വർഷങ്ങൾക്ക് മുന്നേ ഇറങ്ങിയ ഒരു സിനിമയിലെ എല്ലാ ഡയലോഗുകളും മനഃപാഠമാക്കിയതുപോലെ മലയാളിയുടെ മനസ്സിൽ ഇന്നുമുള്ളത് ആ സിനിമയുടെ റിപ്പീറ്റ് വാച്ചബിൾ ക്വാളിറ്റി കൊണ്ടാണ്. മാമുക്കോയ അവതരിപ്പിച്ച ഹംസക്കോയയെ ഓർക്കാതിരിക്കാനാകുമോ?
:വിപിൻ മോഹൻ
മലയാളിയുടെ നിത്യജീവിതത്തിൽ സിദ്ദിഖ്-ലാൽ ആരായിരുന്നു? പ്രായഭേദമന്യേ എല്ലാ ജനങ്ങളുടെയും ജീവിതത്തിൽ, ഈ കൂട്ടുകെട്ടിലെ സിനിമകളിലെ തമാശകൾ ആസ്വദിക്കാത്തവർ വിരളമായിരിക്കും.
“കൊച്ചിൻ കലാഭവൻ” മിമിക്രി ട്രൂപ്പിൽ നിന്നും വെള്ളിത്തിരയിലേക്കെത്തിയ സിദ്ദിഖ്-ലാലിന് പറയത്തക്ക സപ്പോർട്ടൊന്നും തുടക്കക്കാലത്ത് ഉണ്ടായിരുന്നില്ല എന്നതിന്റെ തെളിവാണ് “നാടോടിക്കാറ്റ്” ഒരു ‘ശ്രീനിവാസൻ-സത്യൻ അന്തിക്കാട്’ സിനിമ എന്ന പേരിൽ ഇന്നും അറിയപ്പെട്ടുപോരുന്നത്. എന്നാൽ അത് യഥാർത്ഥത്തിൽ സിദ്ദിഖ്-ലാലിന്റെ മനസ്സിലുടലെടുത്ത കഥാതന്തുവായിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ പേരുകളിൽ നിന്ന് തീർത്തും ഒഴിവാക്കപ്പെടാൻ വരെയുള്ള സാഹചര്യത്തിൽ, അവരുടെ ഗുരുസ്ഥാനിയനായ, സംവിധായകൻ ഫാസിലിന്റെ ഇടപെടലിലാണത്രേ നാടോടിക്കാറ്റിന്റെ ടൈറ്റിൽ കാർഡിൽ സിദ്ദിഖ്-ലാൽ എന്ന പേര് തെളിയുന്നത്.
എന്നാൽ സിദ്ദിഖ്-ലാൽ, നാടോടിക്കാറ്റിന്റെ കഥാതന്തുവിനെ, അന്നത്തെ സാമൂഹികവസ്ഥയിലെ ചെറുപ്പക്കാരുടെ ജീവിതത്തിലെ പ്രധാന വില്ലനായ തൊഴിലില്ലായ്‌മയെ, ദാസൻ-വിജയൻ ദ്വയത്തിൽ നിന്നും ബാലകൃഷ്ണൻ-ഗോപാലകൃഷ്ണൻ ദ്വയത്തിലേക്ക് റാംജിറാവു സ്പീകിംങിലൂടെ പറിച്ചുനട്ടു. കന്നിസംവിധാനസംരഭമായിരുന്നിട്ടു കൂടി ബാലകൃഷ്ണൻ എന്ന സുപ്രധാന കഥാപാത്രത്തെ ഒരു ഡബ്യു ആക്ടറുടെ(സായികുമാർ) കൈയ്യിൽ വെച്ചു കൊടുത്തു.
“മത്തായി ചേട്ടൻ ഉണ്ടോന്നറിയാൻ വന്നതാണ് “.
“ഇല്ല ഉണ്ടില്ല, ഉണ്ണാൻ പോണേയുള്ളൂ.. ഉണ്ണണ”.
“ഡാ വൃത്തികേട് കാണിക്കരുത് “.
“വൃത്തിക്കേട് നീ കാണാതിരിക്കാനല്ലേ ഞാൻ കതക് അടച്ചത് “.
“മുണ്ട്… മുണ്ട് “.
“നീ മുണ്ട്, എനിക്ക് പരിചയമൊന്നുമില്ല, ഞാൻ മുണ്ടില്ല “.
മലയാള സിനിമയിൽ ഒരു കൂട്ടുകെട്ട് പിറക്കുകയാണ്, സിദ്ദിഖ്-ലാൽ. നായകന്മാരായ ബാലകൃഷ്ണന്റെയോ ഗോപാലകൃഷ്ണന്റെയോ എന്തിന് മത്തായി ചേട്ടന്റെയോ പേരിലല്ല ഈ സിനിമയുടെ ടൈറ്റിൽ രൂപപ്പെട്ടത്. വില്ലനായ കിഡ്നാപ്പർ മിസ്റ്റർ റാംജി റാവുവിന്റെ പേരിലാണ്. “നൊമ്പരങ്ങളെ സുല്ല് സുല്ല് ” എന്നിടാൻ വെച്ചിരുന്ന ടൈറ്റിൽ “റാംജീറാവ് സ്പീക്കിങ്ങ് ” എന്നായതിന് പിന്നിലും ഫാസിലിന്റെ ഇടപെടലുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്.
വർഷങ്ങൾക്ക് മുന്നേ ഇറങ്ങിയ ഒരു സിനിമയിലെ എല്ലാ ഡയലോഗുകളും മനഃപാഠമാക്കിയതുപോലെ മലയാളിയുടെ മനസ്സിൽ ഇന്നുമുള്ളത് ആ സിനിമയുടെ റിപ്പീറ്റ് വാച്ചബിൾ ക്വാളിറ്റി കൊണ്ടാണ്. മാമുക്കോയ അവതരിപ്പിച്ച ഹംസക്കോയയെ ഓർക്കാതിരിക്കാനാകുമോ?
“ബാലർഷ്ണാ.. കള്ള നായിന്റെ മോനെ….
അള്ളള്ളാ ഇത്രേം ചെറിയ എനിക്ക് വരാൻ രണ്ട് വണ്ട്യാ…
അതല്ലേ ഞാനും ചോയ്ക്കുന്ന് ഇതെന്താ ഓട്ടർഷ ബസ്റ്റാൻഡാ”.
ഹംസക്കോയക്ക് മുപ്പത്തയ്യായിരം രൂപ കൊടുക്കാനില്ലെങ്കിൽ ബാലകൃഷ്ണൻ ഒരിക്കലും മറ്റൊരു നാട്ടിൽ ജോലി തേടി എത്തുകയോ, മാന്നാർ മത്തായിയുടെയും ഗോപാലകൃഷ്ണന്റെയും അടുത്ത് ചേരുകയോ, ഉറുമീസ് തമ്പാന്റെ മകളെ കടത്തിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കേണ്ടി വരുകയോ ഒന്നും ചെയ്യുമായിരുന്നില്ല.
“തോമസ്സുകുട്ടീ വിട്ടോടാ”
“എന്താ, പെൺകുട്ടികൾക്ക് ഇങ്ങനെ സിമ്പിൾ ഡ്രസ്സ് ധരിക്കുന്ന പുരുഷന്മാരെ ഇഷ്ടമല്ലേ, ഡോണ്ട് ദേ ലൈക്ക് ? “
“മുത്തശ്ശിക്ക് നമ്മട ചത്തുപോയ മുത്തശ്ശിയുടെ അതെ ഛായ ആണെന്ന് അങ്ങോട്ട് കാച്ചുന്നു “.
“അതിനവര് ചായയും കാച്ചിക്കൊണ്ട് വന്നാലല്ലേ പറ്റു”.
“ഇവന്റെ അച്ഛൻ കുവൈറ്റിലല്ലേ, എല്ലാവരും മടങ്ങി വന്നിട്ടും അങ്ങേര് വന്നില്ലാലോ!! ഇതാ വരാത്തത് “.
തോമസ് കുട്ടിയും, ഗോവിന്ദൻ കുട്ടിയും, മഹാദേവനും, അപ്പുക്കുട്ടനും അബദ്ധങ്ങളുടെ ചങ്ങലകളിലകപ്പെട്ട് മാരത്തോൺ ഓട്ടം ഓടിക്കൊണ്ടിരിക്കുന്ന ഒരു ഹരിഹർ നഗർ ഇന്നും കേരളത്തിൽ എവിടെയോ ഉണ്ട്.
“ദേ പോക്രിത്തരം കാണിക്കരുത്, ആണുങ്ങള് താമസിക്കുന്ന മുറിയാണിത് “.
“എന്നിട്ട് രാമഭദ്രൻ താമസിക്കുന്ന മുറിയാണെന്നാണല്ലോ താഴെ പറഞ്ഞത് “.
“തളിയാനെ പനിനീര്… പനിനീരും തളിച്ചു പിണ്ഡവും വെച്ചു “.
“എടൊ, ഈ പിണ്ഡമൊക്കെ വേഗം ഇവിടുന്ന് കോരി കളഞ്ഞോ, ഇല്ലെങ്കിൽ ചേട്ടൻ വന്ന് കണ്ടാ മതി. തിന്നുകളയും “.
“നിന്റെ ചേട്ടൻ ആനപ്പിണ്ഡമല്ലേ തിന്നണത്, ഒന്ന് പോടാ അവിടുന്ന് “.
“ഒരപകടവും വരുത്തീല്ലലോ എന്റീശ്വരാ”.
“ഇതീക്കൂടുതലിനിയെന്ത് അപകടം വരാനാ എന്റെ കൊച്ചമ്മിണി……. “
ഈ ഡയലോഗുകളൊക്കെ ആര്, ആരോട് എപ്പോൾ പറഞ്ഞു എന്നതൊന്നും വിശദീകരിക്കേണ്ട കാര്യമില്ല. മലയാളിക്ക് അത്രയധികം സുപരിചിതമായ “ഗോഡ്ഫാദർ’ എന്ന സിനിമയിലെ എവർഗ്രീൻ ഡയലോഗുകളാണ്.
ആനപ്പാറ അച്ഛമ്മയുടെയും അഞ്ഞൂറാന്റെയും കലഹത്തിന് ഈ വർഷം നവംബറിൽ 33 വയസ്സ് തികയും. സിദ്ദിഖ്-ലാലിന്റെ കൂട്ടുകെട്ടിൽ 1991 നവംബർ-15 ന് റിലീസായ ‘ഗോഡ്ഫാദർ’ മലയാളത്തിൽ ഏറ്റവും കൂടുതൽ ദിവസം തിയേറ്ററിൽ ഓടിയ സിനിമയെന്ന റെക്കോർഡ് അന്ന് സ്വന്തമാക്കിയിരുന്നു. തിരുവനന്തപുരം ശ്രീകുമാർ തിയേറ്ററിൽ 405 ദിവസമാണ് അന്ന് ഈ സിനിമ പ്രദർശിപ്പിക്കപ്പെട്ടത്. കൂടാതെ ഏറ്റവും കൂടുതൽ ദിവസം ഹൗസ്ഫുൾ ആയി ഓടിയ സിനിമയെന്ന റെക്കോർഡും ഗോഡ്ഫാദറിന് സ്വന്തമാണ്. ആ വർഷത്തെ ബെസ്റ്റ് പോപ്പുലർ സിനിമയ്ക്കുള്ള സ്റ്റേറ്റ് അവാർഡും ആ സിനിമക്ക് ലഭിച്ചു. ഏതുകാലത്തും റിപ്പീറ്റ് വാച്ചബിളായ എവെർഗ്രീൻ എന്റർടൈൻമെന്റ് ആയി ഗോഡ്ഫാദർ ഇനിയും അരങ്ങു വാണുകൊണ്ടേയിരിക്കും.
“ഇതല്ല ഇതിനപ്പുറം ചാടി കടവന്നനാണീ,
കെ കെ ജോസഫ് “.
“ഇല വന്ന് മുള്ളില് വീണാലും, മുള്ള് വന്ന് ഇലയില് വീണാലും, കേട് ഞമ്മളെ ഈ മരത്തിനാണ് “.
“ദേ കണ്ടോളു, ഇതാണ് ആ രേഖ, എന്റെ കൈയിലുള്ള രേഖ “.
“അവരരമണിക്കൂർ മുന്നേ പുറപ്പെട്ടു, ഞാൻ അത് പറഞ്ഞ് ഒരു മണിക്കൂർ മുന്നെയാക്കി, എന്താ പോരെ”.
കാലതീതമായി ഇന്നും നിത്യജീവിതത്തിൽ മലയാളി പ്രായാതീതമായി ഉപയോഗിച്ചുവരുന്ന സിനിമാ ഡയലോഗുകളിൽ ചിലതാണ് ഇവയെല്ലാം. കഥാഗതിയിൽ ഒരിക്കൽ മാത്രമായി വന്നുപോകുന്ന കഥാപാത്രങ്ങളുടെ പേരുകൾ പോലും ഇന്നും ഓർത്തെടുത്ത് പറയാനാവുക എന്നത് ഒരത്ഭുതമാണ്. അതായിരുന്നു സിദ്ദിഖ്-ലാൽ മാജിക്ക്. ചിരിയുടെ മാലപ്പടക്കങ്ങൾ മലയാളിക്കായി ഒരുക്കിത്തന്ന സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിലെ സിദ്ദിഖ് വിടപറഞ്ഞിട്ട് ഒരു വർഷം.
:വിപിൻ മോഹൻ