ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ 30 ബുധനാഴ്‌ച വിവാഹ ബുക്കിങ് 146 കടന്നതോടെ ദർശനത്തിനും താലികെട്ട് ചടങ്ങിനും ദേവസ്വം പ്രത്യേക ക്രമീകരണമൊരുക്കി. തിങ്കൾ രാത്രി 9 വരെയുള്ള ബുക്കിങ്ങനുസരിച്ചാണ് 146. ചൊവ്വ, ബുധൻ രാവിലേയും ബുക്കിങ് നടത്താമെന്നിരിക്കെ എണ്ണം വർധിക്കും. പുലർച്ചെ 5 മുതൽ കല്യാണങ്ങൾ നടത്തും. താലികെട്ടിനായി കൂടുതൽ മണ്ഡപങ്ങൾ സജ്ജമാക്കും. താലികെട്ട് നിർവഹിക്കാൻ ക്ഷേത്രം കോയ്‌മമാരെ മണ്ഡപത്തിലേക്ക് അധികം നിയോഗിക്കും. വരനും വധുവുമടങ്ങുന്ന വിവാഹസംഘങ്ങൾക്ക് നേരത്തേ ക്ഷേത്രം തെക്കേ നടയിലെ പട്ടര്‌കുളത്തിനോട് ചേർന്നുള്ള റിസപ്ഷൻ കൗണ്ടറിലെത്തി ടോക്കൺ വാങ്ങി പ്രത്യേക പന്തലിൽ വിശ്രമിക്കാം താലികെട്ട് ചടങ്ങിന്റെ ഊഴമാകുമ്പോൾ ടോക്കൺ നമ്പർ പ്രകാരം ഇവരെ ക്ഷേത്രം സെക്യൂരിറ്റി വിഭാഗം മേൽപുത്തൂർ ഓഡിറ്റോറിയത്തിലേക്കും അവിടെ നിന്നും കല്യാണ മണ്ഡപത്തിലേക്കും പ്രവേശിപ്പിക്കും. വരനും വധുവും കുടുംബാംഗങ്ങളും നാല് ഫോട്ടോഗ്രാഫർമാരും ഉൾപ്പെടെ 24 പേർക്കേ പ്രവേശനം ഉണ്ടാകൂ. ക്ഷേത്രത്തിൽ ക്രമാതീതമായ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ പുലർച്ചെ നിർമാല്യം മുതൽ ഭക്തരെ കൊടിമരത്തിന് സമീപം വഴി നേരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കും. സുഗമമായ ദർശനം ഉറപ്പാക്കുന്നതിനു ദേവസ്വം ഏർപ്പെടുത്തുന്ന ദർശന നിയന്ത്രണങ്ങളോട്
പൂർണമായി സഹകരിക്കണമെന്ന് ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയനും അഡ്‌മിനിസ്ട്രേറ്റർ കെ പി വിനയനും അഭ്യർഥിച്ചു.