രാമായണ മാസാചരണത്തിന്റെ ഭാഗമായി കുളശ്ശേരി ശ്രീലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രത്തിൽ കർക്കിടക മാസത്തിന്റെ ഭാഗമായി ആനയൂട്ട് നടന്നു. അഷ്ടദ്രവ്യ ഗണപതിഹോമവും ഗജപൂജയും ആനയൂട്ടിനോടനുബന്ധിച്ച് ഉണ്ടായിരുന്നു. ഇന്ന് രാവിലെ 8.30 ന് തുടങ്ങിയ ചടങ്ങുകൾ ഗണപതി ഹോമത്തോടെയാണ് ആരംഭിച്ചത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ആനപ്രേമികളും ഭക്തജനങ്ങളും ആനയൂട്ടിൽ പങ്കെടുത്തു.
1 പിടിയാനടക്കം 4 ആനകളുടെ സാന്നിധ്യം ആനയൂട്ടിൽ ഉണ്ടായിരുന്നു. പാറമേക്കാവ്-ദേവീദാസൻ, തിരുവമ്പാടി-ലക്ഷ്മി, ശങ്കരംകുളങ്ങര-ഉദയൻ, മാവേലിക്കര-ഗണപതി എന്നീ ആനകളാണ് പങ്കെടുത്തത്.
പൈനാപ്പിൾ, കക്കിരി, തണ്ണിമത്തൻ, പഴം തുടങ്ങിയ പഴ വർഗ്ഗങ്ങളും ദഹനത്തിന് പ്രത്യേക ഔഷധക്കൂട്ടും ഉൾപ്പെടുത്തിയായിരുന്നു ക്ഷേത്ര ഭാരവാഹികൾ ആനയൂട്ട് സംഘടിപ്പിച്ചത്.
നേദ്യചോറ്, അപ്പം, അട, കരിമ്പ്, അവിൽ, മലർ, കൽക്കണ്ടം തുടങ്ങിയവ ഉപയോഗിച്ച് ആനകൾക്കായി അഷ്ടദ്രവ്യം തയ്യാറാക്കിയത്.
ദേവസ്വം കൊച്ചിൻബോർഡ് മെമ്പർ പ്രേംരാജ് ചൂണ്ടലാത്ത്, ക്ഷേത്രം ഉപദേശക സമിതി അംഗങ്ങൾ,വെങ്കിടാദ്രി എന്നിവർ പങ്കെടുത്തു.