ആരോഗ്യ കർക്കിടകത്തിൽ ഇന്ന് തകര
തകര
താളും തകരയും കർക്കിടകത്തിൽ കേൾക്കാത്തവർ ഉണ്ടാകില്ല. പത്തിലക്കറികളിൽ ഒഴിച്ച് കൂടാൻ പറ്റാത്തതാണ് തകര.പൊന്നിൻ തകര എന്നും ചക്ര തകര എന്നും കൂടി വിളിപ്പേരുണ്ട്. ഏറെ വിശേഷപെട്ട ഒരു ഔഷധസസ്യവും കൂടിയാണ് തകര.
ഏറെ രുചികരമായ തകര തോരൻ വച്ചും കറികൾ ആയും ഒക്കെ കഴിക്കാം.
ഇത്രയും രുചികരമായ നാടൻ വിഭവങ്ങൾ ഒട്ടും ചിലവില്ലാതെ പോഷകമൂല്യം ഉള്ളത് നമ്മുടെ തൊടികളിൽ ഇന്നും ലഭ്യമാണ്. പക്ഷെ ഇലകൾ ഇന്നത്തെ തലമുറ തിരിച്ചറിയാതെ പോകുന്നു എന്നു മാത്രം.കർക്കിടകത്തിൽ പത്തിലപ്രാധാന്യം പഴമക്കാർ എടുത്തു പറയുന്നത്. ആരോഗ്യകരമായ രുചിക്കൂട്ടുകളെ നിലനിർത്താൻ കൂടിയായിരുന്നു.
പണ്ട് കാലങ്ങളിൽ കൃഷിയില്ലാത്ത പഞ്ഞ കർക്കിടകത്തിൽ വിറ്റാമിനുകളാൽ സമ്പുഷ്ടമായ ഇലക്കറികൾ ആയിരുന്നു താരങ്ങൾ.
മഴക്കാലത്താണ് ആണ് തകര നന്നായി വളർന്നു കാണപ്പെടുന്നത്.ഇന്ത്യയിൽ മാത്രമല്ല ലോകത്തിലെ എല്ലാ നിത്യ ഹരിതമേഖലകളിലും തകര നന്നായി വളർന്നു കാണുന്നുണ്ട്.
വേനലിൽ ഉണങ്ങി പോകുന്ന ചെടികൾ വർഷകാലത്തോടെ മുളച്ചു വരുന്നു. ഇളം മഞ്ഞയും പച്ചയും കൂടിയ ഇലകളും മഞ്ഞ പൂക്കളും ആയി വളരുന്ന തകരയുടെ തളിരിലകൾ ആണ് പാചകം ചെയ്യാൻ ഉപയോഗിക്കുന്നത്.തകര വളരുന്ന നാടുകളിൽ എല്ലാം ഔഷധമായി ഈ സസ്യം ഉപയോഗിച്ച് വരുന്നുണ്ട്. ആയുർവേദത്തിൽ തകരയുടെ വേര്, ഇല വിത്ത് എന്നിവ മരുന്നുകൾക്കായി ഉപയോഗിക്കുന്നു.
കാഴ്ചയ്ക്ക് ഏറെ നല്ലതാണ് തകര. വിറ്റാമിൻ എ, അയേൺ,കാൽസ്യം തുടങ്ങിയവ ധാരാളം ആയി അടങ്ങിയിട്ടുള്ള ഈ ഔഷധസസ്യം നല്ലൊരു വിഷഹാരി കൂടിയാണ്. വാതം, വിട്ടു മാറാത്ത ചൊറിച്ചിൽ മലബന്ധം,മറ്റു ത്വക്ക് രോഗങ്ങൾ, മുറിവ് തുടങ്ങിയവയെക്കെല്ലാം തന്നെ തകര ഔഷധമായി ഉപയോഗിക്കുന്നു.
തിരിച്ചറിയുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതാണ് ഇത്തരം സസ്യങ്ങളെ.
ഗുണമേറേ രുചിയേറെ.. തകര!
–ഹണി സുധീർ