ഇന്നലെ ഇറങ്ങിയ ഒരു പുതിയ സിനിമയെ ഞാൻ റിവ്യൂ ചെയ്യുന്നത് ഇങ്ങനെയാണ്.
സിനിമ : ‘മാർക്കോ’
“നിങ്ങൾ ഈ സിനിമ കാണണമെന്ന് നിർബന്ധമൊന്നുമില്ല . കഴിയുമെങ്കിൽ നിങ്ങളിത് കാണാതിരിയ്ക്കുക.
അഥവാ , ട്രെയ്ലർ കണ്ടതിൻ്റെ ആവേശത്തിൽ ചിത്രം കാണണമെന്ന് തോന്നുന്നെങ്കിൽത്തന്നെ ഒന്നുകൂടെ ആലോചിച്ച് മാത്രം തീരുമാനമെടുക്കുക.
ചിലപ്പോൾ , ടിക്കറ്റെടുത്ത് അകത്തു കയറിയാൽത്തന്നെ നിങ്ങൾക്ക് ഈ ചിത്രം കണ്ട് പൂർത്തിയാക്കാൻ പറ്റാതെ വരും.
അത്രമേൽ നിർബന്ധമെങ്കിൽ… കുടുംബത്തിലെ ദുർബലഹൃദയരായ സ്ത്രീജനങ്ങളെയും കുട്ടികളെയും കൂടെക്കൂട്ടാതിരിയ്ക്കുക.
കാരണം , മലയാളസിനിമയുടെ ചരിത്രം പരിശോധിച്ചാൽ ഇത്രത്തോളം വയലൻസ് ഉള്ള ഒരു ചിത്രം ഒരാളും കണ്ടിട്ടുണ്ടാവില്ല”
ചിത്രം കണ്ടവർക്ക് വ്യക്തത വന്നിട്ടുണ്ടാകും.
അങ്ങനെയല്ലാത്തവരോട് ഇത് മുഖവിലയ്ക്കെടുക്കാൻ പറയണം.
അത്രമേൽ വയലൻസ് ആദ്യാവസാനം ഉള്ള സിനിമയാണ് മാർക്കോ.
ചോരകൊണ്ട് എഴുതിയുണ്ടാക്കിയ സിനിമ.
നേരത്തേ , ട്രെയ്ലറിൽ എന്താണോ തന്നത്…അതിൻ്റെ നൂറിരട്ടിയാണ് ചിത്രത്തിലുള്ളത്.
ഞാൻ എഴുതാനാനാഗ്രഹിയ്ക്കുന്നത് പോട്ടെ ; കാണാൻ പോലും ആഗ്രഹിയ്ക്കുന്നതല്ല ഇത്തരം സിനിമകൾ.
പക്ഷെ , ഇത്തരം സിനിമകളും ഇവിടെ ആവശ്യമാണ്.
മലയാളം ഫിലിം ഇൻഡസ്ട്രിയ്ക്ക് ‘വിസാരണൈ’യുടെയും ‘KGF’ ൻ്റെയും ‘കിൽ’ ൻ്റെയും ബഞ്ചിൽ കയറിയിരിയ്ക്കണമെങ്കിൽ…ആ ക്ലാസ്സിലെങ്കിലും കയറിയിരിയ്ക്കണമെങ്കിൽ ഒരു ‘മാർക്കോ’ പിറവിയെടുത്തേ പറ്റൂ.
അതാണിവിടെ ഹനീഫ് അദേനി ഭയാനകമായി ചെയ്തിരിയ്ക്കുന്നത്.
അയാളുടെ സംവിധാനമികവാണ് പടത്തിൻ്റെ നെടുന്തൂൺ.
അമൽ നീരദ് ഫ്രെയ്മുകളുടെ മുഖമുദ്രയായ സ്റ്റൈലിഷ് ഭാവം മലയാളസിനിമ ചന്ദ്രു സെൽവരാജിലൂടെ ഇവിടെ തുടരുകയാണ്.
ഉണ്ണി മുകുന്ദനാണ് ചിത്രത്തെ ചുമലിലേറ്റുന്നത്.
അയാളല്ലാതെ മറ്റൊരു നടനെ വച്ച് ഒന്നു ചിന്തിയ്ക്കാൻ പോലും മലയാള സിനിമയ്ക്ക് നിലവിൽ സാദ്ധ്യമല്ല.
സ്റ്റൈൽ കൊണ്ടും ഭാവം കൊണ്ടും സ്ക്രീൻ പ്രസൻസ് കൊണ്ടും ശാരീരികാദ്ധ്വാനം കൊണ്ടും അയാൾ നിറഞ്ഞാടുകയാണ്.
സിദ്ദിഖ് , അഭിമന്യു ഷമ്മി തിലകൻ എന്നിവർ മനോഹരമായി പകർന്നാടിയിട്ടുണ്ട്.
ഭയപ്പെടുത്തുന്ന…ചോര തുളുമ്പുന്ന താളങ്ങളിലൂടെ രവി ബസ്രൂർ പശ്ചാത്തല സംഗീതം ചിതറിയ്ക്കുകയാണ് ചിത്രത്തിൽ.
ഗംഭീരമായ ക്യാമറാക്കാഴ്ച്ചകളും കൊറിയോഗ്രാഫിയുമാണ് ചിത്രത്തിലുള്ളത്.
കൈയ്യൊപ്പ് ചാർത്തിയ എഡിറ്റിങ്ങിലൂടെ ഷമീർ മുഹമ്മദ് ആദ്യാവസാനം ചിത്രത്തെ പിൻതുടരുന്നു.
പോരായ്മകളും തോന്നാതിരുന്നില്ല.
ഫസ്റ്റ് ഡ്രാഫ്റ്റ് തിരക്കഥ വെച്ച് ചെയ്ത സിനിമയാണോ എന്ന് പലപ്പോഴും സംശയം തോന്നി.
നിശ്ശബ്ദതയിലും സംഗീതമുണ്ടെന്ന് നാം ചിന്തിയ്ക്കുമ്പോൾ ഇവിടെ പലയിടത്തും സംഭാഷണം വ്യക്തമായി കേൾക്കാൻ പോലും കഴിയാത്ത രീതിയിൽ BGM മിക്സ് ചെയ്തതായി തോന്നി.
ഫൈറ്റുകൾ ഗംഭീരമാണെങ്കിലും ചിലപ്പോഴൊക്കെ അടി കൊള്ളാൻ ഗുണ്ടകൾ ക്യൂ നിൽക്കുന്നതുപോലെ തോന്നി.
നായകൻ അത്രത്തോളം വേട്ടയാടപ്പെട്ടതിനാൽ ക്ലൈമാക്സ് രംഗങ്ങളിൽ , മിനിമം ‘പണി’യിൽ ജോജുച്ചേട്ടൻ ചെയ്തതുപോലെയെങ്കിലും എന്തെങ്കിലും പ്രതീക്ഷിച്ചു.
പലരും ചിത്രത്തിലെ വയലൻസ് ചൂണ്ടിക്കാട്ടി വിമർശിയ്ക്കുന്നുണ്ട്.
അത്രയും ടോക്സിക് ആയ ഒരാളാണ് നായകൻ എന്ന് വിവിധ കഥാപാത്രങ്ങൾ പലപ്പോഴായി പറയുന്നുണ്ട്.
അയാൾ ഒരു ഭ്രാന്തനാണെന്നു പോലും സിനിമ ഒരിടത്ത് പറയുന്നുണ്ട്.
ഇത് പതിനെട്ടു വയസ്സിന് മുകളിലുള്ളവർക്കാണെന്ന് സെൻസർ ബോർഡ് പറയുന്നു.
ഫസ്റ്റ് – സെക്കൻ്റ് – തേർഡ് ലുക്ക് പോസ്റ്ററുകളിലൂടെയും ട്രെയ്ലറിലൂടെയും എന്താണ് ഈ പൊതിയിൽ ഉള്ളതെന്ന് അണിയറക്കാരും പറയുന്നുണ്ട്.
പിന്നെയും എന്തിനാണീ നിലവിളിയെന്ന് മനസ്സിലാവുന്നില്ല.
ഒന്ന് ഉറപ്പിച്ചു പറയാം.
മലയാളവും തമിഴും കന്നഡയും തെലുങ്കും കീഴടക്കി ഈ ചിത്രം ബോളിവുഡ്സിലും കുലുക്കം സൃഷ്ടിയ്ക്കും.
ഗംഭീരമായ ഒരു തീയ്യേറ്റർ എക്സ്പീരിയൻസിന് ഏവരും നല്ല സ്ക്രീനും സൗണ്ട് എഫക്റ്റും ഉള്ള തീയ്യേറ്റർ തന്നെ തെരഞ്ഞെടുക്കുക.
-Pramod Ak