനിന്നാണ് വിരമിക്കുന്നത്. ഐ എം വിജയനുപുറമെ പൊലീസിൻ്റെ ഫുട്ബോൾ താരങ്ങളായ എംഎസ്‌പി അസി. കമാൻഡന്റ് റോയി റോജസ്, കെഎപി ഒന്നാം ബറ്റാലിയൻ അസി. കമാൻഡൻ്റായിരുന്ന സി പി അശോകൻ എന്നിവർക്കുള്ള യാത്രയയപ്പുകൂടിയായിരുന്നു മത്സരം.
മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം ഓർമകളിലേക്ക് മടങ്ങിയ നിമിഷങ്ങൾ. ഒരുവശത്ത് കേരള പൊലീസിൻ്റെ ജേഴ്‌സിയിൽ ഐ എം വിജയനൊപ്പം യു ഷറഫലി, കെ ടി ചാക്കോ, കുരികേശ് മാത്യു, പി പി തോബിയാസ്, പി ഹബീബ് റഹ്മാൻ, അലക്‌സ് എബ്രഹാം, കെ രാജേഷ്, തോമസ്, ഷിംജിത്ത്, പൗലോസ്, എഡിസൺ, ബഷീർ, സി പി അശോകൻ, സുധീർ, സാജൻ, അജിത്, ഗോപി, സക്കീർ തുടങ്ങിയവർ.