പാട്ടും മേളവും ആഹ്ലാദച്ചുവടുകളും.. സന്ധ്യമയങ്ങിയതോടെ നക്ഷത്രങ്ങളും മിന്നിത്തിളങ്ങുന്ന ടാബ്ലോകളും ഇടം പിടിച്ചു.. ഈ വർഷത്തെ സാന്താക്ലോസ് കാഴ്‌ചകൾക്ക് വിരാമമിട്ടതോടെ എല്ലാവരും പരസ്‌പരം ആശ്ലേഷിച്ച് മടങ്ങി.. ഇനി ആടുത്ത ബോൺ നത്താലേയ്‌ക്ക് കാണാം.. ചുവപ്പു വേഷമണിഞ്ഞ് പതിനയ്യായിരത്തിലധികം പാപ്പാമാരാണ് തൃശൂർ നഗരത്തിൽ അണിനിരന്നത്.

“രാജരാജൻ ഭൂജാതനായി, ലോക രക്ഷകൻ ആഗതനായി.. ബോൺ നത്താലെ മാധുരിയോടെ തൃശ്ശിവപേരൂർ ഉണരുകയായി… ‘ ബോൺ നത്താലെ പാട്ടിനൊപ്പം കുഞ്ഞു പാപ്പാമാരും ചുവടുവച്ചു. ഒപ്പം കുഞ്ഞു മാലാഖമാർ മുതൽ മുതിർന്നവർ വരെയെത്തി. പാപ്പാമാരുടെ ആവേശവും നിശ്ചലദൃശ്യങ്ങളുമായി ബോൺ നത്താലെ ജനങ്ങളുടെ മനം കവർന്നു. തൃശൂർ അതിരൂപതയും പൗരാവലിയും ചേർന്നാണ് ബോണ്‍ നത്താലെ ഒരുക്കിയത്.

കൂറ്റൻ ക്രിസ്‌മസ് ക്രിബ്, നോഹയുടെ പേടകം, ക്രിസ്‌മസ് നക്ഷത്രം, തൃശൂർ പൂരം, സ്‌നോമാൻ, ബോൾ ആൻഡ് ഗിഫ്‌റ്റ് ബോക്‌സ്, ചലിക്കുന്ന ക്രിബ്, ക്രിസ്‌മസ് വില്ലേജ്, സ്‌നോ ഡിയർ എന്നിങ്ങനെ നിശ്‌ചലദൃശ്യങ്ങളുണ്ടായി. വയനാട് ദുരന്തം ഉൾപ്പെടെയുള്ള നിശ്ചല ദൃശ്യങ്ങൾ ബോൺ നത്താലെയുടെ മാറ്റ് കൂട്ടി. അതിരൂപതയിലെ 107 ഇടവകകളിൽനിന്നുള്ള പാപ്പാമാരാണ് അണിനിരന്നത്. 16 അടി ഉയരത്തിലുള്ള ക്രിസ്‌മസ് തൊപ്പിയും 60 അടി നീളത്തിൽ ചലിക്കുന്ന എൽഇഡി ഏദൻതോട്ടവുമായിരുന്നു ഈ വർഷത്തെ പ്രത്യേകത. റാലിയിൽ 21 നിശ്ചലദൃശ്യങ്ങൾ അണിനിരന്നു.
വൈകിട്ട് അഞ്ചോടെ സെന്റ് തോമസ് കോളേജിൽനിന്ന് ആരംഭിച്ച ഘോഷയാത്ര മന്ത്രി കെ രാജൻ ഫ്ലാഗ് ഓഫ് ചെയ്‌തു. മന്ത്രി ആർ ബിന്ദു, പി ബാലചന്ദ്രൻ എംഎൽഎ, മേയർ എം കെ വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, കലക്ടർ അർജുൻ പാണ്ഡ്യൻ, സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോ, അതിരൂപത മെത്രാപോലീത്ത ആൻഡ്രൂസ് താഴത്ത്, സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ, പൗരസ്‌ത്യ കൽദായ സുറിയാനി സഭ മെത്രാപോലീത്ത മാർ ഔഗിൻ കുര്യാക്കോസ്, യാക്കോബായ സുറിയാനി സഭ തൃശൂർ ഭദ്രാസനം ഡോ. കുര്യാക്കോസ് മോർ ക്ലീമസ് മെത്രോപോലീത്ത എന്നിവർ ബോൺനത്താലെയിൽ അണിചേർന്നു. ഇതോടെ ക്രിസ്‌മസ് ആഘോഷങ്ങൾക്ക് സമാപനമായി
