Tuesday, March 11, 2025
HomeBREAKING NEWSബുദ്ധദേബ് ഭട്ടാചാര്യയുടെ നിര്യാണത്തിൽ അനുശോചിച്ച് നേതാക്കൾ
spot_img

ബുദ്ധദേബ് ഭട്ടാചാര്യയുടെ നിര്യാണത്തിൽ അനുശോചിച്ച് നേതാക്കൾ

മുതിർന്ന സിപിഐഎം നേതാവും ബംഗാൾ മുൻ മുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രമുഖർ. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബുദ്ധദേബിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. മരണത്തിൽ അനുശോചിക്കുന്നുവെന്നും ബുദ്ധദേബിനെ പതിറ്റാണ്ടുകളായി അറിയാമെന്നും മമത അറിയിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്ക്കാരമെന്നും മമത വ്യക്തമാക്കിയിട്ടുണ്ട്.

ബുദ്ധദേബ് ഭട്ടാചാര്യയോടുള്ള ആദരസൂചകമായി സിപിഐഎം ആസ്ഥാനമായ എകെജി ഭവനിൽ പാർട്ടി പതാക താഴ്ത്തിക്കെട്ടി. ബുദ്ധദേബ് ഭട്ടാചാര്യയുടെ മരണവാർത്ത ഞെട്ടിക്കുന്നതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. പാർട്ടിയോടും ബംഗാളിനോടുമുള്ള ബുദ്ധദേബിൻ്റെ ആത്മസമർപ്പണവും ദീർഘ വീക്ഷണവും വലിയ മാതൃകയാണെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി. ബുദ്ധദേബ് ഭട്ടാചാര്യയുടെ വിയോഗം ഒരു കാലഘട്ടത്തിൻ്റെ അവസാനമെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. ചെറുപ്പകാലം മുതൽ ഇടത് ആശയങ്ങളെ മുറുകെപിടിച്ചുവെന്നും മന്ത്രിയായും മുഖ്യമന്ത്രിയായും സ്ഥാനമില്ലാതെയും ജനങ്ങളോട് ഒപ്പം നിന്നുവെന്നും പ്രകാശ് കാരാട്ട് അനുസ്മരിച്ചു. പാർട്ടിക്കും ബംഗാളിനും രാജ്യത്തിനും ബുദ്ധദേബ് നൽകിയ സംഭാവനകളെ നന്ദിയോടെ ഓർക്കുന്നുവെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

ബുദ്ധദേബ് ഭട്ടാചാര്യയുടെ വിയോഗം പാർട്ടിക്കും ബംഗാളിനും കനത്ത നഷ്ടമെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. രാഷ്ട്രീയ പ്രവർത്തനത്തിനൊപ്പം സാഹിത്യകാരൻ കൂടിയായിരുന്നു ബുദ്ധദേവ്. ഭൗതികശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ വിട്ടുകൊടുക്കുമെന്നും എം എ ബേബി അറിയിച്ചു. നാളെ രാവിലെ മുതൽ ഉച്ചയ്ക്ക് 1.30 വരെ ബംഗാളിലെ പാർട്ടി ആസ്ഥാനത്ത് ബുദ്ധദേബിൻ്റെ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. മുഖ്യമന്ത്രിയായിരുന്നപ്പോൾ ബുദ്ധദേബ് ബംഗാളിനെ വ്യവസായവൽക്കരണത്തിലേക്ക് നയിക്കാൻ ശ്രമിച്ചു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് എതിർപ്പുകളുണ്ടായിയെന്നും എം എ ബേബി അനുസ്മരിച്ചു.

ബുദ്ധദേബ് ഭട്ടാചാര്യയുമായി നാല്പത് വർഷത്തിലേറെയായുള്ള ബന്ധമുണ്ടെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ അനുസ്മരിച്ചു. ഏറ്റവും സൗമ്യമായ പെരുമാറ്റത്തിന് ഉടമയെന്നും മാതൃകാപരമായ ജീവിതം നയിച്ച നേതാവായിരുന്നു ബുദ്ധദേബ് ഭട്ടാചാര്യയെന്നും ഇ പി ജയരാജൻ അനുസ്മരിച്ചു. ഉത്തമനായ കമ്മ്യൂണിസ്റ്റിനെയാണ് നഷ്ടമായതെന്നും ഇ പി ജയരാജൻ റിപ്പോർട്ടറിനോട്‌ പ്രതികരിച്ചു. ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന് മാതൃകാപരമായ നേതൃത്വം നൽകിയ നേതാവിനെയാണ് നഷ്ടമായതെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ അനുശോചിച്ചു. പൊതുജീവിതത്തിൽ ആർക്കും മാതൃകയാക്കാവുന്ന നേതാവെന്ന് അനുസ്മരിച്ച എ വിജയരാഘവൻ ജനകീയനായ നേതാവിനെയാണ് നഷ്ടമായതെന്നും അനുസ്മരിച്ചു. ബുദ്ധദേബ് സാംസ്‌കാരിക വ്യക്തിത്വം കൂടിയായിരുന്നുവെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ടി എം തോമസ് ഐസക് അനുസ്മരിച്ചു. അതിലളിതമായ ലാളിത്യമാണ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട വശമെന്നും തോമസ് ഐസക് റിപ്പോർട്ടറിനോട് പറഞ്ഞു.

ഇന്ന് രാവിലെ കൊൽക്കത്തയിലായിരുന്നു മുതിര്‍ന്ന സിപിഐഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചത്. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 2000 മുതൽ 2011 വരെ ബുദ്ധദേവ് ഭട്ടാചാര്യ ബംഗാൾ മുഖ്യമന്ത്രിയായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു അദ്ദേഹം. ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമണറി ഡിസീസും വാർധക്യസഹജമായ മറ്റ് രോഗങ്ങളുമാണ് അദ്ദേഹത്തെ പൊതുരംഗത്ത് നിന്നും മാറിനിൽക്കാൻ നിർബന്ധിതനാക്കിയത്.

കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ബുദ്ധദേബ് ഭട്ടാചാര്യയുടെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ ജനങ്ങളെ ബുദ്ധദേബ് സേവിച്ചുവെന്ന് അനുശോചന സന്ദേശത്തിൽ കോൺഗ്രസ് അധ്യക്ഷൻ അനുസ്മരിച്ചു. ചിന്തകളും പ്രാർത്ഥനകളും കുടുംബത്തിനും സഹപ്രവർത്തകർക്കൊപ്പമെന്നും ഖർഗെ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments